സദാചാര ഗുണ്ടായിസം: യുവാവിനെ ക്രൂരമായി മർദിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി, വണ്ടികിട്ടാതെ നടന്നുപോയ യുവാവിനെ മർദിച്ച കേസിലെ മൂന്നു പ്രതികളിൽ രണ്ടുപേരെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം ചെന്നായിക്കുന്ന് തേങ്ങുവിളയിൽ ഉണ്ണി (25), ചെന്നായിക്കുന്ന് പടിഞ്ഞാറേചരുവിൽ വീട്ടിൽനിന്ന് ചെന്നീർക്കര മാത്തൂർ കയ്യാലെത്ത് മേമുറിയിൽ ഇപ്പോൾ താമസിക്കുന്ന അരുൺ (25) എന്നിവരാണ് പിടിയിലായത്.
ഈമാസം 12ന് രാത്രി 10.30ന് ശേഷമാണ് സംഭവം. പോരുവഴി അമ്പലത്തുംഭാഗം സാംസ്കാരിക നിലയം ജങ്ഷന് സമീപം മനോജ് ഭവനത്തിൽ മഹേഷിനാണ് (34) മർദനമേറ്റത്. അടൂർ ബസ്സ്റ്റാൻഡിൽ രാത്രി 8.30നെത്തിയ മഹേഷ്, ബസ് കിട്ടാത്തതിനാൽ അടൂരിൽനിന്ന് കുടമുക്കിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോയപ്പോൾ, ചെന്നായിക്കുന്ന് എന്ന സ്ഥലത്ത് കലുങ്കിൽ ഇരുന്ന മൂന്നുപേർ തടഞ്ഞ് ചോദ്യം ചെയ്തു.
ചെന്നായിക്കുന്നിലെ ആരെ അറിയാമെന്നായിരുന്നു ആദ്യം ചോദിച്ചത്. ജയക്കുട്ടൻ എന്നയാളെയും സ്ഥലം മെംബറെയും അറിയാമെന്ന് മറുപടി പറഞ്ഞപ്പോൾ, ചെന്നായിക്കുന്നിലുള്ള ഏതോ പെണ്ണിനെ കാണാൻ വന്നതാണെന്ന് ആരോപിച്ച് മർദിക്കാൻ തുടങ്ങുകയായിരുന്നു. പ്രതികൾ തുടർന്ന് ഇയാളെ ബൈക്കിൽ കയറ്റി ജയക്കുട്ടന്റെ വീടിന് സമീപം എത്തിച്ചശേഷം, ഫോട്ടോ മൊബൈലിൽ പകർത്തി, ജയക്കുട്ടനെ കൊണ്ടുപോയി കാണിക്കുകയും തിരിച്ചുവന്ന് ദേഹോപദ്രവം തുടരുകയുമായിരുന്നു. നിലവിളിച്ച യുവാവിനെ, മർദനവിവരം മെംബറോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകളോളം മർദിച്ചു.
ഇടതുകാലിലും വലതുകൈ മുട്ടിലും വലത് കണ്ണിന്റെ ഭാഗത്തും മുറിവേറ്റ യുവാവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലുമുണ്ടായി. ഇയാളുടെ മൊഴിപ്രകാരം കേസെടുത്ത കൊടുമൺ പൊലീസ്, ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുകയും ശനിയാഴ്ച ഉച്ചയോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. ഉണ്ണിയെ കൊടുമണിൽനിന്നും അരുണിനെ അടൂർ സെൻട്രൽ ടോളിനടുത്തുവെച്ചുമാണ് പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഒന്നും മൂന്നും പ്രതികളാണ് അറസ്റ്റിലായത്, രണ്ടാം പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പിടിച്ചെടുത്തു. ഒന്നാം പ്രതി ഉണ്ണി, കൊടുമൺ സ്റ്റേഷനിലെ വേറെ രണ്ട് ദേഹോപദ്രവ കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്‌പെക്ടർ വി.എസ്. പ്രവീണിനൊപ്പം എസ്.ഐ മനീഷ്, എസ്.സി.പി.ഒമാരായ അൻസാർ, ശിവപ്രസാദ്, സി.പി.ഒമാരായ ബിജു, ജിതിൻ, സുരേഷ്, കൃഷ്ണകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.