മലയോര പട്ടയത്തിന് അനുമതി; വനംവകുപ്പ് ഉപദേശക അജണ്ടയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി
text_fieldsകോന്നി: നിയോജകമണ്ഡലത്തിലെ കൈവശ കർഷകർക്കുള്ള പട്ടയത്തിന് അടുത്ത വനം ഉപദേശക സമിതി അജണ്ടയിൽ ഉൾപ്പെടുത്തി അനുമതി നൽകുമെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പുനൽകിയതായി കെ.യു. ജനീഷ്കുമാർ എം.എൽ.എ അറിയിച്ചു. ഡൽഹിയിൽ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയതെന്നും എം.എൽ.എ പറഞ്ഞു. 6000 കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.
1920നും 1945നും ഇടയിൽ ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ പട്ടയമില്ലാതെ വനഭൂമിയിൽ കൃഷി ചെയ്തു വരുകയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഒമ്പത് പതിറ്റാണ്ട് കഴിഞ്ഞിട്ടും കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്രാനുമതി ലഭിക്കാത്തതാണ് പട്ടയം നൽകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
കേന്ദ്ര സർക്കാറിൽനിന്ന് അനുമതി ലഭിക്കാൻ കലക്ടർ മുഖേന കേന്ദ്ര സർക്കാറിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷിലൂടെ അപേക്ഷ സമർപ്പിച്ചു. തുടർന്ന് സംസ്ഥാന സർക്കാറിന്റെ ശിപാർശയോടെ 2020 ഏപ്രിൽ രണ്ടിന് കേന്ദ്ര സർക്കാറിന് അപേക്ഷ സമർപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ ബംഗളൂരു റീജനൽ ഓഫിസ് അപേക്ഷ പരിശോധിക്കുകയും തുടർനടപടിക്ക് വനംവകുപ്പ് ഉപദേശകസമിതിക്ക് കൈമാറുകയും ചെയ്തു.
തുടർന്ന് ഇതുസംബന്ധിച്ച് ഉപദേശകസമിതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സംസ്ഥാന സർക്കാർ കൈമാറി. 2021 സെപ്റ്റംബർ 15 മുതൽ 17 വരെ ബംഗളൂരു റീജനൽ ഓഫിസിലെ അഡീഷനൽ ഇൻസ്പെക്ടർ ജനറൽ കോന്നി മണ്ഡലത്തിലെത്തി സ്ഥലപരിശോധന നടത്തി. ഇതുസംബന്ധിച്ച റിപ്പോർട്ടും കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്. പട്ടയം ലഭ്യമാകാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ വിവരം മന്ത്രിയെ ബോധ്യപ്പെടുത്തി നിവേദനം നൽകി. എം.പിമാരായ ജോണ് ബ്രിട്ടാസ്, എ.എ. റഹീം, ഡോ. വി. ശിവദാസന് എന്നിവരോടൊപ്പമാണ് കേന്ദ്രമന്ത്രിയെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.