മാലിന്യ സംസ്കരണത്തിന് പുത്തൻ ചുവടുകളുമായി നഗരസഭ
text_fieldsപത്തനംതിട്ട: ആധുനിക സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ ജില്ല ആസ്ഥാനത്തെ ഖരമാലിന്യ സംസ്കരണത്തിൽ പുത്തൻ ചുവടുവെപ്പുകളുമായി പത്തനംതിട്ട നഗരസഭ.
നഗരത്തിലെ ഹരിതകർമ സേനയുടെ അജൈവ മാലിന്യ ശേഖരണത്തിനായുള്ള യൂസർ ഫീ ഇനി മുതൽ ഡിജിറ്റലായി ശേഖരിക്കും. ഇതിനായുള്ള പി.ഒ.എസ് മെഷീനുകളുടെ വിതരണം നഗരസഭ അധ്യക്ഷൻ അഡ്വ.ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. നഗരസഭയിലെ എല്ലാ വാർഡുകൾക്കും പി.ഒ.എസ് മെഷീനുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ഇതുവഴി വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഹരിതമിത്രം ക്യു.ആർ കോഡ് സ്കാൻ ചെയ്ത് യൂസർ ഫീ ശേഖരിക്കാൻ കഴിയുംവിധമാണ് മെഷീനുകളുടെ പ്രവർത്തനം. കൂടാതെ ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് യൂസർ ഫീ നൽകാനും കഴിയും.
യൂസർ ഫീ ശേഖരണം ഓൺലൈൻ സംവിധാനമാകുന്നതോടെ എല്ലാമാസവും വീഴ്ചകൂടാതെ ഫീ അടയ്ക്കുവാനും പിഴ ഉൾപ്പെടെയുള്ള നടപടികളിൽനിന്ന് പൊതുജനങ്ങൾക്ക് ഒഴിവാകുവാനും കഴിയും.
ഇതോടെ നഗരത്തിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കാൻ കഴിയും. നഗരത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ സർവേ അടക്കമുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കും. കൂടാതെ നഗരത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ശുചിത്വ ശിൽപശാലയും ശുചിത്വ അസംബ്ലികളും വിളിച്ചുചേർക്കുമെന്നും നഗരസഭ അധ്യക്ഷൻ പറഞ്ഞു. പൊതുജനങ്ങൾക്ക് മാലിന്യ സംസ്കരണത്തിൽ ഉണ്ടാകുന്ന സംശയങ്ങൾ തീർക്കുവാനും സഹായങ്ങൾ ലഭ്യമാക്കുവാനും കസ്റ്റമർ കെയർ നമ്പറും ഹെൽപ് ഡെസ്കും പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ജെറി അലക്സ്, നഗരസഭ സെക്രട്ടറി സജിത് കുമാർ കെ.കെ, ക്ലീൻ സിറ്റി മാനേജർ വിനോദ് എം.പി, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് ജെ.എസ്, ഹെൽത്ത് ഇൻസ്പക്ടർ സതീഷ് ഹരിതകർമ സേന കൺസോർട്യം പ്രസിഡന്റ് ഷീന, സെക്രട്ടറി ബിന്ദു സോമൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.