നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; വിശദീകരണവുമായി കോളജ് അധികൃതര്‍
text_fieldsപത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജില്‍ നാലാം വര്‍ഷ ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവിന്റെ മരണത്തില്‍ വിശദീകരണവുമായി കോളജ് അധികൃതര്‍. സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന അമ്മുവിന്റെ പിതാവിന്റെ പരാതി ലഭിച്ചിരുന്നുവെന്നും അതിന്മേല് അന്വേഷണം നടത്തി ആരോപണവിധേയരായ മൂന്നു കുട്ടികള്‍ക്ക് മെമ്മോ നല്‍കിയിരുന്നുവെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. ഈ നാലു കുട്ടികളും സുഹൃത്തുക്കളായിരുന്നു. കോളജിന്റെ ഭാഗത്തു നിന്നുളളനടപടികള് എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്നും അറിയിച്ചു.
ഒക്ടോബര്‍ 27 ഞായറാഴ്ചയാണ് അമ്മുവിന്റെ പിതാവ് സജീവിന്റെ പരാതി ലഭിക്കുന്നത്. 28 ന് രാവിലെ 9.30 ന് തന്നെ നാലുപേരെയും വിളിച്ചുവരുത്തി. ഒരു പ്രശ്നവുമില്ലെന്ന് എഴുതി നല്‍കിയാണ് അവര്‍ മടങ്ങിയത്. ഇതില്‍ ഒരു കുട്ടിയുടെ ലോഗ് ബുക്ക് കാണാനില്ലെന്ന് കഴിഞ്ഞ ഏഴിന് പരാതി വന്നിരുന്നു. അതിന് ശേഷമാണ് ടൂര്‍ സംബന്ധിച്ച തര്‍ക്കം ഉണ്ടായത്. അമ്മുവിന് ആത്മഹത്യ ചെയ്യാന്‍ തക്കതായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ക്ലാസ് ടീച്ചറും പറഞ്ഞു. കുട്ടികള്‍ നാലും ഉറ്റ ചങ്ങാതിമാരായിരുന്നു. പ്രശ്നങ്ങള്‍ ക്ലാസില്‍ തന്നെ പറഞ്ഞു തീര്‍ത്തിരുന്നുവെന്നും പറയുന്നു.
കഴിഞ്ഞ് 15 ന് രാത്രി ഏഴിനാണ് വെട്ടിപ്പുറത്തെ എന്‍.എസ്.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് അമ്മു ചാടിയത്. ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. അമ്മുവിന്റേതായി ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഡയറിയുടെ താളില്‍ ഐ ക്വിറ്റ് എന്ന് എഴുതിയിരുന്നു.
കോളജ് അധികൃതരുടെ വാദം തള്ളി കുടുംബം
മൂന്നു സഹപാഠികള്‍ അമ്മുവിനെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി പിതാവ് സജീവ് നല്കിയ പരാതിയില്‍ നടപടിയെടുത്തിരുന്നുവെന്നാണ് അധികൃതര്‍ പറയുമ്പോൾ ഇത് നിഷേധിക്കുകയാണ് അമ്മുവിന്റെ കുടുംബം. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകരില്‍ ചിലരും ഇതിന് ഒത്താശ ചെയ്തിരുന്നുവത്രേ.
പിതാവ് സജീവ് നേരിട്ട് കോളജിലെത്തി നല്‍കിയാണ് പരാതി നല്‍കിയത്. മൈഗ്രേന് പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജില്‍ നിന്നുളള സ്റ്റഡി ടൂറിന് പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു.
പ്രിന്‍സിപ്പലിനെ ഉപരോധിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥിനി അമ്മു എ. സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ചുട്ടിപ്പാറ സീപാസ് കോളജ് പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി നഴ്സിങ് കോളജിലേക്ക് മാര്‍ച്ച് നടത്തി. കോളജ് കവാടത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് രണ്ടു നേതാക്കളെ പ്രിന്‍സിപ്പാളുമായി ചര്‍ച്ചയ്ക്ക് അനുവദിച്ചു. പ്രിന്‍സിപ്പലുമായി സംസാരിക്കുന്നതിനിടെ നേതാക്കള്‍ കൈയില്‍ കരുതിയിരുന്ന എ.ബി.വിപിയുടെ കൊടി പൊക്കിക്കാട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.