കരിങ്കൊടി പിരിമുറുക്കം സംഘർഷം അറസ്റ്റ്
text_fieldsപത്തനംതിട്ട: നവകേരള സദസ്സ് ജില്ലയിൽ തങ്ങിയ രണ്ടുദിവസവും കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ പിരിമുറക്കത്തിലൂടെയാണ് കടന്നുപോയത്. മഞ്ചേശ്വരം മുതൽ പ്രതിപക്ഷ യുവജന സംഘടന ഉയർത്തിയ പ്രതിഷേധം ജില്ലയിൽ പൊതുവെ തണുത്തതായി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ ജില്ലകൂടിയായ പത്തനംതിട്ടയിൽ ശക്തമായ പ്രതിഷേധമാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. അതിനൊത്ത മുൻകരുതലും സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസ് പല പ്രതിഷേധങ്ങളും നിശ്ചയിച്ചെങ്കിലും അപ്രതീക്ഷിത മഴയിൽ കുതിർന്ന് ആവേശം ശമിച്ചതയാണ് മാതൃസംഘടനക്കാർ പറയുന്നത്. ഇതിനിടെ ഗ്രൂപ്പുപോരും പ്രതിഷേധം തണുപ്പിച്ചതായാണ് പറയപ്പെടുന്നു.
കരുതൽ തടങ്കൽ
പത്തനംതിട്ട: പ്രതിഷേധം മുന്നിൽക്കണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഞായറാഴ്ച രാവിലെ കരുതൽ തടങ്കലിലാക്കി. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ജില്ല ജനറൽ സെക്രട്ടറി അഡ്വ. ലിനു മാത്യു, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ വിട്ടയച്ചു. കരുതൽ തടങ്കലിലായ പ്രവർത്തകരെ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, ഡി.സി.സി ഭാരവാഹികളായ അഡ്വ. എ. സുരേഷ് കുമാർ, കെ. ജാസിംകുട്ടി എന്നിവർ സന്ദർശിച്ചു.
കോന്നിയിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി
കോന്നി: കോന്നിയിൽ നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയ 11 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഇളകൊള്ളൂർ ഈട്ടിമൂട്ടിപടിക്കും ഐ.ടി.സി പടിക്കും ഇടയിലായാണ് കരിങ്കൊടി കാട്ടിയത്. മൂന്ന് വനിത പ്രവർത്തകർ അടക്കമുള്ളവരെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
അമ്പരപ്പിച്ച് കറുത്ത ബലൂണുകൾ
പത്തനംതിട്ട: നവകേരള സദസ്സ് നടന്ന പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈഡ്രജൻ നിറച്ച കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധിച്ചു. സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് ബലൂൺ പറപ്പിച്ചത്. അപ്രതീക്ഷിതമായ പ്രതിഷേധം കണ്ട പൊലീസും അമ്പരന്നു. യൂത്ത് കോൺഗ്രസ് പതാകയോടൊപ്പം ബലൂൺ കൂട്ടിക്കെട്ടിയാണ് പറപ്പിച്ചത്. ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ നേതൃത്വം നൽകി.
