നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsതീരുമോ വെള്ളപ്പൊക്കം
അപ്പർ കുട്ടനാട് അടങ്ങുന്ന തിരുവല്ല മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അടിക്കടിയുള്ള വെള്ളപ്പൊക്കമാണ്. മുൻകാലങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വെള്ളപ്പൊക്കം ഉണ്ടായിരുന്നതെങ്കിൽ അഞ്ചിൽ അധികം തവണ വെള്ളം കയറുന്ന സ്ഥിതിയാണിപ്പോൾ. ഇങ്ങനെ തകരുന്ന റോഡുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താത്തത് വലിയ യാത്രാദുരിതത്തിനും ഇടയാക്കുന്നു. കടപ്ര -വീയപുരം ലിങ്ക് ഹൈവേയിൽ യാത്രാദുരിതം. വെള്ളപ്പൊക്കകാലത്ത് വലിയ വാഹനങ്ങൾക്കുപോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതി.
പ്രാദേശിക-ഗ്രാമീണ റോഡുകൾ പലതും തകർന്നു
തിരുവല്ല താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ അടക്കം നൽകാൻ കോടികൾ ചെലവഴിച്ച് നിർമിച്ച ഏഴുനില കെട്ടിടത്തിന്റെ രണ്ട് നിലകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. മോഡുലാർ ഓപറേഷൻ തിയറ്റർ ഉണ്ടെങ്കിലും പല ശസ്ത്രക്രിയകൾക്കും മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്നു
- ഒ.പി ബ്ലോക്കിനായി ഒരു വർഷം മുമ്പ് 15 കോടി അനുവദിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല.
- ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു
- ചുമത്ര ട്രാക്കോ കേബിൾ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചു. ശമ്പളം ലഭിക്കാത്തതുമൂലം മൂന്നുമാസമായി ജീവനക്കാർ സമരത്തിൽ.
- വർഷത്തിൽ രണ്ടുതവണയാണ് നെൽകൃഷി നടന്നിരുന്നത്. എന്നാൽ, അടിക്കടിയുള്ള വെള്ളപ്പൊക്കം മൂലം നിരണം, കടപ്ര, പെരിങ്ങര ഭാഗങ്ങളിൽ വർഷത്തിൽ ഒരു കൃഷി മാത്രമാണ് ചെയ്യുന്നത്.
- വളത്തിന്റെ വിലവർധനയും കൂലിച്ചെലവും സംഭരിക്കുന്ന നെല്ലിന്റെ വില കൃത്യസമയത്ത് ലഭിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു
- നാളികേരത്തിന്റെ വില കുറഞ്ഞതും അമിതമായ കൂലിയും കർഷകർക്ക് തിരിച്ചടിയാവുന്നു.
- കാലവർഷത്തിലും വേനലിലും കുടിവെള്ളം പ്രധാന പ്രശ്നമാണ്
- നിരവധിപേർ ഭവന- ഭൂ രഹിതരുണ്ട്. ലൈഫ് ഭവന പദ്ധതി പല പഞ്ചായത്തുകളിലും പൂർണമായി നടപ്പായിട്ടില്ല.
മാലിന്യമാണ് മുഖ്യ പ്രശ്നം
അടൂർ നഗരസഭ തുറന്ന മാലിന്യ സംസ്കരണ കേന്ദ്രം നിശ്ചലമായതോടെ ഇവിടം മാലിന്യശേഖരണ കേന്ദ്രമായി. പഠനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും ഒരുപാട് നടന്നെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. റോഡരികിലാണ് മാലിന്യം വലിച്ചെറിയുന്നത്. വിദൂര പ്രദേശങ്ങളിൽനിന്നുള്ള കക്കൂസ് മാലിന്യങ്ങൾവരെ ജലസ്രോതസ്സുകളിൽ നിക്ഷേപിക്കുകയാണ്. പന്തളം ജങ്ഷനിലെ മാലിന്യ സംസ്കരണ യൂനിറ്റ് പ്രവർത്തനം നിലച്ചു. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം വേണം. പൊതുമരാമത്ത് റോഡുകൾ പലതും സഞ്ചാരയോഗ്യമല്ലാതായി. ഗ്രാമീണ റോഡുകളും തകർച്ചയിൽ. റബർ, നെല്ല്, തെങ്ങ് എന്നിവയാണ് പ്രധാന വിളകൾ. വിലയിടിവും ഉയർന്ന വേതനവും വളങ്ങളുടെ വിലവർധനവും സർക്കാർ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാത്തതും കർഷകരെ വലയ്ക്കുന്നു.
- അടൂരിലെ ചന്ത ഉദ്ഘാടനം ചെയ്തിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
- പന്തളം ബൈപ്പാസിന് സർവേ നടത്തിയിട്ടും യാഥാർഥ്യമായിട്ടില്ല,
- ബജറ്റിൽ പറഞ്ഞ പന്തളം എൻ.എസ്.എസ് കോളജിന് സമീപത്തെ മേൽപാലം നിർമാണവും തുടങ്ങിയില്ല.
