അടൂർ-മണ്ണടി റോഡ് നിർമാണം; 20 ലക്ഷത്തിന്റെ തിരിമറി
text_fieldsപത്തനംതിട്ട: അടൂർ-മണ്ണടി റോഡ് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ വിജിലൻസ് കേസ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് ഒത്തുകളിച്ച് റോഡ് നിര്‍മാണത്തില്‍ 20 ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.
പത്തനംതിട്ട വിജിലന്‍സ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കരാറുകാരനായ രാജി മാത്യു, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.ആര്. മനുകുമാര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബി. ബിനു എന്നിവര്‍ക്കെതിരെയുള്ള എഫ്.ഐ.ആർ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
മെറ്റല്‍, മണല്‍, ടാര്‍ എവിടെ?
2021-22ലാണ് അടൂര്‍-മണ്ണടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നത്. ബി.എം ബി.സി നിലവാരത്തിൽ റോഡ് പുനർനിർമിക്കാനായിരുന്നു കരാർ. കോട്ടയം സ്വദേശി രാജി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്.
മെറ്റല്‍, മണല്‍, ടാര്‍ എന്നിവ വേണ്ടത്ര അളവില്‍ ഉപയോഗിക്കാതെയാണ് നിർമാണം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംസ്ഥാന വ്യാപകമായി ഈ കാലയളവില്‍ നടന്ന നിർമാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന സര്‍ക്കാര്‍ നിർദേശത്തേ തുടര്‍ന്നാണ് അടൂര്‍-മണ്ണടി റോഡ് നിർമാണവും വിജിലൻസ് അന്വേഷിച്ചത്. വെട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യ വ്യക്തമായതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയത്.
അളവ് തെറ്റായി രേഖപ്പെടുത്തി
നിർമാണത്തിന് ഉപയോഗിച്ച അസംസ്കൃത സാധനങ്ങളുടെ അളവ് സംബന്ധിച്ച വിവരങ്ങള്‍ മെഷര്‍മെന്റ് ബുക്കില്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് അന്വേഷത്തില്‍ തെളിഞ്ഞു.
മെറ്റല്‍ അടക്കമുള്ള വസ്തുക്കള്‍ വന്‍തോതില്‍ അധികം വന്നതായി കണക്കെടുപ്പില്‍ വ്യക്തമായി. കരാറുകാരന് എം-ബുക്കില്‍ രേഖപ്പെടുത്തിയ കണക്ക് ശരിയാണെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതായും കണ്ടെത്തി. കരാറുകാരനും ഉദ്യോഗസ്ഥരും നടത്തിയ വെട്ടിപ്പ് 20,72,008 രൂപയുടെ.
കരാറുകാരന് രാജി മാത്യു, മരാമത്ത് ഉദ്യോഗസ്ഥരായ എം.ആര്. മനുകുമാര്‍, ബി. ബിനു എന്നിവര്‍ക്കെതിരെ നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.