എം.സി റോഡ് സ്ഥിരം അപകമേഖലയെന്ന് നാറ്റ്പാക് പഠനം
text_fieldsപന്തളം: എം.സി റോഡ് സ്ഥിരം അപകട മേഖലയാണെന്ന് നാറ്റ്പാക് പഠനം. എം.സി റോഡിൽ 40 കിലോമീറ്റർ ദൂരം അത്യന്തം അപകടം നിറഞ്ഞതാണ്. ഇതിനൊപ്പം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവും കൂടി ചേരുമ്പോഴാണ് പാതയിൽ ചോര വീഴുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുകയാണ് അപകടം ഒഴിവാക്കാനുള്ള ആദ്യവഴി.
യാത്രക്കാർ തന്നെ സ്വയം അച്ചടക്കം പാലിച്ച് വാഹനമോടിക്കുന്ന രീതിയാണു ലെയ്ൻ ട്രാഫിക്. ചിഹ്നങ്ങളും യാത്രാ അവകാശ നിയമങ്ങളുമാണ് ഇതിന്റെ അടിസ്ഥാനം. നാലുവരിപ്പാതകളിൽ മാത്രമല്ല, ഒരു വരിയിലും രണ്ടുവരിയിലുമെല്ലാം ലെയ്ൻ ട്രാഫിക് പാലിച്ചു വണ്ടിയോടിക്കാം. ഏതു വാഹനമായാലും ഏറ്റവും ഇടതുവശം ചേർന്നു പോകുക എന്നതാണു ഇതിന്റെ പ്രാഥമിക പാഠം. നാലുവരിപ്പാതയാണെങ്കിൽ ഓവർടേക് ചെയ്യാൻ വേണ്ടി മാത്രം രണ്ടാമത്തെ ലെയ്ൻ ഉപയോഗിക്കുക. ഇരുചക്ര വാഹനങ്ങൾ നിർബന്ധമായും റോഡിന്റെ ഏറ്റവും ഇടതുവശത്തുകൂടെ മാത്രം ഓടിക്കുക.
അത്ര ബ്രൈറ്റാക്കണ്ട യാത്ര
ഹെഡ് ലൈറ്റ് ബ്രൈറ്റ് ആക്കുമ്പോൾ നമുക്കു റോഡ് മുഴുവൻ കാണാം. എന്നാൽ, എതിരെ വരുന്ന ഡ്രൈവറുടെ കണ്ണ് മങ്ങും. ആ വാഹനം നിയന്ത്രണം വിട്ടു നമ്മുടെ വാഹനത്തിൽ തന്നെയിടിക്കും. എപ്പോഴും ലൈറ്റ് ഡിം ചെയ്തു വാഹനം ഓടിക്കണം. അത്യാവശ്യ സമയത്തു മാത്രം ബ്രൈറ്റ് മതി.
സൂക്ഷിക്കണം പിന്നിൽ പോകുമ്പോഴും
വലിയ വാഹനങ്ങളുടെ പിന്നിൽ പോകുമ്പോഴും സൂക്ഷിക്കണം. വലിയ വാഹനങ്ങളുുടെ ഡ്രൈവർമാർക്കു വശക്കണ്ണാടിയിലൂടെയുള്ള കാഴ്ച കുറവാണ്. ചില കോണുകളിൽ പിന്നിലൂടെ വരുന്ന വാഹനങ്ങൾ കാണാനാവില്ല. വലിയ വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ അതിന്റെ അടിയിലേക്കു പിന്നിൽ വരുന്ന ചെറു വാഹനം ഇടിച്ചു കയറാം.
