കലിതുള്ളി കാലവർഷം
text_fieldsപത്തനംതിട്ട: കാലവർഷം ഇടതടവില്ലാതെ പെയ്തിറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരുടെ എണ്ണം 1616 ആയി. ജില്ലയിലെ നാലു താലൂക്കിലെ 52 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 466 കുടുംബങ്ങളാണ്. കോഴഞ്ചേരി താലൂക്കില്‍ ഏഴും റാന്നിയില്‍ ഒന്നും മല്ലപ്പള്ളിയില്‍ 11ഉം തിരുവല്ലയില്‍ 33ഉം ക്യാമ്പുകളാണ് തുറന്നത്. കോഴഞ്ചേരിയില്‍ 39 കുടുംബങ്ങളിലെ 142 പേരും റാന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും മല്ലപ്പള്ളിയില്‍ 65 കുടുംബങ്ങളിലെ 227 പേരും തിരുവല്ലയില്‍ 361 കുടുംബങ്ങളിലെ 1244 പേരുമാണ് ക്യാമ്പില്‍ കഴിയുന്നത്. കോന്നി, അടൂര്‍ താലൂക്കുകളില്‍ ക്യാമ്പുകള്‍ തുടങ്ങിയിട്ടില്ല.
കനത്തമഴയില്‍ ജില്ലയില്‍ 1.7842 കോടിയുടെ നാശനഷ്ടം ഉണ്ടായതായി കൃഷി വകുപ്പ് പ്രാഥമികമായി കണക്കാക്കിയിട്ടുണ്ട്. വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രാഥമിക കണക്കുപ്രകാരം ജൂലൈ ഒന്നു മുതല്‍ ആറുവരെ ജില്ലയിലെ ഏഴ് ബ്ലോക്കിലായി 179.01 ഹെക്ടറില്‍ കൃഷിനാശം ഉണ്ടായി. 909 കര്‍ഷകരെ ഇതു ബാധിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴഞ്ചേരിയില്‍ മൂന്നും അടൂരില്‍ പത്തും കോന്നിയില്‍ ഏഴും റാന്നിയില്‍ അഞ്ചും മല്ലപ്പള്ളിയില്‍ രണ്ടും തിരുവല്ലയില്‍ നാലും വീടുകളാണ് തകര്‍ന്നത്.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, പാചകത്തിന് ആവശ്യമായ അവശ്യവസ്തുക്കള്‍, ഗ്യാസ്, പൊലീസ് സുരക്ഷ ഉള്‍പ്പെടെ എല്ലാ സഹായവും ലഭ്യമാക്കിയതായി സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു. ക്യാമ്പുകളുടെ പ്രവര്‍ത്തനം ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യാഴാഴ്ച സന്ദര്‍ശിച്ച് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.