എം.ജി സർവകലാശാല കലോത്സവം: കലാകിരീടമണിഞ്ഞ് തേവര എസ്.എച്ച്
text_fieldsപത്തനംതിട്ട: എം.ജി സർവകലാശാല കലോത്സവത്തിൽ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജ് ഓവറോൾ ചാമ്പ്യൻമാർ. ഏഴ് വേദിയിലായി അഞ്ചുനാൾ നീണ്ട കലോത്സവത്തിൽ 131 പോയന്‍റ് തേവര കോളജ് കരസ്ഥമാക്കി. തൃപ്പൂണിത്തുറ ആർ.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് 68 പോയന്‍റോടെ രണ്ടാംസ്ഥാനത്തെത്തി. മൂന്നാംസ്ഥാനം നേടിയ എറണാകുളം മഹാരാജാസിന് 67 പോയന്‍റാണുള്ളത്.
കലോത്സവത്തിന്‍റെ തുടക്കം മുതൽ തേവര എസ്.എച്ച് ആധിപത്യം ഉറപ്പിച്ച് മുന്നേറുകയായിരുന്നു. 2019ൽ അവസാനം നടന്ന കലോത്സവം ഉൾപ്പെടെ കഴിഞ്ഞ മൂന്നുതവണയും എസ്.എച്ച് തന്നെയായിരുന്നു കപ്പ് അടിച്ചത്. ഇതോടെ തുടർച്ചയായി അഞ്ചാം തവണയാണ് തേവരക്കാർ കിരീടം ചൂടുന്നത്.
സി.എം.എസ് കോളജ് കോട്ടയം -50, സെന്‍റ് സേവ്യേഴ്‌സ് ആലുവ -27, എം.ഇ.എസ് മാറമ്പള്ളി -23, സെന്‍റ് തോമസ് പാലാ -22, ബി.സി.എം കോട്ടയം -21, സെന്‍റ് തെരേസാസ് എറണാകുളം -19 എന്നിങ്ങനെയാണ് മറ്റ് കോളജുകൾ നേടിയ പോയന്‍റുകൾ.
കലാപ്രതിഭ, കലാതിലകം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ തേജ സുനിൽ, തൃപ്പൂണിത്തുറ ആർ.എല്‍.വി കോളജിലെ കെ.ആർ. പ്രിയദത്ത എന്നിവരാണ് പെൺകുട്ടികളിൽ പോയന്‍റുനിലയിൽ മുന്നിട്ടു നിൽക്കുന്നത്. ഇരുവർക്കും 10 വീതം പോയന്‍റുണ്ട്. ചില മത്സരങ്ങളുമായി ബന്ധപ്പെട്ട ഫലങ്ങളിൽ തർക്കം നിലനിൽക്കുന്നതാണ് കലാതിലകം പ്രഖ്യാപനം വൈകാൻ കാരണമായത്. ആൺകുട്ടികളിൽ പാലാ സെന്‍റ് തോമസ് കോളജിലെ പി.ആർ. ഹരികൃഷ്ണനാണ് ഏറ്റവും കൂടുതൽ പോയന്‍റ്. എട്ട് പോയന്‍റാണ് ഹരികൃഷ്ണനുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയന്‍റ് (13) നേടിയ തൃപ്പൂണിത്തുറ ആർ.എല്‍.വി കോളജിലെ തൻവി രാകേഷിന് പ്രത്യേക പുരസ്കാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.