- പന്തളം ചേരിക്കലിൽ ലൈഫ് മിഷൻ പ്രകാരമുള്ള കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടില്ല.
- ഉയർന്ന മേഖലകളിൽ കുടിവെള്ളക്ഷാമം. കൂടുതൽ രൂക്ഷം പറക്കോട് ബ്ലോക്കിൽ
- പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ വേണം
- ഐ.എച്ച്.ആർ.ഡി കോളജിലെ സൗകര്യങ്ങൾ വർധിപ്പിക്കണം
- കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലും തോട്ടക്കോണം സ്കൂളിലും അടിസ്ഥാന സൗകര്യങ്ങൾ പരിമിതം.
- പന്തളത്തെ വിനോദസഞ്ചാര മേഖലയാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.
- പന്തളത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാനുള്ള നീക്കം നടപ്പായില്ല.
- പന്തളം അഗ്നിരക്ഷാ സേനാ നിലയം പദ്ധതിയും കടലാസിൽ
കുടിവെള്ളം, റോഡ്, ആശുപത്രി... ചൂണ്ടിക്കാണിക്കാൻ ഏറെയുണ്ട്
മഴക്കാലത്ത് ടൗണുകളിലെ റോഡുകളിൽ വെള്ളക്കെട്ട്. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നു. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ റാന്നിക്ക് കൂടുതൽ കരുതൽ വേണം. പല ആശുപത്രികളിലും ആവശ്യത്തിന് കെട്ടിടങ്ങളോ ജീവനക്കാരോ ഇല്ല. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ പലതുണ്ടെങ്കിലും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. റാന്നിയിൽ പമ്പാനദിക്ക് കുറുകെയുള്ള സമാന്തര പാലം നിർമാണം തൂണിൽ ഒതുങ്ങി. അപ്രോച്ച് റോഡുകൾക്കുള്ള സ്ഥലമേറ്റെടുപ്പും വൈകുന്നു. ലക്ഷങ്ങൾ മുടക്കി നിർമിച്ച മാലിന്യ സംസ്കരണ പ്ലാന്റുകൾ പലതും നോക്കുകുത്തി. നാഗപ്പാറ, ഒരയ്ക്കൻ പാറ വെള്ളച്ചാട്ടം, കരുവള്ളിക്കാട് കുരിശുമല എന്നിവിടങ്ങളിൽ സഞ്ചാരികൾ ഏറുകയാണ്. ഇതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കണം. ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരം വേണം
- ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം
- ഇട്ടിയപ്പാറയിലെ പിൽഗ്രിം സെന്റർ നിർമാണം മുടങ്ങി
- മാലിന്യ പ്രശ്നം രൂക്ഷം. ഇട്ടിയപ്പാറയിലെ സംസ്കരണ യൂനിറ്റ് കാര്യക്ഷമമല്ല.
- റാന്നി താലൂക്കാശുപത്രിക്ക് കണ്ടെത്തിയ ഭൂമി ഏറ്റെടുത്ത് കെട്ടിട നിർമാണം നടത്തണം.
- കോട്ടാങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയിട്ടും സേവനങ്ങൾ പരിമിതം. ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല. ആംബുലൻസ് സൗകര്യം വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
- എഴുമറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നാമമാത്രം
- കൊറ്റനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുമില്ല
- പെരുനാട് സി.എച്ച്.സിയിൽ എക്സ്റേ യൂനിറ്റ് പ്രവർത്തനം ഇല്ല. കിടത്തി ചികിത്സ പ്രഖ്യാപനം മാത്രമായി
- കുറുമ്പംമൂഴി, അടിച്ചിപ്പുഴ പ്രദേശങ്ങളിൽ ആദിവാസി കുടുംബങ്ങൾ അടിസ്ഥാന, ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്നു
- പട്ടയ പ്രശ്നത്തിന് പരിഹാരം ഉണ്ടാകണം
- കോട്ടാങ്ങൽ, എഴുമറ്റൂർ, കൊറ്റനാട് പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം.
പ്രഖ്യാപിച്ചിട്ട് കാര്യമില്ല; പൂർത്തീകരിക്കണം
കോന്നി നിയോജക മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർത്തീകരണം ആകാത്തത് പ്രതിസന്ധിയാണ്. വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനും പദ്ധതികൾ വേണം. കോന്നി, അടവി, ഗവി ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ തോതിൽ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഗവിയിൽ താമസിച്ച് സൗന്ദര്യം ആസ്വദിക്കാൻ പരിമിത താമസ സൗകര്യമാണുള്ളത്.
കോന്നി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം. കിടത്തി ചികിത്സ ആരംഭിച്ചെങ്കിലും ഇതുവരെ സൗകര്യം രോഗികൾക്ക് ലഭിക്കുന്നില്ല. ഐ.പിയിൽ എത്തുന്നവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നു.
