ആൻറി ബയോട്ടിക്കുകളുടെ ദുരുപയോഗം വലിയ ഭീഷണി, ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsപത്തനംതിട്ട: ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ഗൗരവകരമായ പൊതുജനാരോഗ്യ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മനുഷ്യരിലും മൃഗങ്ങളിലും സസ്യവ്യക്ഷാദികളിലും അണുബാധ തടയാനും ചികിത്സക്കും ഉപയോഗിക്കുന്ന ആൻറി ബയോട്ടിക്കുകൾ, ആന്റി വൈറലുകൾ, ആന്റി ഫംഗലുകൾ തുടങ്ങിയ മരുന്നുകളുടെ ദുരുപയോഗവും അശാസ്ത്രീയ ഉപയോഗവും മരുന്നുകളോട് രോഗാണുക്കൾ പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഇത് പകർച്ചവ്യാധികളുടെ വ്യാപനത്തിനും ചികിത്സ സങ്കീർണമാക്കുന്നതിനും ഇടയാക്കുന്നു. ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ഫലപ്രദമായി നേരിടാൻ മരുന്നുകളുടെ ദുരുപയോഗം തടയേണ്ടതും അണുബാധ നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തേണ്ടതും ഏകാരോഗ്യം എന്ന ആശയത്തിൽ അധിഷ്ഠിതമായി ജന്തുജന്യ രോഗങ്ങൾ ഉൾപ്പെടെ പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളും ആരോഗ്യ ശുചിത്വ ശീലങ്ങളും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. ഡോക്ടർ നിർദേശിക്കാതെ മരുന്നുകൾ ഉപയോഗിക്കാൻ പാടില്ല.
രോഗം വരുന്നത് തടയുന്നതിലൂടെ ആൻറി ബയോട്ടിക്ക് പോലെ മരുന്നുകൾ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് ഇത് നേരിടാൻ ഫലപ്രദമായ മാർഗം. കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകൾ നമ്മുടെ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. വളർത്തുമൃഗങ്ങൾ, കോഴി, താറാവ് എന്നിവക്ക് വെറ്ററിനറി ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ മാത്രം നൽകണം. 23ന് ശനിയാഴ്ച ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല വസ്ത്രം ധരിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കും.
വാർത്ത സമ്മേളനത്തിൽ ആർദ്രം മിഷൻ ജില്ല കോർഡിനേറ്റർ ഡോ. അംജിത്ത് രാജീവ്, ഡോ. ലക്ഷ്മി, മാസ് മീഡിയ ഓഫീസർ ഇൻ ചാർജ് ആർ. ദീപ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.