സന്നിധാനത്തെ വഴിപാട്: അനാവശ്യ നിർദേശങ്ങൾ പാടില്ലെന്ന് ദേവസ്വം മന്ത്രിയും പ്രസിഡന്റും
text_fieldsശബരിമല: സന്നിധാനത്ത് വഴിപാട് നടത്തുന്ന ഭക്തർക്ക് അനാവശ്യ നിർദേശങ്ങൾ നൽകരുതെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനും പറഞ്ഞു. വ്യാഴാഴ്ച നടന്ന കളഭാഭിഷേകത്തിനുള്ള ദ്രവ്യങ്ങൾ ദേവസ്വത്തിൽനിന്നുതന്നെ വാങ്ങണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ 19 വർഷമായി കളഭാഭിഷേകം നടത്തുന്ന കൊല്ലം സ്വദേശി മനോജ് മറയൂരിൽനിന്ന് ഏറ്റവും നല്ല ചന്ദനം വാങ്ങി അരച്ചാണ് അഭിഷേകത്തിനായി എത്തിച്ചിരുന്നത്.
എന്നാൽ, ബോർഡിന്റെയും കോടതിയുടെയും നിർദേശമുണ്ടെന്നും അതിനാൽ വഴിപാടുകാരൻ കൊണ്ടുവരുന്ന ചന്ദനം അഭിഷേകത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതനുസരിച്ച് മനോജ് ദേവസ്വത്തിൽ 38,400 രൂപ അടച്ച് രസീത് വാങ്ങി. വ്യാഴാഴ്ച അഭിഷേകത്തിന് ദേവസ്വം നൽകിയ ചന്ദനം വേണ്ടത്ര ഗുണനിലവാരം ഇല്ലാത്തതായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് മന്ത്രിയും പ്രസിഡന്റും ഇത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്ന കാര്യം അറിയിച്ചത്.
ഗുണനിലവാരമില്ലാത്ത ചന്ദനപ്പൊടി വാങ്ങി മഞ്ഞളും ചേർത്ത് കലക്കിയാണ് ദേവസ്വം കളഭം ഉണ്ടാക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. മാത്രമല്ല ഇതിലൂടെ വൻ തുകയും ലാഭവിഹിതമായി ഇവർക്ക് ലഭിക്കും. ഗുണനിലവാരമുള്ള ചന്ദനം വാങ്ങി കുങ്കുമപ്പൂവും പനിനീരും പച്ചകർപ്പൂരവും നിശ്ചിത അളവിൽ ചേർത്തരച്ചാണ് അഭിഷേകത്തിനായി കളഭം നിർമിക്കുന്നത്. ഇതിന് ഒരുലക്ഷം രൂപയിൽ കൂടുതൽ വഴിപാടുകാരന് ചെലവുവരും.
ഇത്തരത്തിൽ ചന്ദനം അരച്ചു കൊണ്ടുവന്നാൽ 5000 രൂപയുടെ മാത്രം രസീത് വഴിപാടുകാരൻ എടുത്താൽ മതിയാകുമെന്നിരിക്കെയാണ് ഉദ്യോഗസ്ഥർ തെറ്റായ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.