മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട്: ഗോതമ്പ് ഫാക്ടറിയിൽ പരിശോധന
text_fieldsപത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അനുബന്ധ സ്ഥാപനമായ മൈ ഫുഡ് ഗോതമ്പ് ഫാക്ടറിയിലും ഓഫിസുകളിലും ശനിയാഴ്ച രാവിലെ പത്തനംതിട്ട സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന. ഫാക്ടറിയിലെ ഗോതമ്പിന്‍റെ സ്റ്റോക്ക് എഴുതുന്ന രജിസ്റ്റർ, ബില്ലുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഫാക്ടറിയും ഓഫിസും അടച്ചുപൂട്ടി സീലും ചെയ്തിട്ടുണ്ട്.
നേരത്തേ ഫാക്ടറിയിലെ രജിസ്റ്ററുകളും ബില്ലുകളും ആവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ, വൈസ് പ്രസിഡന്‍റ് എൻ.ആർ. സുനിൽകുമാർ, ബോർഡ് അംഗങ്ങളായ സുനിൽ തോമസ്, മാത്യു സി. ജോർജ് എന്നിവർ റിട്ട. ജോയന്‍റ് രജിസ്ട്രാറുമായി കഴിഞ്ഞ ദിവസം ബാങ്കിലെ ജീവനക്കാരെ സമീപിച്ചിരുന്നു. എന്നാൽ, സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്കിലെ രേഖകൾ നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. വാക്കേറ്റത്തിനൊടുവിൽ പൊലീസെത്തി ഭരണസമിതി അംഗങ്ങളെ പറഞ്ഞുവിട്ടു.
ഇതോടെയാണ് തൊട്ടടുത്ത ദിവസംതന്നെ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പിടിച്ചെടുക്കാൻ പൊലീസ് തീരുമാനിച്ചത്. രജിസ്റ്ററും മറ്റും ബാങ്കിൽ സൂക്ഷിച്ചാൽ രേഖകളിൽ തിരിമറി നടന്നേക്കുമെന്ന സൂചനയും പൊലീസിന് ലഭിച്ചിരുന്നെന്നാണ് അറിയുന്നത്.
അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവി സർക്കാറിന് നൽകിയ കത്തിൽ അധികം വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.