തെരഞ്ഞെടുപ്പ് പരാജയം; ഡി.സി.സി നേതൃത്വത്തിനെതിരെ പത്തനംതിട്ടയിൽ പടയൊരുക്കം
text_fieldsപത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയത്തിെൻറ പേരിൽ വീണ്ടും ഡി.സി.സി നേതൃത്വത്തിനെതിരെ പടയൊരുക്കം.
കോന്നി ഉപതെരെഞ്ഞടുപ്പിലെ പരാജയത്തിെൻറ പേരിൽ നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ജില്ല പഞ്ചായത്ത് അടക്കം നഷ്ടപ്പെട്ടതിെൻറ പേരിൽ വീണ്ടും ഡി.സി.സി നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമം.
ജില്ലയിലുണ്ടായ കനത്ത പരാജയത്തിെൻറ ഉത്തരവാദിത്തം ഡി.സി.സി നേതൃത്വത്തിനാണെന്ന് ആരോപിച്ച് ചില മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞ ദിവസം കത്ത് നൽകി. ഡി.സി.സി തലപ്പത്ത് അഴിച്ചുപണി വേണമെന്നാണ് ഇവരുടെ ആവശ്യം.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളാണ് പരാജയത്തിലേക്കു വഴിതെളിച്ചതെന്നാണ് ഇവർ പ്രധാനമായും കത്തിൽ ചൂണ്ടിക്കാട്ടുന്നത്. രണ്ട് ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറുമാർ, ഇരവിപേരൂരിൽനിന്നുള്ള കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം, ഒരു ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് കത്ത് നല്‍കിയത്.
പ്രാദേശിക സാമുദായിക പരിഗണനകള്‍ ഇല്ലാതെയാണ് ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും കത്തില്‍ പറയുന്നുണ്ട്.
ത്രിതല പഞ്ചായത്തുകളില്‍ പ്രചാരണത്തിന് ഏകോപനമുണ്ടായില്ല. പല സ്ഥലത്തും യു.ഡി.എഫ് സംവിധാനം തന്നെ ഉണ്ടായില്ല, യു.ഡി.എഫില്‍ നടത്തിയ സീറ്റ് വിഭജനം വകവെക്കാതെ ഡി.സി.സി പ്രസിഡൻറ് പാര്‍ട്ടി ചിഹ്നം നല്‍കിയത് വിമതന്മാർ മത്സരരംഗത്ത് ഉറച്ചുനിൽക്കാൻ ഇടയാക്കി. സ്ഥാനാര്‍ഥി നിര്ണയത്തിെൻറ പേരില്‍ നടന്നതായി പറയുന്ന പണപ്പിരിവ് ഡി.സി.സി എക്സിക്യൂട്ടിവ് തീരുമാനപ്രകാരമല്ലെന്നും സ്ക്രീനിങ് കമ്മിറ്റിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പാർട്ടി നേതൃത്വത്തിെൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ച അക്കമിട്ട് നിരത്തി മുതിർന്ന വനിത നേതാവ് പാർട്ടി വിട്ടതിെൻറ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും മുതിർന്ന നേതാക്കൾ ഡി.സി.സി പ്രസിഡൻറിനെ അടക്കം ലക്ഷ്യമിട്ട് കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. യു.ഡി.എഫിെൻറ ഉറച്ച കോട്ടയായിരുന്ന പത്തനംതിട്ടയിൽ മുന്നണി ദുർബലമായി കഴിഞ്ഞു.
എൽ.ഡി.എഫ് ഐക്യത്തോടെ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുേമ്പാൾ കോൺഗ്രസിന് ഏറെ മുതിർന്ന നേതാക്കളുള്ള ജില്ലയിൽ അനൈക്യവും സംഘടന സംവിധാനത്തിലെ ദൗർബല്യവും മുന്നണിയെ പരാജയത്തിലേക്ക് തള്ളിവിടുകയാണ്.
നിലവിൽ ആറന്മുള നിയമസഭ മണ്ഡലത്തിൽ മാത്രമാണ് കണക്കുകൾകൊണ്ട് എെന്തങ്കിലും പ്രതീക്ഷയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.