അയൽവാസി തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസിൽ; സഹോദരങ്ങൾക്ക് കഠിനതടവ്
text_fieldsപത്തനംതിട്ട: യുവാവ് തലക്കടിയേറ്റ് മരിച്ച കേസിൽ സഹോദരങ്ങൾക്ക് അഞ്ചുവർഷത്തെ കഠിനതടവും 31,000 രൂപ വീതം പിഴയും. കല്ലൂപ്പാറ കടമാൻകുളം കടമാൻകുളത്ത് വീട്ടിൽ അഭിലാഷ് (വാവച്ചൻ -36), സഹോദരൻ അശോകൻ (കൊച്ചുമോൻ- 32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അയൽവാസിയായ കടമാൻകുളത്തെ ബിജുവാണ് (42) ഇവരുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി നാല് ജഡ്ജി പി.പി. പൂജയാണ് വിധി പറഞ്ഞത്.
2013 ഡിസംബർ 19ന് നടന്ന സംഭവത്തിൽ കീഴ്വായ്പൂര് പൊലീസാണ് കേസെടുത്ത് കുറ്റപത്രം നൽകിയത്. കടമാൻകുളത്തെ മോനച്ചന്റെ ഫർണിച്ചർ കടയിൽ സഹായി ആയിരുന്നു കൊല്ലപ്പെട്ട ബിജു.
സംഭവദിവസം രാത്രി ഒമ്പതോടെ കടയുടെ മുൻവശത്തെ റോഡിൽ മദ്യപിച്ച് അസഭ്യം വിളിച്ചുനിന്നത് ബിജു ചോദ്യം ചെയ്തതോടെ അഭിലാഷ് ഉപദ്രവിക്കാൻ ശ്രമിച്ചു. കടയിലെ മറ്റു ജോലിക്കാർ ചേർന്ന് പിടിച്ചുമാറ്റി. എന്നാൽ, രാത്രി പത്തോടെ സഹോദരൻ അശോകനുമായെത്തി കമ്പും കമ്പിവടിയും ഉപയോഗിച്ച് ആക്രമിച്ച് തലക്കും മറ്റും പരിക്കേൽപ്പിച്ചു. ആദ്യം മനഃപൂർവല്ലാത്ത നരഹത്യശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുതര പരിക്കേറ്റ ബിജു ചികിത്സയിലിരിക്കെ മരണപ്പെട്ടു. നിലവിൽ പത്തനംതിട്ട എസ്.എസ്.ബി ഡിവൈ.എസ്.പിയും അന്നത്തെ കീഴ്വായ്പൂര് എസ്.ഐയുമായിരുന്ന ജി. സന്തോഷ് കുമാറാണ് കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യക്ക് അഞ്ചു വർഷം, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ രണ്ട് വർഷം, കൈകൊണ്ട് മർദനം ഏൽപിക്കൽ ആറു മാസം എന്നിങ്ങനെ ആകെ ഏഴര വർഷമാണ് ശിക്ഷവിധിച്ചതെങ്കിലും ഒരുമിച്ച് അഞ്ചു വർഷം തടവ് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസത്തെ തടവ് കൂടി അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. രേഖ ആർ. നായർ , അഡ്വ. സന്ധ്യ ടി. വാസു എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.