കൊതുകുജന്യരോഗങ്ങള്‍: ജാഗ്രത വേണം
text_fieldsപത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി പോലുളള കൊതുകുജന്യരോഗങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി രോഗം വരാതിരിക്കാനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ഓരോ വീടിന്റെയും സ്ഥാപനത്തിന്റെയും അകത്തും, പരിസരത്തും കൊതുകിന്റെ പ്രജനനത്തിനുളള സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണം.
കടുത്ത പനിയും തലവേദനയും, സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. പ്രാരംഭത്തില്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാവുകയും ജീവന് വരെ നഷ്ടമാവുകയും ചെയ്യാം. കൊതുകുകളെ അകറ്റാനും കൊതുക് കടിയേല്ക്കാതിരിക്കാനുമുളള ഉപാധികള്‍ സ്വീകരിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ ഡെങ്കിപ്പനി വ്യാപനം തടയാന്‍ സാധിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം.
സ്വയം ചികിത്സ പാടില്ല. എല്ലാ വെളളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ജില്ലയിലെ ഏഴ് പ്രധാന ആശുപത്രികളില്‍ ആന്റിവെനം
പത്തനംതിട്ട: ജില്ലയിലെ ഏഴ് പ്രധാന ആശുപത്രികളില്‍ പാമ്പുകടിയേറ്റാല്‍ നല്കുന്ന ആന്റിവെനവും ചികിത്സയും ലഭ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മഴക്കാലമായതോടെ വീടിന്റെ പരിസരത്തും ചുറ്റുപാടിലും സ്ഥാപനപരിസരങ്ങളിലും പാമ്പുകള്‍ കാണാൻ സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്.
ജില്ല ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, താലൂക്ക് ആസ്ഥാന ആശുപത്രി തിരുവല്ല, താലൂക്ക് ആസ്ഥാന ആശുപത്രി കോന്നി, താലൂക്ക് ആസ്ഥാന ആശുപത്രി റാന്നി, താലൂക്ക് ആസ്ഥാന ആശുപത്രി മല്ലപ്പളളി എന്നിവിടങ്ങളിലാണ് ആന്റിവെനം ലഭ്യമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.