റാന്നിയില്‍ യൂത്ത് കോൺഗ്രസ് -ഡി.വൈ.എഫ്.ഐ സംഘർഷം
റാന്നി: റാന്നിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. പത്തനംതിട്ടയിലെ സമ്മേളന ശേഷം റാന്നിയിലെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നുപോകുന്നതിന് മുമ്പായിരുന്നു ഏറ്റുമുട്ടൽ. കരിങ്കൊടി കാട്ടാൻ ഇരുപതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുനലൂർ-മൂവാറ്റുപുഴ പാതയില്‍ വലിയകലുങ്കിന് സമീപം കാത്തുനില്ക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് എം.ജി. കണ്ണൻ, സംസ്ഥാന സെക്രട്ടറി അഡ്വ. സാംജി ഇടമുറി, ഷിബി താഴത്തില്ലത്ത്, റിജോ തോപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിക്കാനെത്തിയത്. കാറിലെത്തിയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇവരെ തിരിച്ചറിയുകയും തുടർന്ന് സംഘർഷവുമുണ്ടായി. 20 മിനിറ്റോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് വണ്ടിയില്‍ കയറ്റി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതേസമയം, ആക്രമണം നടത്തിയ സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
മുഖ്യമന്ത്രി വൈകി; പ്രളയാനുഭവങ്ങൾ പങ്കുവെച്ച് മന്ത്രി പ്രസാദ്
പത്തനംതിട്ട: നവകേരള സദസ്സിലെ മുഖ്യപ്രഭാഷകനും മുഖ്യ ആകർഷകേന്ദ്രവുമായ മുഖ്യമന്ത്രി പിണറായി വിജയൻ സമയത്തിൽ പാലിക്കുന്ന നിഷ്കർഷ ശത്രുക്കൾപോലും അംഗീകരിക്കുന്നതാണ്. വാക്ചാതുരിയിൽ മന്ത്രി പി. പ്രസാദിനെ കടത്തിവെട്ടാൻ മറ്റാരുമില്ല. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പ്രഭാഷകനായി എത്തുംമുമ്പ് 11 മണിക്ക് യോഗം തുടങ്ങി. എല്ലാ യോഗത്തിലൂം മൂന്നു മന്ത്രിമാരാണ് സംസാരിക്കേണ്ടത്. തിങ്ങിനിറഞ്ഞ സദസ്സിലേക്ക് ആദ്യമെത്തിയത് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വീണ ജോര്‍ജാണ്. സ്ഥലം എം.എൽ.എ കൂടിയായതിനാൽ അവർ സംസാരിച്ചു. വ്യവസായ മന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവും സംസാരിച്ചതിനു പിന്നാലെ കൃഷിമന്ത്രി പി. പ്രസാദാണ് നിശ്ചയിച്ച മറ്റൊരു പ്രസംഗകൻ. എന്നാൽ, 12.15 വരെ യോഗം നീണ്ടതോടെ മുഖ്യമന്ത്രി എത്തുമെന്ന സൂചന ലഭിച്ചു. മന്ത്രി പ്രസാദ് പ്രസംഗിക്കണോ വേണ്ടയോ എന്ന സംശയത്തിലായി. ഇതിനിടെ വേദിയിലെത്തിയ പിണറായി വിജയൻ, അനുമതി നൽകിയതോടെ പി. പ്രസാദ് അൽപം വാക്കുകളിൽ പ്രസംഗം തുടർന്നു.
പ്രളയകാലത്തെ അനുഭവങ്ങളും മഴക്കിടയിലും നിറഞ്ഞുകവിഞ്ഞ പന്തലും പരാമർശിച്ച് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് തിരുവല്ലയിലെ ആദ്യ യോഗത്തിലും മുഖ്യമന്ത്രിയുടെ അനുമതിയോടെ മന്ത്രി പി. പ്രസാദ് പ്രസംഗം തുടർന്നിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാതയോഗത്തില്‍ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിച്ചിരുന്നു.
തുടർന്ന് വാർത്തസമ്മേളനവും നടത്തിയാണ് മുഖ്യമന്ത്രി പിണറായി ഉച്ചക്ക് 12.15ന് ജില്ല സ്റ്റേഡിയത്തിൽ എത്തിയത്. മുക്കാൽ മണിക്കൂർ പ്രസംഗിച്ച് ഒരുമണിയോടെ മുഖ്യമന്ത്രി വേദി വിട്ടു.
നവകേരള സദസ്സിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യവും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. നിവേദനം സ്വീകരിക്കാൻ 20 കൗണ്ടർ ഒരുക്കിയിരുന്നു. മുഴുവന്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നതുവരെയും കൗണ്ടര്‍ പ്രവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.