മോദി എത്തുന്നത് 15ന്; പ്രചാരണ രംഗത്ത് സജീവമായി സ്ഥാനാർഥികൾ
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിൽ എത്തുന്നത് 15ന്. നേരത്തേ 17ന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. വെളളിയാഴ്ച രാവിലെ 11ന് മോദി പത്തനംതിട്ടയിൽ പ്രചാരണ യോഗത്തിൽ സംസാരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി തിങ്കളാഴ്ച ആറന്മുള, പത്തനംതിട്ട, തിരുവല്ല, മല്ലപ്പള്ളി മണ്ഡലങ്ങളിൽ പര്യടനം നടത്തി. രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു തുടക്കം. തുടർന്ന് മുതിർന്ന സംഘ്പരിവാർ നേതാക്കളെ വീടുകളിലെത്തി സന്ദർശിച്ചു. ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി. നായർ, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ ദേശീയ സമിതി അംഗം വി.എൻ. ഉണ്ണി, ജില്ല സെക്രട്ടറി റോയ് മാത്യു തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
യു.ഡി.എഫ് ജില്ല നേതൃയോഗം ചേർന്ന് ആന്റോ ആന്റണിയുടെ പ്രചാരണ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി നിയോജക മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചേരാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗായി ആറന്മുള നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം ചേർന്നു. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മാർച്ച് 14 മുതൽ മണ്ഡലം യു.ഡി.എഫ് നേതൃയോഗം കൂടാൻ തീരുമാനിച്ചു.
12ന് പത്തനംതിട്ട വെസ്റ്റ്, മല്ലപ്പുഴശ്ശേരി, പുല്ലാട്, കോയിപ്രം മണ്ഡലങ്ങളും 13ന് ചെന്നീർക്കര, ഇലന്തൂർ, കിടങ്ങന്നൂർ, ആറന്മുള, കുളനട എന്നീ മണ്ഡലങ്ങളും 14ന് പത്തനംതിട്ട ഈസ്റ്റ്, കോഴഞ്ചേരി, കടമ്മനിട്ട, തോട്ടപ്പുഴശ്ശേരി, ഇരവിപേരൂർ, മെഴുവേലി തുടങ്ങിയ ക്രമത്തിലാണ് നേതൃയോഗങ്ങൾ ചേരുന്നത്.
15, 16, 17 തീയതികളിൽ ബൂത്ത് തല കൺവെൻഷൻ നടത്താൻ ഡി.സി.സിയിൽ കൂടിയ യോഗം തീരുമാനിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.എം. ഹമീദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥാനാർഥി ആന്റോ ആന്റണി, യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ, ജോൺസൺ വിളവിനാൽ, എ.സുരേഷ് കുമാർ, കെ. ജാസിംകുട്ടി, ജോൺസ് യോഹന്നാൻ, ഇ.കെ. ഗോപാലൻ, അനീഷ് വരിക്കണ്ണാമല, ജോർജ് മാമ്മൻ കൊണ്ടൂർ, ജെറി മാത്യു സാം, കെ. ശിവപ്രസാദ്, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.
ഇടതു മുന്നണി സ്ഥാനാർഥി ഡോ. തോമസ് ഐസക് മുഖാമുഖം സംവാദ പരിപാടികളുമായും മുന്നേറുകയാണ്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഞായറാഴ്ച നടന്ന മുഖാമുഖം സംവാദ പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ തങ്ങളുടെ ആശങ്കകൾ ഉന്നയിച്ചു. വ്യാപാരമേഖലയിലെ പ്രശ്നങ്ങൾ, വന്യമൃഗശല്യം, കാർഷികരംഗത്തെ പ്രതിസന്ധികൾ, വിദ്യാഭ്യാസം, ആശാവർക്കർമാർ, കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി വിവിധ ആളുകൾ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും സ്ഥാനാർഥിയെ അറിയിച്ചു. കിഫ്ബിയിലൂടെ നാടിന്റെ സമഗ്രവികസനമാണ് നടപ്പാക്കുന്നതെന്നും ഇതിന്റെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമായെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.