ശാരീരിക ഇല്ലായ്മകളോട് പൊരുതി മുഴുവൻ എ പ്ലസ് നേടി നന്ദന
text_fieldsപത്തനംതിട്ട: ജന്മന ഇരുകാലുമില്ല. കൈ ഒന്നുമാത്രമെയുള്ളൂ. എന്നിട്ടും എസ്.എസ്.എൽ.സി പരീക്ഷയിൽ നേടിയത് എല്ലാ വിഷയത്തിനും എ പ്ലസ്. നന്ദനയുടെ ഇച്ഛാശക്തിക്കുമുന്നിൽ അവളുടെ ഭിന്നശേഷി തോൽക്കുകയായിരുന്നു. ഇടതുകൈ കൊണ്ടാണ് അവള് പരീക്ഷ എഴുതിയത്. ഇനി നന്ദനയുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്. പഠിച്ച് ഐ.എ.എസുകാരിയാകണം.
തട്ടയില്‍ പാറക്കര കൃഷ്ണഭവനില്‍ ടി.കെ. അനന്തകൃഷ്ണെൻറയും എല്‍. മായയുടെയും ഏക മകളാണ് നന്ദന. സിവില്‍ സര്‍വിസ് അവള് സ്വപ്നം കാണുന്നു. പക്ഷേ, അത്രത്തോളമെത്തിക്കാന്‍ കൂലിപ്പണിക്കാരനായ പിതാവിന് കഴിയില്ല. നന്ദനയുടെ ആഗ്രഹം കേട്ടറിഞ്ഞ്, തുടര്പഠനത്തിെൻറ മുഴുവന്‍ ചെലവും എഴുമറ്റൂര്‍ അമൃതധാര ഗോശാല ഉടമ അജയകുമാര്‍ വല്യുഴത്തില്‍ ഏറ്റെടുത്തു.
വെള്ളിയാഴ്ച രാവിലെ നന്ദനയുടെ വീട്ടിലെത്തിയാണ് അജയകുമാര്‍ മകളുടെ പഠനച്ചെലവ് ഏറ്റെടുത്തതായി മാതാവ് മായയെ അറിയിച്ചത്. ഭിന്നശേഷിയുള്ള കുഞ്ഞാണെന്ന തോന്നല്‍ ഒരിക്കലുമുണ്ടാകാത്ത തരത്തിലാണ് മായ മകളെ വളര്‍ത്തിയത്. തട്ടയില്‍ എന്‍.എസ്.എസ് എച്ച്.എസ്.എസില്‍നിന്നാണ് പത്താം ക്ലാസ് പരീക്ഷ പാസായത്. മികച്ച ചിത്രകാരി കൂടിയാണ് നന്ദന. ഇടക്ക് കുറച്ചുനാള്‍ കീബോര്‍ഡ് പഠിക്കാനും പോയി. നന്ദനയെ അജയകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.