ജീവനക്കാർ ‘നവകേരള’ നെട്ടോട്ടത്തിൽ; ഓഫിസുകൾ കാലി: പൊറുതിമുട്ടി ജനം
text_fieldsനവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് സംസ്ഥാനത്ത് നവകേരള സദസ്സ്. ജില്ലയിൽ ഡിസംബർ 16, 17 തീയതികളിലാണ് പര്യടനം. ഡിസംബര്‍ 16ന് വൈകീട്ട് ആറിന് തിരുവല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 17ന് മറ്റ് നാലു നിയമസഭ മണ്ഡലങ്ങളില്‍ ബഹുജനസദസ്സ് നടക്കും. നവകേരള നിര്‍മിതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും കൂടുതല്‍ സംവദിക്കാനുമാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സദസ്സുകൾ.
പത്തനംതിട്ട: ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സംസ്ഥാന പര്യടനമായ നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലായതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിൽ. ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേർന്ന് നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപവത്കരിക്കുന്ന തിരക്കിലാണ്. മുഴുവൻ ജീവനക്കാരും ഇതിന്റെ പിറകെയാണിപ്പോൾ. ശനിയാഴ്ച പത്തനംതിട്ട നഗരസഭ ഓഫിസിൽ വിവിധ ആവശ്യങ്ങളുമായി വന്നവർക്ക് ഒഴിഞ്ഞ കസേരകളാണ് കാണാൻ കഴിഞ്ഞത്. ജീവനക്കാർ എല്ലാവരും സമീപ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി യോഗത്തിലായിരുന്നു. നഗരസഭയിൽ ഏറെനേരം കാത്തുനിന്ന് വിഷമിച്ചവർ തിരികെ പോകുകയായിരുന്നു. എല്ലാ ജീവനക്കാരും യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശമുള്ളത്. ഇതുതന്നെയാണ് ഗ്രാമ പഞ്ചായത്തുകളുടെയും അവസ്ഥ. പരിപാടി വിജയിപ്പിച്ചില്ലെങ്കിൽ സ്ഥലംമാറ്റം ഉൾപ്പെടെ നടപടി നേരിടേണ്ടി വരുമെന്ന് ജീവനക്കാർ ഭയക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മണ്ഡല പര്യടത്തിന് വിപുലമായ സൗകര്യം ഒരുക്കണമെന്നാണ് നിർദേശം. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ സംഘാടക സമിതി രൂപവത്കരിച്ചു. താഴെ തട്ടിലുള്ള സമിതി രൂപവത്കരണമാണ് ഇപ്പോൾ നടക്കുന്നത്.
പരിപാടി വിജയിപ്പിക്കണമെങ്കിൽ ഫണ്ടും കണ്ടെത്തണം. പഞ്ചായത്തുകൾക്ക് 50,000, േബ്ലാക്ക് പഞ്ചായത്തിനും നഗരസഭകൾക്കും ഒരുലക്ഷം, ജില്ല പഞ്ചായത്തിന് മൂന്നുലക്ഷവും തനത് ഫണ്ടിൽനിന്ന് ചെലവഴിക്കാം. എന്നാൽ, ചെലവ് ഇതിനും അപ്പുറമായതിനാൽ വേറെ തുക കണ്ടെത്തണമെന്നാണ് ജീവനക്കാർ പറയുന്നത്.
കൂപ്പൺവെച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല. സ്പോൺസർമാരെ കണ്ടെത്തണം. പ്രചാരണം കൊഴുപ്പിക്കണമെന്നാണ് നിർദേശം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസസ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എ.സി വേണമെന്നും നിർദേശത്തിൽ പറയുന്നു. സ്വീകരണ സ്ഥലത്ത് ബാൻഡ് സെറ്റും ഉണ്ടാകണം. ആകർഷകമായ രീതിയിലായിരിക്കണം സ്റ്റേജിലെ പശ്ചാത്തലമെന്നുമുണ്ട്. സ്പോൺസൺമാരെ കാണാൻ പാർട്ടി നേതാക്കളും മറ്റും രംഗത്തിറങ്ങിയിട്ടുണ്ട്. പരിപാടിക്ക് പങ്കാളിത്തംതേടി ഓരോ വീട്ടിലും മുഖ്യമന്ത്രിയുടെ ക്ഷണക്കത്തും എത്തിക്കാനാണ് ശ്രമം.
പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേരെയും ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെയും പങ്കെടുപ്പിക്കണമെന്നാണ് നിർദേശം. ആളെക്കൂട്ടുന്നതിന് കുടുംബശ്രീകൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും നിർദേശം നൽകിക്കഴിഞ്ഞു.
വാർഡ് അടിസ്ഥാനത്തിൽ ഇനി സംഘാടക സമിതിയും വീട്ടുമുറ്റ സദസ്സുമുണ്ട്. ഇതിൽ സർക്കാറിനെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുന്നവർക്ക് പരിശീലനവും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.