മാരാമൺ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ
text_fieldsപത്തനംതിട്ട: 126ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ 21 വരെ പമ്പാനദിയുടെ വിശാലമായ മണൽപ്പുറത്ത് തയാറാക്കിയ പന്തലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 14ന് െവെകീട്ട് മൂന്നിന് ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.
സുവിശേഷ പ്രസംഗസംഘം പ്രസിഡൻറ് ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ അധ്യക്ഷത വഹിക്കും. മാർത്തോമ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ് ഡോ. രൂബേൻ മാർക്ക് (ആന്ധ്രപ്രദേശ്), റവ. ഡോ. റോജർ ഗെയ്ക്ക്വാദ് (ഗുവാഹതി), ആർച് ബിഷപ് ആൻഡ്രൂസ് താഴത്ത് (തൃശൂർ), ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ (കണ്ണൂർ), ബിഷപ് സാബു കെ. ചെറിയാൻ (കോട്ടയം) എന്നിവർ ഈ വർഷെത്ത മുഖ്യ പ്രസംഗകരാണ്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. വിശ്വാസസമൂഹം കൺവെൻഷൻ നഗറിലേക്ക് വരാൻ ശ്രമിക്കാതെ ഭവനങ്ങളിലിരുന്ന് ടി.വി, സോഷ്യൽ മീഡിയ എന്നിവയിലൂടെയുള്ള ലൈവ് ടെലികാസ്റ്റിങ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ പറഞ്ഞു.
200 പേർക്കാണ് കൺവെൻഷൻ പന്തലിൽ പ്രവേശിക്കാനാകുക. മാസ്ക് ധരിക്കാത്ത ആരെയും പ്രവേശിപ്പിക്കില്ല. കോവിഡ് പ്രോട്ടോകോൾ പ്രകാരം കൺവെൻഷൻ ക്രമീകരിക്കുന്നതിനായി പ്രത്യേക കമ്മറ്റി രൂപംകൊടുത്ത് പ്രവർത്തിച്ചുവരുന്നു. തിങ്കൾ മുതൽ ശനിവരെ രാവിലെ 10നും, വൈകീട്ട് അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങൾക്ക് പുറമെ രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീകൾക്കും പുരുഷന്മാർക്കും ബൈബിൾ ക്ലാസുകളും നടക്കും. 17ന് രാവിലെ 10ന് എക്യൂമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളുടെ മേലധ്യക്ഷന്മാർ പങ്കെടുക്കും. ആർച് ബിഷപ് ആൻഡ്രൂസ് താഴത്ത് പ്രസംഗിക്കും.
വ്യാഴം മുതൽ ശനി വരെ യുവജനങ്ങൾക്കുള്ള യുവവേദി യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മണൽപ്പുറത്തേക്കുള്ള പാലത്തിെൻറ നിർമാണം പൂർത്തിയായി വരുന്നു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി റവ. ജോർജ് എബ്രഹാം കൊറ്റനാട്, ലേഖക സെക്രട്ടറി സി.വി. വർഗീസ്, അനീഷ് കുന്നപ്പുഴ, റോണി എം. സ്കറിയ, അനിൽ മാരാമൺ, സജി വിളവിനാൽ, ജോസ് പി. വയയ്ക്കൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.