കാർഷിക സംസ്കാരത്തിന്‍റെ ഓർമകളുമായി ഓമല്ലൂര്‍ വയല്‍ വാണിഭം തുടങ്ങി
text_fieldsപത്തനംതിട്ട: ഓമല്ലൂര്‍ വയലേലകളില്‍ കാര്‍ഷിക സംസ്കാരത്തിന്റെ പുനഃസൃഷ്ടി. കാളകളും കാര്‍ഷിക വിളകളും വില്‍ക്കാനും വാങ്ങാനും എത്തിയവരുടെ തിരക്ക് ഓമല്ലൂരിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടു പോയി.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് മുന്നോടിയായി തിങ്കളാഴ്ച കൊല്ലം വെളിനെല്ലൂരില്‍നിന്ന് ദീപശിഖ പ്രയാണം നടന്നിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചതന്നെ കാളച്ചന്ത ആരംഭിച്ചു.
കാര്‍ഷികവിളകള്‍ വാങ്ങാനും വില്‍ക്കാനുമായി കൊല്ലം, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം ഭാഗങ്ങളില്‍നിന്ന് കര്‍ഷകര്‍ എത്തിയിരുന്നു. ചേന, ചേമ്പ്, കിഴങ്ങ്, ഇഞ്ചി, കാച്ചില്‍, പുളി തുടങ്ങിയ കാര്‍ഷികവിളകളുടെ വന്‍ശേഖരം വിൽപനക്ക് എത്തിച്ചിട്ടുണ്ട്. ഒരുമാസം നീളുന്ന മേളക്കാണ് ചൊവ്വാഴ്ച തുടക്കമായത്. ആദ്യ ആഴ്ചകളില്‍ കാര്‍ഷികവിളകളുടെ വിപണനമാണ് പ്രധാനമായും നടക്കുക. മെച്ചപ്പെട്ട വില കര്‍ഷകന് ലഭിക്കുമെന്നതിനാല്‍ ഓമല്ലൂരിലേക്ക് സാധനങ്ങളുമായി എത്തുന്ന കര്‍ഷകരുടെ എണ്ണവും കൂടുതലാണ്.
ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയുടെ വിൽപനയും സജീവമാണ്. പച്ചക്കറി വിത്തുകള്‍, തെങ്ങിന്‍തൈകള്‍, വാഴവിത്തുകള്‍, പൂച്ചെടികള്‍ എന്നിവയുടെ ശേഖരവും ഉണ്ട്. സെമിനാറുകള്‍, ശിൽപശാലകള്‍, കലാപരിപാടികള്‍ തുടങ്ങിയവയുമായി കര്‍ഷകമേളയായി ഓമല്ലൂര്‍ വാണിഭം മാറിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് പുലികളി അടക്കം കലാരൂപങ്ങളുമായി അരങ്ങേറിയ സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും ഓമല്ലൂരിന് പുതിയ അനുഭവവുമായി. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് ഘോഷയാത്രയില്‍ അണിനിരന്നത്. വിവിധ കലാരൂപങ്ങള്‍, ഫ്ലോട്ടുകള്‍ എന്നിവയും ഘോഷയാത്രക്ക് അകമ്പടിയായി. മിനി സ്റ്റേഡിയത്തില്‍നിന്ന ആരംഭിച്ച ഘോഷയാത്ര മാര്‍ക്കറ്റ് ജങ്ഷഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരദേവി മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.