അന്ത്യഅത്താഴ സ്മരണയിൽ പെസഹ ആചരണം
text_fieldsപത്തനംതിട്ട: യേശു ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവ സമൂഹം പെസഹ ആചരിച്ചു. ക്രിസ്തു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി എളിമ പ്രകടമാക്കിയതിന്റെ സ്മരണയിൽ വ്യാഴാഴ്ച ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷകളും നടന്നു. മലങ്കര ക്രമത്തിൽ ആരാധന നടന്ന ദേവാലയങ്ങളിൽ ബിഷപ്പുമാർ മുഖ്യകാർമികരായ ദേവാലയങ്ങളിലാണ് പെസഹായോടനുബന്ധിച്ച കാൽകഴുകൽ ശുശ്രൂഷ നടന്നതെങ്കിൽ സിറോ മലബാർ, ലത്തീൻ ആരാധന ക്രമത്തിൽ എല്ലാ ദേവാലയങ്ങളിലും പെസഹശുശ്രൂഷയുടെ ഭാഗമായി കാൽകഴുകൽ ശുശ്രൂഷ വൈദികർ നിർവഹിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി ആചരിക്കും.
പള്ളികളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർഥനകളും ഉണ്ടാകും. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ കാൽകഴുകൽ ശുശ്രൂഷക്ക് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും മൈലപ്ര തിരുഹൃദയ ദേവാലയത്തിൽ പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയും കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു.
കടമാൻകുളം തിരുഹൃദയ കത്തോലിക്ക പള്ളിയിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത കാൽകഴുകൽ ശുശ്രൂഷയിൽ കാർമികത്വം വഹിച്ചു. ദുഃഖവെള്ളി ശുശ്രൂഷക്ക് ആർച് ബിഷപ് കടമാൻകുളം ദേവാലയത്തിൽ നേതൃത്വം നൽകും.അടൂർ പെരിങ്ങനാട് സെന്റ് ജോർജ് ദേവാലയത്തിൽ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു.
പത്തനംതിട്ട മേരിമാതാ ഫൊറോന ദേവാലയത്തിൽ വൈകുന്നേരം നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്കും കുർബാനയ്ക്കും വികാരി ഫാ. ജേക്കബ് പുറ്റനാനിക്കൽ കാർമികത്വം വഹിച്ചു. റാന്നി ഇൻഫന്റ് ജീസസ് ഫൊറോന ദേവാലയത്തിൽ വികാരി സുനിൽ മുണ്ടിയാനിക്കലിന്റെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷയും പെസഹ തിരുക്കർമങ്ങളും നടന്നു. കോന്നി സെന്റ് ജൂഡ് ദേവാലയത്തിലെ കാൽകഴുകൽ ശുശ്രൂഷക്ക് വികാരി ഫാ.ജോസഫ് വാഴപ്പനാടി നേതൃത്വം നൽകി.
കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് പള്ളിയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു.ആറന്മുള സെന്റ് സെബാസ്റ്റ്യന്‍സ് റോമന്‍ കത്തോലിക്ക പള്ളിയിലെ കാല്‍കഴുകൽ ശുശ്രൂഷയ്ക്കും പെസഹ തിരുക്കർമങ്ങൾക്കും ഫാ. ഫ്രാന്‍സിസ് പത്രോസ്, ഫാ. ജോണ്‍ റോബിന്‍സണ്‍ ഒസിഡി എന്നിവര്‍ കാർമികരായിരുന്നു. മാരാമൺ സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധവാര തിരുകര്‍മങ്ങളോടനുബന്ധിച്ച് വൈകുന്നേരം പെസഹ തിരുവത്താഴ പൂജ, പാദക്ഷാളന കർമവും ആരാധനയും നടന്നു. ഫാ. ജോഷി പുതുപ്പറമ്പില്‍, ഫാ. മാത്യു ഒസിഡി എന്നിവര്‍ മുഖ്യ കാർമികരായി.
വായ്പൂര് പഴയപള്ളിയിൽ പെസഹതിരുക്കർമങ്ങളോടനുബന്ധിച്ച് വികാരി ഫാ.ജോമോൻ വടക്കേപറമ്പിലിന്റെ കാർമികത്വത്തിലും കോട്ടാങ്ങൽ യോഹന്നാൻ മംദാനയുടെ ദേവാലയത്തിൽ വികാരി ഫാ.ജോൺ ജോസഫ് മുള്ളൻപാറയ്ക്കലിന്റെയും കുളത്തൂർ ലിറ്റിൽഫ്ലവർ ദേവാലയത്തിൽ വികാരി ഫാ. ജേക്കബ് നടുവിലേക്കളത്തിന്റെയും നിർമലപുരം സെന്റ് മേരീസ് പള്ളിയിൽ ഫാ.ജോസഫ് മാമ്മൂട്ടിൽ, ഫാ.സെബാസ്റ്റ്യൻ ചാലയ്ക്കൽ എന്നിവരുടെയും കാർമികത്വത്തിലും ശുശ്രൂഷകൾ നടന്നു.
ക്നാനായ സഭ റാന്നി മേഖലാധ്യക്ഷൻ കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. അടൂർ കടപ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം പരുമല സെമിനാരി ദേവാലയത്തിലും ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലും യു.കെ കാനഡ ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ സ്തേഫാനോസ് മൈലപ്ര സെന്റ് ജോർജ് ദേവാലയത്തിലും ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് ആറാട്ടുപുഴ സെന്റ് മേരീസ് ദേവാലയത്തിലും ഡൽഹി ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ദിമത്രയോസ് നീർവിളാകം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിലും സീനിയർ മെത്രാപ്പോലീത്ത സഖറിയ മാർ അന്തോണിയോസ് ആനിക്കാട് മാർ അന്തോണിയോസ് ആശ്രമത്തിലും മാത്യൂസ് മാർ തേവോദോസിയോസ് തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ് ദേവാലയത്തിലും കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു.
കൊടുമൺ: ചന്ദനപ്പള്ളി സെൻറ് ജോർജ് തീർഥാടന കത്തോലിക്കദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് കുരിശിന്റെ വഴി, 9.30ന് ദുഃഖവെള്ളി ശ്രുശ്രൂഷകൾ.ശനിയാഴ്ച രാവിലെ 6.15ന് കോട്ടപ്പള്ളിയിൽ കുർബാന, രാത്രി ഏഴിന് ഉയിർപ്പ് പെരുന്നാൾ ശ്രുശ്രൂഷകൾ, കുർബാന എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.