മൈലപ്ര സർവിസ് ബാങ്കിലെ തട്ടിപ്പ്; സമരപരിപാടികളുമായി കോൺഗ്രസ്
text_fieldsപത്തനംതിട്ട: മൈലപ്ര സർവിസ് കോഓപറേറ്റിവ് ബാങ്കിലെ കോടികളുടെ തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയരാക്കണമെന്നും നിക്ഷേപകരുടെ പണം അടിയന്തരമായി തിരികെനൽകണമെന്നും ആവശ്യപ്പെട്ട് മാർച്ചും ഉപരോധവും സംഘടിപ്പിക്കുന്നതിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
തിങ്കളാഴ്ച രാവിലെ 10നാണ് മാർച്ച്. സി.പി.എം ഏരിയ കമ്മിറ്റി അംഗം ആയിരിക്കുന്ന വ്യക്തി വർഷങ്ങളായി പ്രസിഡന്റായ മൈലപ്ര സഹകരണ ബാങ്കിലെ തട്ടിപ്പിന് പ്രസിഡന്റും സെക്രട്ടറിയും ഒരുപോലെ ഉത്തരവാദികളാണെന്നും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇത്രയും വലിയ ക്രമക്കേട് നടന്നിട്ടുള്ളതെന്ന് യോഗം ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് അധ്യക്ഷതവഹിച്ചു.
കോൺഗ്രസും പ്രതിരോധത്തിൽ
പത്തനംതിട്ട: മൈലപ്ര സർവിസ് കോഓപറേറ്റിവ് ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ കോൺഗ്രസും പ്രതിരോധത്തിൽ. തട്ടിപ്പിലെ പ്രധാന പ്രതിയായ സെക്രട്ടറി ജോഷ്വ മാത്യു സഹകരണ മേഖലയിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. കൂടാതെ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ കോൺഗ്രസിന്റെ പ്രതിനിധികളുമുണ്ട്.
ബാങ്കിൽ വർഷങ്ങളായി നടന്നുവരുന്ന വഴിവിട്ട നടപടികളെക്കുറിച്ച് ഇത്രകാലവും എന്തുകൊണ്ട് മൗനം പാലിച്ചെന്ന് ഇവർ വിശദീകരിക്കേണ്ടിവരും. അതിനിടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി ബാങ്കിലെ കോൺഗ്രസ് ഭരണസമിതി അംഗങ്ങളോട് രാജി വെക്കാൻ ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ നിർദേശം നൽകി. സെക്രട്ടറിക്കെതിരെ പാർട്ടിതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്നും ഡി.സി.സി പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.