കോന്നി മെഡിക്കൽ കോളജിന് പ്രവർത്തനാനുമതി നിഷേധിച്ചത് അസൗകര്യങ്ങളുടെ പട്ടിക നിരത്തി
text_fieldsകോന്നി: അസൗകര്യങ്ങളുടെ ഒരു പട്ടികതന്നെ ചൂണ്ടിക്കാട്ടിയാണ് കോന്നി മെഡിക്കൽ കോളജിന് നാഷനൽ മെഡിക്കൽ കമീഷൻ അനുമതി നിരസിച്ചത്. ക്ലാസുകൾ ക്രമീകരിക്കുന്നതിന് കെട്ടിടമുണ്ട്. എന്നാൽ, ഫർണിച്ചർ അടക്കം മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ല.
അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി വിഭാഗങ്ങളിൽ ലബോറട്ടറിക്ക് ആവശ്യമായ സൗകര്യങ്ങളില്ല. അധ്യാപകരുടെ എണ്ണം അപര്യാപ്തമാണെന്നും നേരിട്ടുള്ള പരിശോധനക്കുശേഷം പ്രിൻസിപ്പലിന് അയച്ച കത്തിൽ കമീഷൻ വ്യക്തമാക്കുന്നു. പരീക്ഷാകേന്ദ്രമെന്ന നിലയിൽ പരിഗണിക്കാനാകുന്ന കെട്ടിടമാണ് തയാറായിട്ടുള്ളതെന്നും അവിടെ ഫർണിച്ചർ ഇല്ലെന്നും കത്തിലുണ്ട്.
കിടത്തിച്ചികിത്സക്ക് 330 കിടക്ക വേണമെന്നാണ് മാനദണ്ഡം. കോന്നിയിൽ 294 എണ്ണമാണുളളത്. അത്യാഹിത വിഭാഗത്തിൽ 10 കിടക്കയും. ഇവിടെ ജീവൻ രക്ഷാ ഉപകരണങ്ങളായ പൾസ് ഓക്സിമീറ്റർ, ക്രാഷ് കാർട്ട് എന്നിവയില്ല.ചെറിയ ഓപറേഷൻ തിയറ്ററുകൾ അഞ്ചെണ്ണം വേണമെന്നിരിക്കെ മൂന്നെണ്ണം മാത്രമാണ് തയാറായിട്ടുള്ളത്. അസ്ഥിരോഗ വിഭാഗത്തിലും അപര്യാപ്തതകളുണ്ടെന്ന് കഴിഞ്ഞമാസം 21ന് അയച്ച കത്തിൽ പറയുന്നു.
ജീവനക്കാർ, കെട്ടിടങ്ങൾ, ഉപകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ കുറവുകൾ പരിഹരിച്ച് രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.അതേസമയം, നിലവിലെ അപര്യാപ്തതകൾ പരിഹരിച്ച് വീണ്ടും കമീഷനെ സമീപിക്കുമെന്ന് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ പറഞ്ഞു. കത്തിന് മറുപടി നൽകിയെന്നും അടിസ്ഥാന സൗകര്യ വികസനത്തിനും അത്യാവശ്യ ഉപകരണങ്ങൾ വാങ്ങാനും 25 കോടി രൂപ സർക്കാർ അനുവദിച്ചതായും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.