ദിവസവും ആയിരത്തിലധികം രോഗികൾ; ഇനിയും വളരണം ജില്ല ആശുപത്രി
text_fieldsകോഴഞ്ചേരി: ആയിരത്തിലധികം രോഗികൾ ഒ.പിയിൽ ദിവസവും എത്തുന്ന കോഴഞ്ചേരി ജില്ല ആശുപത്രി ആരോഗ്യമേഖലയിലെ വലിയ പ്രതീക്ഷയാണ്. മെച്ചപ്പെട്ട ചികിത്സ തേടി ജില്ലക്ക് പുറത്തുനിന്നുപോലും രോഗികൾ എത്താറുണ്ട്.
സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി പുതിയ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. ഇതിനായി പഴയ കെട്ടിടം പൊളിച്ചതോടെ ആകെ രണ്ട് ബ്ലോക്കുകളിലേക്ക് രോഗീ പരിചരണം ഒതുക്കപ്പെട്ടു.
അത്യാഹിത വിഭാഗം അടക്കം പ്രവർത്തനങ്ങൾ മാറ്റിയത് നേരിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു.
കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇവിടെ നിന്ന് റഫർ ചെയ്യും. നേരത്തെ 236 കിടക്കകളുണ്ടായിരുന്നു, ഇപ്പോൾ 186 ആയി ചുരുങ്ങി.
മുമ്പ് വാർഡായിരുന്ന എ ബ്ലോക്കിൽ ഇപ്പോൾ അത്യാഹിത വിഭാഗവും ലാബും ഇ.സി.സി.ജി യൂണിറ്റും പ്രവർത്തിക്കുന്നു. ബി ബ്ലോക്കിലാണ് ഒ.പിയും ലേബർ റൂമും വനിതകളുടെ വാർഡും പ്രവർത്തിക്കുന്നത്.
സൂപ്പർ അല്ല, സ്പെഷാലിറ്റി മാത്രം
സ്പെഷാലിറ്റി ഒ.പി ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് ഒഴിച്ചാൽ സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങൾ ഉള്ള സർക്കാർ ആശുപത്രികൾ ജില്ലയിൽ ഇല്ല. ഇതിനായി സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുകളേയുമാണ് ആശ്രയിക്കുന്നത്.
വേണ്ടത് ബ്ലഡ് ബാങ്ക്; എം.ആർ.ഐക്ക് പുറത്തുപോകണം
കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ബ്ലഡ് ബാങ്കില്ല. 90 യൂനിറ്റ് സൂക്ഷിക്കാൻ പറ്റിയ ബ്ലഡ് സ്റ്റോർ മാത്രമാണ് ഉള്ളത്. അടിയന്തര ഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് പതിവ്. സി.ടി സ്കാനും എം.ആർ.ഐ സ്കാനിംഗിനും ആശുപത്രിക്ക് പുറത്തുള്ള ലാബുകളെയാണ് രോഗികൾ ആശ്രയിക്കുന്നത്. എക്സറേ ഒഴികെ മറ്റ് സൗകര്യങ്ങളൊന്നും ഇവിടെയില്ല.
നിർമാണം നടക്കുന്ന കെട്ടിടങ്ങൾ
30.25 കോടി രൂപ ചെലവിൽ 5858 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ഒ.പി ഡയഗ്നോസ്റ്റിക് ബ്ലോക്ക് കെട്ടിടം നിർമിക്കുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 49 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ലിംബ്സെന്ററും ഉൾപ്പെടുന്നു. 2.46 കോടി രൂപ ചെലവഴിച്ചാണ് ഡെഡിക്കേറ്റഡ് ഐ യൂണിറ്റ് നിർമിക്കുന്നത്.
ഒഴിവുകളുണ്ട്, ജീവനക്കാരില്ല
ജില്ല ആശുപത്രിയിൽ ആകെ 33 ഡോക്ടർമാരാണുള്ളത്. ഡോക്ടർമാരുടെ നിരവധി ഒഴിവുകളും നികത്താനുണ്ട്. 12 ഹെഡ് നഴ്സുമാരും ഗ്രേഡ് വൺ 16 പേരും ഗ്രേഡ് ടു വിൽ 31 പേരുമാണുള്ളത്. ഇവയിൽ എല്ലാം ഓരോ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എച്ച്.എം.സി, എൻ.എച്ച്.എം നഴ്സുമാർ 13 പേരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.