ഒരാൾ പെട്ടെന്നു വാഹനത്തിനു മുന്നിലേക്കു ചാടുന്ന അതേ പ്രശ്നങ്ങൾ തന്നെയാണു റോഡിലേക്കു ചാടാൻ ആഞ്ഞാലും ഉണ്ടാവുക. രണ്ടു കാര്യത്തിലും മുന്നിൽ പോകുന്ന വാഹനം പെട്ടെന്നു ബ്രേക്കിടും. മുന്നിൽ പോകുന്ന വാഹനവുമായി നിശ്ചിത അകലം പാലിക്കണമെന്നാണു നിയമമെങ്കിലും പലപ്പോഴും അതു സാധിക്കാറില്ല. മുന്നിലെ വാഹനത്തിന്റെ പിൻ ചക്രം മുഴുവൻ കാണുന്ന അകലമെങ്കിലും പാലിക്കുക.
സൂക്ഷിക്കണം കാൽനടക്കാരും
റോഡിൽ മുൻഗണന നൽകേണ്ടത് കാൽനടക്കാരനാണ് എന്നാണു സങ്കൽപം. കാൽനടക്കാരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. റോഡിന്റെ വലതുവശം ചേർന്നു നടക്കുക. റോഡിൽനിന്ന് വിട്ടുമാറി നടക്കണം. ഫുട്പാത്ത് ഉള്ളിടത്ത് അതുപയോഗിക്കുക. റോഡരികിലൂടെ നടക്കുമ്പോൾ ഒരാൾക്കു പിന്നിൽ മറ്റൊരാൾ എന്ന രീതിയിൽ നടക്കുക. കൂട്ടം ചേർന്നു നടക്കരുത്.
എന്നാൽ, റോഡ് മുറിച്ചു കടക്കുമ്പോൾ കൂട്ടം ചേർന്നു മുറിച്ചു കടക്കാൻ ശ്രദ്ധിക്കുക. ഇരുവശത്തുനിന്ന് വാഹനം വരുന്നുണ്ടോയെന്നു ശ്രദ്ധിച്ച്, വേഗം കുറച്ചുവരുന്ന വാഹനങ്ങൾക്ക് കൈയുയർത്തി അടയാളം നൽകിയ ശേഷം മാത്രം റോഡ് മുറിച്ചു കടക്കുക. സീബ്ര ക്രോസിങ് ഉപയോഗിക്കുക. വളവുകളിൽ റോഡ് മുറിച്ചു കടക്കുന്നത് ഒഴിവാക്കുക. വാഹനമോടിക്കുമ്പോൾ മാത്രമല്ല, റോഡ് മുറിച്ചുകടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
കെട്ടിയിടാൻ മറക്കേണ്ട
ഹെൽമറ്റിന്റെ വള്ളി (സ്ട്രാപ്) ഭംഗിക്കുള്ളതല്ല. സ്ട്രാപ് കൃത്യമായി മുറുക്കി ഹെൽമറ്റിനു സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയിൽത്തന്നെ ധരിക്കണം. ഇതു വളരെ പ്രധാനമാണ്. അതുപോലെ, ചെറിയ ദൂരമല്ലേ എന്നു കരുതി ഹെൽമറ്റ് ധരിക്കാതെ പോകുന്നതു പരമാബദ്ധം. ചെറിയ ദൂരത്തിനിടെ അപകടം ഉണ്ടായാലും തലക്ക് ഏൽക്കുന്ന ആഘാതത്തിനു കുറവൊന്നുമില്ലല്ലോ.
ഇരിപ്പുവശം ശരിയാകണം
ബൈക്കിലോ സ്കൂട്ടറിലോ ഒക്കെ പിൻയാത്രക്കാർ ഒരു വശത്തേക്കു കാലുകൾവെച്ച് ഇരിക്കരുത്. ബാലൻസ് തെറ്റാനും തെറിച്ചുപോകാനുമുള്ള സാധ്യത ഇരട്ടിക്കും.
അപകടകരമായ നാലാം സ്ഥാനം
വാഹനാപകടങ്ങളുടെ അപകടങ്ങളുടെ കണക്കിൽ നാലാം സ്ഥാനത്താണ് ജില്ലയുള്ളത്. കൂടുതലും എം.സി റോഡിൽ നാറ്റ്പാകിന്റെ പഠനറിപ്പോർട്ട്. എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകൾക്കു തൊട്ടുപിന്നിൽ.
