നഗരം ശുചിയാക്കാൻ നഗരസഭ; മലിനമാക്കാൻ സാമൂഹികവിരുദ്ധരും
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: നഗരം ശുചീകരിക്കാൻ പദ്ധതികളുമായി നഗരസഭ മുന്നോട്ടുനീങ്ങുേമ്പാഴും നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിന് കുറവില്ല. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയാണ് മാലിന്യം വലിച്ചെറിയുന്നത്. തെർമോകോൾ പെട്ടികൾ അടക്കമുള്ള മാലിന്യം പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യം കൂട്ടിവെച്ചശേഷം രാത്രി തള്ളുകയാണ് ചെയ്യുന്നത്. മത്സ്യ-മാംസ അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ഇതിലുണ്ട്. ഇടക്കിടെ പെയ്യുന്ന മഴയിൽ ഇവ നനഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. വീടുകളിൽ ഉപയോഗശേഷം വലിച്ചെറിയുന്ന ബാഗുകൾ, തുണികൾ, എന്നിവയും ഇപ്പോൾ നരത്തിെൻറ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായി നിക്ഷേപിക്കുകയാണ്. സമീപ പഞ്ചായത്തുകളിൽനിന്ന് പോലും ചെറുവാഹനങ്ങളിൽ മാലിന്യം കൊണ്ടുവരുന്നുണ്ട്. റിങ് റോഡിൽ അബാൻ ജങ്ഷൻ മുതൽ സ്റ്റേഡിയം, സെൻറ് പീറ്റേഴ്സ് ജങ്ഷൻ വരെ മാലിന്യം തള്ളൽ വർധിച്ചു. ഇവിടെ റോഡിലെ കാട് വളർന്നുനിൽക്കുന്ന ഭാഗങ്ങളിൽ ചാക്കുകളിലും കവറിൽ കെട്ടിയതുമായ മാലിന്യമാണ് തള്ളുന്നത്. ചെറിയ വാഹനങ്ങളിൽ വരുന്നവർ വാഹനം നിർത്തി മാലിന്യം തള്ളാറുണ്ട്.
വെട്ടിപ്പുറം -കടമ്മനിട്ട റോഡ് വശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. രാത്രി റോഡരികിൽ വീടുകൾ ഇല്ലാത്ത ഭാഗത്താണ് ഇവ തള്ളുന്നത്.
ഞായറാഴ്ച വൈകീട്ട് അറവുശാലക്ക് എതിർവശം കണ്ണങ്കര തോട്ടിലേക്ക് മാലിന്യം തള്ളിയ ആളിനെയും വാഹനവും പൊലീസ് പിടികൂടിയിരുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ മാലിന്യം പ്ലാസ്റ്റിക് കവറിൽ കെട്ടി പെട്ടിഓട്ടോയിൽ കയറ്റി റിങ് റോഡിൽനിന്ന് തോട്ടിലേക്ക് തള്ളുമ്പോഴാണ് നാട്ടുകാർ കാണുന്നത്. പൊലീസ് എത്തി ആളെയും വാഹനവും കസ്റ്റഡിയിലെടുത്തു.
മാലിന്യം ശേഖരിക്കും
പത്തനംതിട്ട: സാധാരണ സംഭരിക്കുന്ന അജൈവ മാലിന്യങ്ങൾക്കൊപ്പം സെപ്റ്റംബറിൽ നഗരസഭ പ്രദേശത്തെ വീടുകളിൽനിന്ന് മരുന്ന് സ്ട്രിപ്പുകൾ, കാലഹരണപ്പെട്ട മരുന്നുകുപ്പികൾ എന്നിവ നഗരസഭയുടെ ഹരിതകർമ സേന മുഖേന ശേഖരിക്കുന്നു.
സംസ്ഥാന സർക്കാർ നിശ്ചയിച്ച കലണ്ടർ പ്രകാരമാണ് ഈ സൗകര്യം. കൈകാര്യം ചെയ്യാൻ തടസ്സമില്ലാത്ത രീതിയിൽ ഇവ നൽകി അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു. ഹെൽപ് ലൈൻ നമ്പർ: 9496002423/9446510119.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.