മൈലപ്ര സഹകരണ ബാങ്ക്: 86.12 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും തുടർനടപടി ഇല്ല
text_fieldsപത്തനംതിട്ട: മൈലപ്ര സര്‍വിസ് സഹകരണ ബാങ്കിൽ ലോക്കൽപൊലീസ് പ്രാഥമികാന്വേഷണം നടത്തി എഫ്.ഐ.ആർ ഇട്ട 86.12 കോടി രൂപയുടെ ക്രമക്കേടിൽ തുടർനടപടി ഇല്ല. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യാന്വേഷണ വിഭാഗത്തെ കേസ് ഏൽപിക്കേണ്ടതാണെങ്കിലും ലോക്കൽ പൊലീസ് അതിന് തയാറായിട്ടില്ല.
സഹകരണ ജോയന്റ് രജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടന്നത്. ബാങ്ക് മുൻ സെക്രട്ടറി ജോഷ്വാ മാത്യുവും പ്രസിഡന്റ് ജെറി ഈശോ ഉമ്മനുമാണ് കേസിലെ പ്രതികൾ. ബാങ്കിന്റെ നിയമാവലി ലംഘിച്ച് സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയും ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് വായ്പ നൽകിയത് നിയമവിരുദ്ധമാണെന്ന കുറ്റമാണ് ഇതിൽ പ്രധാനം.
സി.പി.എം ഏരിയ കമ്മിറ്റിയംഗമായ ജെറി ഈശോ ഉമ്മന്‍ പ്രസിഡന്റായ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് മൂടിവെക്കാൻ ഉന്നതതല ഇടപെടൽ ഉണ്ടായതായി ആക്ഷേപമുയർന്നിരുന്നു. നിക്ഷേപകർ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തിയെങ്കിലും ഭരണസമിതിയെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടായത്.
ബാങ്കിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് നടക്കാത്ത ഗോതമ്പ് പര്‍ച്ചേസിന്റെ പേരില്‍ 3.94 കോടി തട്ടിയെന്ന കേസിൽ ഫാക്ടറിയുടെ മാനേജിങ് ഡയറക്ടറെന്ന പേരിൽ പ്രവർത്തിച്ചിരുന്ന മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടെങ്കിലും അറസ്റ്റ് ഉണ്ടാകാതെ പോയതിന് പിന്നിലും രാഷ്ട്രീയ ഇടപെടലെന്ന ആരോപണം ഉണ്ട്. കഴിഞ്ഞ ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എക്കണോമിക്സ് ഓഫന്‍സ് വിംഗ് ഡിവൈ.എസ്.പി എം.എ. അബ്ദുൽ റഹീമിന്റെ മുമ്പാകെ ഹാജരാകണമെന്നായിരുന്നു ജോഷ്വാ മാത്യുവിന് കോടതി നൽകിയ നിർദേശം. ജോഷ്വായെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങണമെന്നും കോടതി നിർദേശിച്ചിരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.