തലയാണ്, ഓർമ വേണം
ഇരുചക്ര വാഹനങ്ങളിൽ ഭൂരിപക്ഷം പേർക്കും പരിക്ക് തലക്കും മസ്തിഷ്കത്തിനും. കഴുത്തിനു താഴേക്ക് ഒരു മുറിവുപോലും പറ്റിയില്ലെങ്കിലും തലക്കേറ്റ പരിക്കുമൂലം പലരും ശരീരം തളർന്നു കിടന്ന കിടപ്പിലാണ്. ഹെൽമറ്റിന്റെ പ്രാധാന്യം ഇനി എടുത്തു പറയണോ! ഹെൽമറ്റിന്റെ പ്രധാനലക്ഷ്യം മസ്തിഷ്കത്തെ സംരക്ഷിക്കുകയാണ്. തലയോട്ടിയുടെയും മുഖത്തിന്റെയുമൊക്കെ പരിക്ക് രണ്ടാമത്തേതാണ്.
മസ്തിഷ്കമാണു പ്രധാനം. അതിനു പരിക്കേറ്റാൽ ഒന്നുകിൽ മരണം, അല്ലെങ്കിൽ മരണതുല്യമായ ജീവിതം. ശരിയായ രീതിയിൽ ഹെൽമറ്റ് ധരിച്ചാൽ ഇരുചക്രവാഹന അപകടങ്ങളിൽ 42 ശതമാനവും മരണനിരക്കു കുറക്കാം. തലക്കേൽക്കുന്ന പരിക്ക് 69 ശതമാനവും കുറക്കാം.
വസ്ത്രം ചുളുങ്ങിക്കോട്ടെ; ജീവൻ ബാക്കിയുണ്ടാകും
ഈ മരണങ്ങളിലും പരിക്കുകളിലും നല്ലൊരു ശതമാനം ഒഴിവാക്കാനോ ആഘാതം കുറക്കാനോ കഴിയും വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചാൽ. സീറ്റ് ബൈൽറ്റ് ധരിച്ചാൽ, ഡ്രൈവറുടെയും മുൻസീറ്റിലിരിക്കുന്ന യാത്രക്കാരന്റെയും മരണസാധ്യത 45 ശതമാനം കുറയുമെന്നു പഠനങ്ങൾ കണ്ടെത്തി. ഗുരുതര പരിക്കിന്റെ സാധ്യത പകുതിയായും കുറയും. സീറ്റ് ബെൽറ്റ് ഇടാത്തയാൾ വാഹനാപകടങ്ങളിൽ പുറത്തേക്കു തെറിച്ചുവീഴാനുള്ള സാധ്യത 30 ഇരട്ടി.
പുറത്തേക്കു തെറിച്ചുവീണവരിലെ മരണസാധ്യത അഞ്ചിരട്ടിയും. എയർബാഗിന്റെ സുരക്ഷ ശരിയായ രീതിയിൽ ലഭിക്കണമെങ്കിൽ സീറ്റ്ബെൽറ്റ് ഇട്ടിരിക്കണം. കാറിന്റെ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇടണമെന്നു നിലവിൽ നമ്മുടെ നാട്ടിൽ നിയമമില്ല. പക്ഷേ, പിന്നിൽ സീറ്റ് ബെൽറ്റ് ഇടാതെ ഇരിക്കുന്നയാൾക്ക് അപകടമുണ്ടായാൽ ഉണ്ടാകുന്ന പരിക്കുകൾക്കും കണക്കില്ല.സീറ്റ്ബെൽറ്റിട്ടാൽ വസ്ത്രം ചുളുങ്ങില്ലേ എന്നാണു പലരുടെയും ചിന്ത. വസ്ത്രം ചുളുങ്ങുന്നതാണോ ശരീരം തവിടുപൊടിയാകുന്നതാണോ പ്രധാനമെന്നു ചിന്തിക്കുക.
