ക്രാഷ് ബാരിയർ സ്ഥാപിക്കാൻ നടപടിയില്ല അപകട ഭീതിയിൽ കെ.ഐ.പി കനാൽ പാതകൾ
text_fieldsഅടൂർ: കല്ലട ജലസേചന പദ്ധതി കനാൽപാതകളിലൂടെയുള്ള വാഹന സഞ്ചാരം അപകടഭീതി സൃഷ്ടിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഗ്നിരക്ഷാസേന റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല. നെല്ലിമൂട്ടിൽപടി -കോട്ടമുകൾ കനാൽ റോഡിൽ കടുവുങ്കൽപടി ഭാഗത്താണ് ഏറെ അപകട സാധ്യതയുള്ളത്.
ഇവിടെ റോഡിനേക്കാൾ ഏകദേശം 65 അടി താഴ്ചയിലാണ് കനാൽ കടന്നുപോകുന്നത്. ഇവിടെ റോഡിന് വീതി കുറവുമാണ്. ഒരേസമയം ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനുള്ള ഇടമേയുള്ളൂ. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ടാറിങ് ഭാഗം വിട്ടുള്ള സ്ഥലം കുത്തനെയുള്ള താഴ്ചയായതിനാൽ വാഹനം മറിയാനുള്ള സാധ്യതയുണ്ട്.
കനാലിനോട് ചേർന്നാണ് റോഡ് കടന്നുപോകുന്നത്. ഈ ഭാഗങ്ങളിൽ റോഡിൽനിന്ന് നോക്കിയാൽ കാണാൻ പറ്റാത്ത വിധം താഴ്ചയിലാണ് കനാൽ. ശ്രദ്ധ ഒന്ന് പാളിയിൽ വലിയ അപകടം സംഭവിച്ചേക്കാം.
ഇവിടെ നേരത്തേ കാർ മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏനാദിമംഗലത്ത് മരുതിമൂട് പള്ളിക്കു സമീപവും അടുത്തിടെ കാർ കനാലിലേക്കു മറിഞ്ഞിരുന്നു. കനാലും റോഡും വേർതിരിച്ച് സംരക്ഷണ വേലിയോ ക്രാഷ് ബാരിയറോ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തീരെ ചെറിയ റോഡായതിനാൽ എതിരെ വരുന്ന വാഹനങ്ങൾ മറികടന്ന് പോകാനും ബുദ്ധിമുട്ടാണ്. വലിയ വാഹനങ്ങളുടെ സഞ്ചാരം പാതയും കനാലിന്റെ സംരക്ഷണഭിത്തിയും തകരാൻ കാരണമാകുന്നതിനാൽ വലിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.