മണിയാർ ജലവൈദ്യുതി പദ്ധതി: കരാർ കഴിയുന്നു; ഉടമസ്ഥതയിൽ അവ്യക്തത
text_fieldsപത്തനംതിട്ട: 30 വർഷത്തെ കരാർകാലാവധി കഴിയുന്ന മണിയാർ ജലവൈദ്യുതി പദ്ധതിയുടെ ഉടമസ്ഥത സ്വകാര്യ കമ്പനിക്ക് നീട്ടി നൽകാൻ നീക്കം നടക്കുന്നു. തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചാൽ പാട്ടക്കാലാവധി കഴിയുന്ന മറ്റ് ജലവൈദ്യുതി പദ്ധതികളിലും സ്വകാര്യ കമ്പനികൾ അവകാശവാദം ഉന്നയിച്ചേക്കുമെന്നും ആശങ്ക ഉയരുന്നു. സ്വകാര്യ കമ്പനിയിൽനിന്ന് മണിയാർ ജലവൈദ്യുതി പദ്ധതി സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) നേരിട്ട് ഏറ്റെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
മുരുഗപ്പ ഗ്രൂപ്പിന്റെ കാർബോറാണ്ടം യൂനിവേഴ്സൽ കമ്പനി കരാർ പ്രകാരം 2025 ജൂണിൽ വൈദ്യുതി നിലയം കെ.എസ്.ഇ.ബിക്ക് കൈമാറണം. കരാർ ദീർഘിപ്പിച്ച് കിട്ടാനുള്ള അപേക്ഷയുമായി കാർബോറാണ്ടം കമ്പനി സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ഈ അപേക്ഷയിൽ വ്യവസായ ഊർജ വകുപ്പുകളും കെ.എസ്.ഇ.ബിയും അനുകൂല നടപടികൾക്കായുള്ള നീക്കങ്ങൾ നടക്കുന്നതായാണ് ആരോപണം.
മറ്റു പദ്ധതികളെയും ബാധിക്കും
ബി.ഒ.ടി വ്യവസ്ഥയിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഇതര ജലവൈദ്യുതി പദ്ധതികളെയും ബാധിക്കുന്നതാകും മണിയാർ പദ്ധതിയെ സംബന്ധിച്ച് എടുക്കുന്ന തീരുമാനം. സ്വകാര്യ കമ്പനി 21 മെഗാവാട്ടിന്റെ നിലയമാണ് ഏറ്റവും വലുത്. അടുത്ത വർഷത്തോടെ ഇതിന്റെ കരാർ കാലാവധി തീരുകയാണ്. ഇ.ഡി.സി.എൽ പവർ പ്രോജക്ട് ലിമിറ്റഡ് സീതത്തോട് അള്ളുങ്കലിൽ ഏഴ് മെഗാവാട്ടിന്റെയും കാരിക്കയത്ത് അഞ്ച് മെഗാവാട്ടിന്റെയും പദ്ധതികൾ സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഇരുട്ടുകാനത്ത് വിയാറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് മെഗാവാട്ട് പദ്ധതിയും നിലവിലുണ്ട്.
മണിയാർ പദ്ധതി കാർബോറാണ്ടം കമ്പനിക്കു വിട്ടുകൊടുക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിക്കുന്നതെങ്കിൽ വരുംവർഷങ്ങളിൽ മറ്റു പദ്ധതികളും സ്വകാര്യ മേഖലയ്ക്കു തന്നെ നൽകേണ്ടിവരും.
സ്വകാര്യ മേഖലയിലെ ആദ്യ വൈദ്യുതി സംരംഭം
1990ലാണ് സ്വകാര്യ സംരംഭകർക്ക് ജലവൈദ്യതി പദ്ധതികൾ തുടങ്ങാൻ അനുവാദം നൽകി സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് സംസ്ഥാനത്ത് ആദ്യമായി മണിയാറിലാണ് ഈ മേഖലയിലെ സ്വകാര്യ സംരംഭം യാഥാർഥ്യമാകുന്നത്. കാർബോറാണ്ടം യൂനിവേഴ്സൽ കമ്പനിക്ക് മണിയാറിൽ അണക്കെട്ട് നിർമിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ അനുവാദം നൽകി. നാല് മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ടർബൈനാണ് സ്ഥാപിച്ചിരിക്കുന്നത്. ജല വിഭവ വകുപ്പിന് കീഴിലുള്ള പമ്പ ഇറിഗേഷൻ പദ്ധതിയുടെ മണിയാർ അണക്കെട്ടിൽനിന്നുള്ള വെള്ളവും വൈദ്യുതി ബോർഡിന്റെ മൂഴിയാർ, കക്കാട് പദ്ധതികളിൽനിന്ന് ഉൽപാദനത്തിന് ശേഷം ടെയിൽ റേസിലൂടെ എത്തുന്ന വെള്ളവും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 30 വർഷത്തേക്ക് കമ്പനിക്ക് ഇവിടെ വൈദ്യുതി ഉൽപാദിപ്പിക്കാമെന്നും പിന്നീട് അണക്കെട്ടും വൈദ്യുതി പദ്ധതിയും കെ.എസ്.ഇ. ബിക്ക് കൈമാറണമെന്നുമായിരുന്നു കരാർ. ഇതിൻ പ്രകാരം നാല് മെഗാവാട്ട് ശേഷിയുള്ള മൂന്ന് യൂനിറ്റ് സ്ഥാപിച്ച് കമ്പനി 1994 ൽ തന്നെ വൈദ്യുതി ഉൽപാദനം തുടങ്ങിയെങ്കിലും 1995 ജൂണിലാണ് ഔദ്യോഗികമായി കമീഷൻ ചെയ്തത്. കരാർ പ്രകാരം ഒക്ടോബർ 10ന് പദ്ധതി, വൈദ്യുതി ബോർഡിന് കൈമാറണം. എന്നാൽ, കമീഷൻ ചെയ്തത് പ്രകാരം ഒരു വർഷം കൂടി അനുവദിച്ച് നൽകും.