കുട്ടികൾക്കു വേണം സുരക്ഷ
കൈക്കുഞ്ഞുങ്ങളെയും കൊച്ചുകുട്ടികളെയും മിക്കപ്പോഴും മടിയിലിരുത്തിയാകും നമ്മൾ കാറിലോ ജീപ്പിലോ പോകുക. പെട്ടെന്നൊരു നിമിഷം അപകടമുണ്ടായാൽ, കുഞ്ഞ് നമ്മുടെ കൈയിൽനിന്ന് തെറിച്ചുപോകുമെന്നുറപ്പാണ്; എത്ര മുറുകെപ്പിടിച്ചാലും. കാരണം, അപകടത്തിന്റെ ആഘാതം അത്ര വലുതായിരിക്കും. തീരെ ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റുള്ള ചൈൽഡ് സീറ്റ്, ബേബി സീറ്റ് എന്നിവയുണ്ട്. വണ്ടിയുടെ സീറ്റിലേക്ക് എടുത്തുവെച്ച് അവിടെ ഉറപ്പിക്കാവുന്നതാണ് ഇത്. ഇതിനുള്ളിലെ മൂന്നു സുരക്ഷാ ബെൽറ്റുകൾ കുട്ടികളെ സുരക്ഷിതരാക്കുന്നു.
അപകടസമയത്തു ചൈൽഡ് സീറ്റ് കാർസീറ്റിൽനിന്നു നീങ്ങിപ്പോകില്ല; കുഞ്ഞ് ചൈൽഡ് സീറ്റിൽനിന്നു തെറിച്ചും പോകില്ല. കുട്ടികളെ മുന്നിൽ ഇരുത്തുന്നതിനു നമ്മുടെ നാട്ടിൽ നിരോധനമില്ലെങ്കിലും കഴിവതും പിൻസീറ്റിൽ ഇരുത്തുക. മടിയിൽ കുട്ടിയെ ഇരുത്തുമ്പോൾ കുട്ടിയെ പിടിച്ചിരിക്കുന്നയാൾക്കേ സീറ്റ് ബെൽറ്റുള്ളൂ. വാഹനം ഇടിക്കുമ്പോൾ വാഹനത്തിന്റെ വേഗവും തെറിച്ചുപോകുന്ന വസ്തുവിന്റെ ഭാരവും ചേർന്നാണ് ആഘാതത്തിന്റെ തോതു വർധിക്കുന്നത്. കുട്ടിക്കു ഗുരുതര പരിക്കേൽക്കും. മുന്നിലാണെങ്കിൽ എയർബാഗിൽ മുഖമിടിച്ച് കുട്ടിക്കു ശ്വാസംകിട്ടാത്ത അവസ്ഥയുമുണ്ടാകാം.
കാറിനൊപ്പം സഞ്ചരിക്കുന്ന ശരീരം
മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറിൽ സഞ്ചരിക്കുമ്പോൾ നമ്മളും നമ്മുടെ ശരീരവും അതേവേഗത്തിലായിരിക്കും. വാഹനം എവിടെയങ്കിലും ഇടിച്ചോ മറ്റോ പെട്ടെന്നു നിൽക്കുകയാണെങ്കിൽ വാഹനത്തിന്റെ വേഗം 90ൽനിന്ന് പൂജ്യത്തിലേക്കു പൊടുന്നനെ കുറയും. എന്നാൽ, വാഹനത്തിലുള്ള നമ്മുടെ വേഗം പൂജ്യത്തിലെത്തില്ല. നമ്മൾ ഇരിപ്പിടത്തിൽനിന്ന് മുന്നിലേക്ക് എടുത്തെറിയപ്പെടും; 90 കിലോമീറ്റർ വേഗത്തിൽത്തന്നെ. ഈ വേഗത്തിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അതു താങ്ങാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.