മല്ലപ്പള്ളി-തിരുവല്ല റോഡിൽ; ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടിയില്ല; അപകടം പതിവ്
text_fieldsമല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടി വൈകുന്നതിനാൽ അപകടങ്ങൾ നിത്യസംഭവമാകന്നു. റോഡിന്റെ ഇരുവശത്തെയും അനധികൃത പാർക്കിങ്ങും റോഡിന്റെ വീതികുറവും വഴിയോര കച്ചവടവും റോഡിലെ കുഴികളുമാണ് ഇവിടെ വാഹനാപകടങ്ങൾ പെരുകാനും ഗതാഗതക്കുരുക്കിനും പ്രധാന കാരണങ്ങൾ. അലക്ഷ്യമായ വാഹന പാർക്കിങ് കാൽനടക്കാർക്കും ദുരിതമാകുകയാണ്.
ഒട്ടേറെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും സർവിസ് നടത്തുന്ന റോഡിൽ എപ്പോഴും തിരക്കുമാണ്. ഈ റോഡിന്റെ വശങ്ങളിലാണ് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ചിലയിടങ്ങളിൽ റോഡിലേക്ക് ഇറക്കി വാഹനം പാർക്ക് ചെയ്യുന്നതിനാൽ മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം പലപ്പോഴും ഏറെനേരം ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു.
നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുമുണ്ട്. വാഹനങ്ങൾ കടന്നുപോകണമെങ്കിൽ പാർക്ക് ചെയ്തവ മാറ്റണം. അതുവരെ മറ്റ് വാഹനങ്ങൾ കാത്തുകിടക്കേണ്ട ഗതികേടിലാണ്.
വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനം ഉണ്ടെങ്കിലും പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. മാർക്കറ്റ് പ്രവർത്തിക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടപ്പാതെ കൈയേറിയുള്ള വഴിയോര കച്ചവടവും പാർക്കിങ്ങും കാരണം നട്ടംതിരിയേണ്ട അവസ്ഥയാണ്. ഇതിനുപുറമെ വാട്ടർ അതോറിറ്റിവക കുഴികളും. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുക്കുന്ന കുഴികളും പൈപ്പ് ലൈൻ പൊട്ടി ഉണ്ടാകുന്ന കുഴികളും ശരിക്കും മൂടാറില്ല. വാഹനങ്ങൾ കയറുമ്പോൾ വലിയ കുഴിയായി മാറുകയാണ്. ടൗണിൽ വൺവേ തീരുന്ന ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് നിരവധി തവണ കുഴികൾ അടച്ചതാണെങ്കിലും വീണ്ടും രൂപപ്പെട്ടു. ടൗണിലെ ഡ്രൈവർമാരുടെ നേതൃത്വത്തിലും കുഴികൾ അടച്ചിട്ടുണ്ട്.
ടൗണിലെയും സമീപങ്ങളിലെയും അനധികൃത പാർക്കിങ് സംബന്ധിച്ച് താലൂക്ക് വികസന സമിതിയിൽ തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുകയാണ്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ടൗണിൽ ഹോംഗാർഡിന്റെയും പൊലീസിന്റെയും സേവനം ലഭ്യമാക്കുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.
മാർക്കറ്റ് പ്രവർത്തിക്കുന്ന തിരക്കേറിയ ദിവസങ്ങളിലെങ്കിലും അവരുടെ സേവനം ലഭ്യമാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.