വിഷുവിന് വിഷരഹിത പച്ചക്കറി: പത്തനംതിട്ട ജില്ലയിൽ വിപുല തയാറെടുപ്പ്
text_fieldsപത്തനംതിട്ട: വിഷുവിന് വിഷരഹിത പച്ചക്കറി ഉൽപാദനത്തിന് വിപുല പദ്ധതിയുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും. 160 ഹെക്ടറിൽ കൃഷി നടത്താനും 1280 മെട്രിക്ടൺ പച്ചക്കറി ഉൽപാദിപ്പിക്കാനുമാണ് ലക്ഷ്യം. ആവശ്യമായ വിവിധയിനം പച്ചക്കറിത്തൈകൾ കൃഷിഭവനുകൾ മുഖേന വിതരണം തുടങ്ങി.
കഴിഞ്ഞ വർഷം വിത്തുകളാണ് വിതരണം ചെയ്തത്. എന്നാൽ, അവയുടെ ഗുണമേന്മയിൽ പരാതികൾ വന്നതിനെ തുടർന്നാണ് ഇത്തവണ ഗുണമേന്മയേറിയ തൈകൾ നഴ്സറികളിൽ ഉൽപാദിപ്പിച്ച് സൗജ്യനിരക്കിൽ കർഷകർക്ക് വിതരണം ചെയ്യുന്നത്.
കൃഷിഭവനുകൾ വഴിയും കാർഷിക കർമസേന ബ്ലോക്കുതല സമിതികൾ വഴിയുമാണ് തൈവിതരണം നടക്കുന്നത്. കഴിഞ്ഞ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ജില്ലയിൽ വിജയകരമായി നടപ്പാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വിഷുവിന് വലിയതോതിൽ പച്ചക്കറി കൃഷിക്ക് കൃഷിവകുപ്പ് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ വിഷുവിന് 40 ലക്ഷം പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്. 4200 മെട്രിക് ടൺ പച്ചക്കറി ഉൽപാദനം നേടാനും അന്ന് സാധിച്ചു.
ഓണത്തിന് 22 ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തു. 40.2 ഹെക്ടറിൽനിന്ന് 361 മെട്രിക് ടൺ പച്ചക്കറി ഉൽപാദിപ്പിച്ചു. കനത്ത ചൂട് കാർഷിക മേഖലക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.