സമര രംഗത്തേക്ക് മുൻ ജീവനക്കാർ
കാലാവധി കഴിയുന്ന മണിയാർ ജലവൈദ്യുതി പദ്ധതി കെ.എസ്.ഇ.ബി നേരിട്ട് ഏറ്റെടുക്കണമെന്ന് പെൻഷനേഴ്സ് കൂട്ടായ്മ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മണിയാർ ജലവൈദ്യുതി പദ്ധതിയുടെ ഉടമസ്ഥാവകാശം കരാർ പ്രകാരം കെ.എസ്.ഇ.ബി ഏറ്റെടുക്കാതെ സ്വകാര്യ കമ്പനിക്ക് നീട്ടി നൽകാനുള്ള നീക്കത്തിനെതിരെ കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വൈദ്യുതി ഭവൻ മാർച്ച് നടത്തി.
കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള അനാസ്ഥ അവസാനിപ്പിക്കുക, ആധുനികവത്കരണത്തിലൂടെ പ്രവർത്തനച്ചെലവ് കറയ്ക്കുക, ത്രികക്ഷി കരാർ പാലിച്ച് ആനുകൂല്യങ്ങളും പ്രതിമാസ പെൻഷനും നൽകാനുള്ള മാസ്റ്റർ ട്രസ്റ്റ് പുനരുജ്ജീവിപ്പിക്കുക, പെൻഷൻകാർക്ക് ആരോഗ്യ ഇൻഷുറൻസും വെൽഫയർ ഫണ്ടും ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ട് വെക്കുന്നു.
പത്തനംതിട്ട റിങ് റോഡിൽ കല്ലറക്കടവ് ജങ്ഷനിൽനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം വൈദ്യുതി ഭവന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ജാഥയേ തുടർന്നുള്ള ജാഗ്രതാസദസ്സ് ടെക്നിക്കൽ സെൽ കൺവീനർ മുഹമ്മദാലി റാവുത്തർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയിംസ് എം. ഡേവിസ് അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രസ്റ്റ് കൺവീനർ വി.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എ.വി. വിമൽചന്ദ് പ്രമേയം അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ജി. ഷേർളി, കെ. മോഹൻകുമാർ, ആർ. ശ്രീദേവി, പ്രദീപ് കുമാർ, ആർ. അനിൽ കുമാർ, ജില്ല വർക്കിങ് പ്രസിഡന്റ് പൊടിമോൻ തുടങ്ങിയവർ സംസാരിച്ചു.
വൈദ്യുതി വിറ്റ് പകരം വാങ്ങി
മണിയാറിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്ല വിലയ്ക്ക് വിറ്റ് പകരം കൊച്ചിയിലുള്ള കാർബോറാണ്ടം കമ്പനിയുടെ ഫാക്ടറികളിലേക്ക് വൈദ്യുതി വാങ്ങുകയാണ് ചെയ്തിരുന്നത്. 22 കോടി പദ്ധതി ചെലവ് വന്ന മണിയാർ ജലവൈദ്യുതി പദ്ധതിയിൽനിന്ന് ഇപ്പോൾ പ്രതിവർഷം 20 കോടിയിലധികം രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. വർഷം മുഴുവൻ ജല ലഭ്യതയാണ് മണിയാർ പദ്ധതിയുടെ പ്രത്യേകത. പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദന ശേഷി.
കെ.എസ്.ഇ.ബിയിൽ അനാസ്ഥ
മണിയാർ ജലവൈദ്യുതി പദ്ധതി കാർബറോണ്ടം കമ്പനിക്ക് തുടർന്നും വൈദ്യുതി ബോർഡിന് കനത്ത സാമ്പത്തിക-ഊർജ നഷ്ടങ്ങൾക്ക് ഇടയാക്കും. പലപ്പോഴും പീക്ക്ലോഡ് വൈദ്യുതി ആവശ്യം നിർവഹിക്കാൻ കെ.എസ്.ഇ.ബി ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അർഹതപ്പെട്ട പദ്ധതി തിരിച്ചെടുക്കാൻ വിമുഖത കാണിക്കുന്നത്. നൽകിയാൽ കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതിയുടെ ദീർഘകാല കരാറുകൾ ഭവിഷ്യത്തുകൾ കണക്കിലെടുക്കാതെ റദ്ദുചെയ്തതും ഊർജോൽപാദന രംഗത്തെ അലംഭാവവുമാണ് കെ.എസ്.ഇ.ബി അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും വൈദ്യുതി നിരക്ക് വർധനക്കും കാരണം.
പ്രതിവർഷം 20 കോടിയുടെ ജലവൈദ്യുതി ഉൽപാദിപ്പിക്കുന്ന നിലയം കരാർ കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം കൊയ്യാൻ സൗകര്യമൊരുക്കുന്നത് കെ.എസ്.ഇ.ബി ലിമിറ്റഡിനോടും ഉപയോക്താക്കളോടും കാട്ടുന്ന കടുത്ത അനീതിയും സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധവുമാണെന്ന് കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ പ്രവർത്തകർ പറയുന്നു. മൂഴിയാറിൽ നിസ്സാര തകരാറിൻ്റെ പേരിൽ ഒരു ജനറേറ്റർ നാലുവർഷക്കാലം പ്രവത്തിപ്പിക്കാതിരുന്നതും അനാസ്ഥക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.