ആംബുലൻസ് ഡ്രൈവർ മുമ്പ് യുവതിയെ വട്ടംകറക്കിയ സംഭവത്തിലും നടപടിയില്ല
text_fieldsപത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിൽ പോകേണ്ട യുവതിയുമായി കഴിഞ്ഞ ജൂൺ 18ന് ആംബുലൻസ് ഡ്രൈവർ രാത്രി മണിക്കൂറുകളോളം നാടുചുറ്റിയ സംഭവം നേരത്തേ പുറത്തുവന്നിരുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ഡ്രൈവർമാരെ നിയന്ത്രിക്കാൻ നടപടിയുണ്ടായില്ല.
ദുബൈയിൽ നിന്നെത്തിയ സംഘത്തെ കെ.എസ്.ആർ.ടി.സി ബസിൽ പത്തനംതിട്ട നഗരത്തിലെ ശബരിമല ഇടത്താവളത്തിലാണ് ആദ്യം എത്തിച്ചത്. അവിടെ നിന്ന് നഗരത്തിലെ തന്നെ അബാൻ ടവർ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് അഞ്ച് മിനിറ്റിനുള്ളിൽ എത്തിക്കാമായിരുന്ന യുവതിയെ ആംബുലൻസിൽ കറക്കിയത് മൂന്ന് മണിക്കൂറോളമാണ്. യുവതി ഉൾപ്പെടെ അഞ്ചുപേരുമായി രാവിലെ ഏഴിനാണ് ശബരിമല ഇടത്താവളത്തിൽനിന്ന് ആംബുലൻസ് പുറപ്പെട്ടത്.
എന്നാൽ, അബാൻ ടവറിൽ യുവതിയെ ഇറക്കാതെ ഇലവുംതിട്ടയിലെയും അടൂരിലെയും ക്വാറൻറീൻ കേന്ദ്രങ്ങളിലേക്കാണ് ആംബുലൻസ് പോയത്. മറ്റുള്ളവരെ ഇവിടങ്ങളിൽ ഇറക്കിയശേഷം പത്തരയോടെയാണ് അബാനിൽ യുവതിയെ എത്തിച്ചത്.
പത്തനംതിട്ട സ്വദേശിയായ യുവതിക്കുവേണ്ടി നേരത്തേ അബാനിൽ മുറി ബുക് ചെയ്തിരുന്നു. സൗകര്യം ഒരുക്കി ക്വാറൻറീൻ ചുമതലയുള്ള ജീവനക്കാരും കാത്തിരിക്കുകയായിരുന്നു. ഇക്കാര്യം ആംബുലൻസ് ഡ്രൈവറെ യുവതി അറിയിച്ചെങ്കിലും മുറിയില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. ഒടുവിൽ നഗരസഭ കൗൺസിലർ ഹരീഷ് ഇടപെട്ടതോടെയാണ് യുവതിയെ അബാനിൽ എത്തിച്ചത്.
വിദേശത്തുനിന്ന് വന്നവർക്ക് കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബസിൽ പത്തനംതിട്ടയിൽ എത്തിയപ്പോൾ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് അയക്കേണ്ട ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നില്ല. സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് തഹസിൽദാർ പറഞ്ഞത്.
ക്വാറൻറീനിൽ പ്രവേശിപ്പിക്കേണ്ടവരുടെ വിവരങ്ങളടങ്ങിയ പട്ടികയിൽ യുവതിയുടെ പേരുണ്ടായിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.