അയൽവാസിയുടെ തലക്കടിച്ച മധ്യവയസ്കൻ റിമാൻഡിൽ
text_fieldsഷാജി
പന്തളം: മുൻവിരോധത്താൽ അയൽവാസിയെ സ്റ്റീൽകപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിൽ പ്രതിയെ പന്തളം പോലീസ് റിമാൻഡ് ചെയ്തു. പന്തളം എം.എസ്.എം.പി ഓയിൽ കഴുത്തുമൂട്ടിൽപടി ഷാജിയാണ് (53) പിടിയിലായത്. പന്തളം മങ്ങാരം കഴുത്തുമൂട്ടിൽ പടിയിൽ ഫെബ്രുവരി 10ന് രാത്രി 9.30നാണ് ആക്രമണം നടന്നത്. കഴുത്തുമൂട്ടിൽപടി മോടിപ്പുറത്ത് വടക്കേതിൽ മഹേഷ് കുമാറിനെ സ്റ്റീൽകപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
മങ്ങാരം അമ്മൂമ്മക്കാവിലെ ഉത്സവം നടക്കുമ്പോൾ ഓട്ടോറിക്ഷ ഡ്രൈവറോട് ഷാജി ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതിൽ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മഹേഷ് കുമാറിനെ അസഭ്യം പറഞ്ഞ് സ്റ്റീൽ കപ്പ് കൊണ്ട് തലയിൽ അടിക്കുകയായിരുന്നു. നെറ്റിയുടെ മുകളിൽ പരിക്കേറ്റതിനെ തുടർന്ന് മഹേഷിനെ പന്തളം സി. എം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പന്തളം എസ്.ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതി, പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. പിന്നീട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി ഉത്തരവ് പ്രകാരം സ്റ്റേഷനിൽ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.