- കോന്നി താലൂക്ക് ആശുപത്രിക്ക് ആവശ്യത്തിന് കെട്ടിട സൗകര്യങ്ങൾ ഒരുക്കണം
- നിർമാണം പൂർത്തിയായ കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
- റോഡുകൾ പലതും ഗതാഗത യോഗ്യമല്ലാതായി. കുടിവെള്ള പദ്ധതികൾക്കായി പൊളിച്ച റോഡുകൾ പുനർനിർമിക്കുന്നില്ല.
- കോന്നിയിലെ ജില്ല പൈതൃക മ്യൂസിയം പ്രഖ്യാപനത്തിൽ ഒതുങ്ങി. ഏറ്റെടുത്ത പൈതൃക സ്വത്തുകൾ വനം വകുപ്പ് കെട്ടിടത്തിൽ നശിക്കുന്നു
- കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷം. കൃഷി നശിച്ചാൽ മതിയായ നഷ്ടപരിഹാരം ലഭിക്കുന്നുമില്ല
- വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷം. കോന്നി, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതൽ പ്രതിസന്ധി.
- ആദിവാസി കുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന കൊക്കാത്തോട് ഗവ.ഹൈസ്കൂൾ അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ
- പേരൂർകുളം ഗവ.എൽ.പി സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റിയിട്ട് ഒരു വർഷമായിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. കുട്ടികളെ പഠിപ്പിക്കുന്നത് ബി.ആർ.സി കെട്ടിടത്തിൽ.
ആശുപത്രി വികസനത്തിൽ മുന്നേറാനുണ്ട്
പ്രഖ്യാപിച്ച പദ്ധതികൾതന്നെ പൂർത്തിയാക്കാൻ ഏറെയുണ്ട്. ജില്ലാ ആസ്ഥാനത്ത് 50 കോടി രൂപയുടെ മേൽപാലം നിർമിക്കുമെന്ന് ഒന്നാം പിണറായി സർക്കാറിന്റെ ആദ്യ ബജറ്റിൽ പറഞ്ഞതാണ്. നിർമാണം ഇഴഞ്ഞു നീങ്ങുന്നു. ആറന്മുളയിൽ 40 കോടിയുടെ ചട്ടമ്പിസ്വാമി സാംസ്കാരിക സമുച്ചയം നിർമിക്കുമെന്നും ഈ ബജറ്റിൽ പറഞ്ഞിരുന്നു.
പമ്പ കർമപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കേന്ദ്രമാക്കി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാനും കഴിഞ്ഞില്ല. കോഴഞ്ചേരിയിൽ സമാന്തര പാലം നിർമാണം എതാനും തൂണുകളിൽ ഒതുങ്ങി. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിർമാണത്തിന് തുടക്കമിട്ട സുബല പാർക്ക് നിർമാണം പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇൻഡോർ സ്റ്റേഡിയം, പത്തനംതിട്ടയിലെ കോടതി സമുച്ചയം, വർക്കിങ് വിമൻസ് ഹോസ്റ്റൽ, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് നിര്‍മാണം, പത്തനംതിട്ട, കോഴഞ്ചേരി ഔട്ടര്‍ റിങ് റോഡ് തുടങ്ങി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാകാത്തതായുണ്ട്.
- വിവിധ സ്ഥലങ്ങളിൽ ജലശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം താളംതെറ്റികിടക്കുന്നു
- ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കെട്ടിടം പണി എങ്ങുമെത്തിയില്ല
- ജില്ല ആസ്ഥാനത്തുനിന്ന് ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ടി.കെ. റോഡ് വികസനം യാഥാർഥ്യമാക്കണം
- മലയോര മേഖലകളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട്, പില്‍ഗ്രിം ടൂറിസം പദ്ധതികളും എങ്ങും എത്തിയിട്ടില്ല
- വാണിജ്യ കാര്‍ഷിക മേഖലകൾ തകര്‍ച്ചയുടെ വക്കിലാണ്.
- നെൽകൃഷി നാമമാത്രമായി ചുരുങ്ങി. ഉൽപന്ന വിലയിടിവും വന്യമൃഗ ശല്യവും കർഷകരെ വലക്കുന്നു
- ആശുപത്രി അടിസ്ഥാന സൗകര്യ വികസനത്തിലും ചികിത്സ സൗകര്യം മികച്ചതാക്കുന്നതിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല.
- പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ അവസ്ഥ പരിതാപകരം
- നല്ലാനിക്കുന്നിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ വേണം
- ആയുർവേദ, ഹോമിയോ ആശുപത്രികളിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയം കുറവ്
- ഉള്‍നാടന്‍ ഗതാഗതത്തിന് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി
- മാലിന്യ സംസ്കരണത്തിലും പരാതികൾ നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.