നാരങ്ങാനത്ത് പന്നി ശല്യം അവസാനിപ്പിക്കുമെന്ന് സർവകക്ഷി യോഗം
text_fieldsനാരങ്ങാനം: കാർഷിക മേഖലയാകെ തകർത്തെറിഞ്ഞ് സ്വൈരവിഹാരം തുടരുന്ന പന്നിക്കൂട്ടങ്ങളെ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും നേരിടാൻ സർവകക്ഷി യോഗ തീരുമാനം.
അതിരൂക്ഷമായ പന്നി ശല്യം കാരണം ജനങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയിൽ വലിയ രോഷമാണ് ഉയർന്നിരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതിയും സമരവുമായി രംഗത്ത് വന്നിരുന്നു. രാത്രിയിൽ സ്കൂട്ടറിൽ വരവെ പന്നിയിടിച്ച് യുവാവ് മരിച്ച സംഭവവും നാരങ്ങാനത്തുണ്ടായി. ഏക്കറുകണക്കിന് കൃഷി ഓരോ ദിവസവും പന്നിക്കൂട്ടം നശിപ്പിക്കുകയാണ്. വിവിധ രാഷ്ട്രീയ, സമുദായ, സന്നദ്ധ സംഘടന പ്രതിനിധികളും കർഷകരും ഉൾപ്പെടുന്ന നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു.
നാരങ്ങാനത്ത് പുതുതായി പേര് രജിസ്റ്റർ ചെയ്ത 11 ഷൂട്ടർമാരും യോഗത്തിൽ പങ്കെടുത്തു. സ്വകാര്യ വ്യക്തികളുടെ കാടുകയറിയ തരിശുഭൂമിയിലെ കാട് വെടിത്തെളിച്ച് പരിപാലിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾക്ക് കത്ത് നൽകും. പാലിക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനും തീരുമാനമായി. ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ ഇത്തരം ഭൂമി ഏറ്റെടുത്ത് കൃഷി ആരംഭിക്കുന്നതിനെക്കുറിച്ചും ആലോചിക്കും. എല്ലാ വാർഡിലും പഞ്ചായത്ത് മെംബർമാർ ഉൾപ്പെടുന്ന ജാഗ്രത സമിതികൾ അടിയന്തരമായി രൂപവത്കരിക്കാനും അവരുടെ നേതൃത്വത്തിൽ ഷൂട്ടർമാർക്ക് എല്ലാ സഹായങ്ങളും നൽകാനും തീരുമാനമായി. കൃഷിഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മിനി ആർ. നായർ വിഷയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.