നിരണം ചുണ്ടൻ നീരണിഞ്ഞു
text_fieldsതിരുവല്ല: ആവേശത്തിരതള്ളലിൽ പള്ളിയോടങ്ങളുടെ നാടായ പത്തനംതിട്ടയിലെ ആദ്യ ചുണ്ടൻവള്ളം, നിരണം ചുണ്ടൻ നീരണിഞ്ഞു. ബുധനാഴ്ച രാവിലെ ശിൽപി കോയിൽ മുക്ക് ഉമാ മഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിൽ പമ്പയാറ്റിലെ ഇരതോട് കടവിലാണ് നീരണിയൽ ചടങ്ങ് നടന്നത്. നീരണിയൽ ചടങ്ങിന്‍റെ ഭാഗമായി പുലർച്ച ഗണപതി ഹോമം, തുടർന്ന് വിവിധ മതാചാര പ്രകാരമുള്ള ആരാധനകളും നടന്നു.
തുടർന്ന് ആഘോഷാരവങ്ങളോടെ വള്ളം നീരണിഞ്ഞു. 168 ദിവസങ്ങൾ കൊണ്ടാണ് 128 അടി നീളമുള്ള വള്ളത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിയന്മാരും 85 തുഴക്കാരുമാണ് ചുണ്ടനെ നയിക്കുക. നിരണം ബോട്ട് ക്ലബാണ് വള്ളത്തിന്‍റെ തുഴച്ചിൽക്കാർ. 5000രൂപ മുതൽ അഞ്ചുലക്ഷം വരെയുള്ള ഓഹരിയുടമകളെ കണ്ടെത്തിയാണ് വള്ള നിർമാണത്തിനായി ധനസമാഹരണം നടത്തിയത്.
ശിൽപി ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിൽ നിർമിച്ച 13ാമത് വള്ളമാണ് നിരണം ചുണ്ടൻ. ഇനി നെഹ്റു ട്രോഫി ഉൾപ്പെടെ ഓളപ്പരപ്പിലെ വേഗപ്പോരിൽ പോരാട്ടത്തിന് നിരണം ചുണ്ടനും ഉണ്ടാകും. ആന്‍റോ ആന്‍റണി എം.പി, സംവിധായകൻ ബ്ലസി, തുടങ്ങി നിരവധി പ്രമുഖർ നീരണിയൽ ചടങ്ങിൽ പങ്കെടുത്തു.ചുണ്ടൻ വള്ള നിർമാണ കമ്മിറ്റി ഭാരവാഹികളായ റെജി അടിവാക്കാൽ, ഫാ. തോമസ് പുരക്കൽ, റോബി തോമസ്, കെ.ജി. എബ്രഹാം, അജിൽ പുരക്കൽ, നിരണം രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.