മരിച്ചുപോയയാളുടെ പെൻഷൻ അക്കൗണ്ടിൽനിന്ന് പണം അപഹരിച്ചു; നാല് ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsപത്തനംതിട്ട: മരിച്ചുപോയ ആളുടെ ട്രഷറിയിലെ പെൻഷൻ അക്കൗണ്ടിൽനിന്ന് എട്ട് ലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ നാല് ജീവനക്കാർക്ക് സസ്പെൻഷൻ. കോന്നി സബ് ട്രഷറി ഓഫിസർ രഞ്ജി കെ. ജോൺ, ജില്ല ട്രഷറി സൂപ്രണ്ട് ദേവരാജൻ, ക്ലർക്ക് ആരോമൽ, റാന്നി പെരുനാട് സബ്ട്രഷറി ക്ലാർക്ക് സഹീർ മുഹമ്മദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ജൂണിലാണ് തട്ടിപ്പ് അരങ്ങേറിയത്. ട്രഷറിയിൽ പണം കൈമാറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന ആളുടെ പാസ്വേഡ് ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഓമല്ലൂരിലുള്ള മരിച്ചുപോയ വയോധികയുടെ പെൻഷൻ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് അപഹരിച്ചത്. ഇവരുടെ പെൻഷൻ അക്കൗണ്ടിൽ എട്ട് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നെന്നാണ് സൂചന. നാളുകളായി അക്കൗണ്ടിൽ കിടന്നിരുന്ന പണത്തെ കുറിച്ച് വീട്ടുകാർക്ക് അറിയില്ലായിരുന്നു.
അവകാശികളെത്തുന്നില്ലെന്ന് കണ്ടതോടെയാണ് സഹീർ മുഹമ്മദ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ സമയത്ത് ജില്ല ട്രഷറിയിൽ പുതുതായി എത്തിയ എൽ.ഡി.സി. ജീവനക്കാരന്റെ പാസ് വേർഡ് ഉപയോഗിച്ചാണ് സഹീർ മുഹമ്മദ് തട്ടിപ്പ് നടത്തിയത്. വ്യാജഅക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇവരുടെ പണത്തിന്റെ പലിശ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇയാൾ പത്തനംതിട്ടയിൽനിന്ന് പെരുനാട് സബ് ട്രഷറിയിലേക്ക് സ്ഥലം മാറി. അവിടെയും രണ്ട് ജീവനക്കാരുടെ പാസ് വേർഡ് മനസ്സിലാക്കി ഇതേരീതിയിൽ പണം തട്ടി. ഇതിൽ ഒരു ജീവനക്കാരൻ അവധിയിലായപ്പോഴാണ് ക്രമക്കേട് നടത്തിയത്.
അവധി കഴിഞ്ഞ് വന്ന ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് ചെക്ക് വെക്കാതെ പണം മാറിയിരിക്കുന്നത് കണ്ടെത്തിയത്. ഇതേ തുടർന്ന് ഇയാൾ മേലധികാരിയെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ചപ്പോഴാണ് പത്തനംതിട്ടയിലാണെന്നും ഈ ജീവനക്കാരനാണെന്നും കണ്ടെത്തുന്നത്. തുടർന്നാണ് രണ്ടിടത്തെയും നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.