ഒാണം എത്തി; നാട് ഉണർന്നു
text_fieldsപത്തനംതിട്ട: കോവിഡ് പ്രതിസന്ധിക്കിടെയും ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണത്തിന് ദിവസങ്ങൾ മാത്രമാണുള്ളത്. ശനിയാഴ്ചയാണ് അത്തം. പിന്നെ പത്താം ദിവസം തിരുവോണം. ഓണത്തിെൻറ പ്രധാന ചടങ്ങുകളിൽ ഒന്ന് അത്തപ്പൂക്കളം ഒരുക്കലാണ്. എന്നാൽ, ഇത്തവണ ഓണത്തോടനുബന്ധിച്ച് പൂവിപണിയിൽ കാര്യമായ കച്ചവടം നടക്കില്ല. പൊതു ആഘോഷങ്ങൾ നടക്കാത്തത് കാരണം അത്തപ്പൂവിടൽ വ്യാപകമായി ഉണ്ടാകില്ല. സ്കൂൾ, കോളജ്, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും കലാ കായിക സമിതികളുടെ നേതൃത്വത്തിലും ഇത്തവണ ഓണാഘോഷങ്ങൾ ഇല്ല. ഇത് പൂവ് പോലെയുള്ള ചില വിപണികൾക്ക് കനത്ത നഷ്ടമാണ് വരുത്തി വെക്കുക. ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് വൻതോതിൽ പൂക്കൾ എത്തിയിരുന്നത്.
ജില്ലയിലെ കാർഷിക വിപണികൾ സജീവമായിട്ടുണ്ട്. സെെപ്ലകോ ഔട്ട്ലെറ്റ്കളിലും തിരക്കനുഭവപ്പെട്ടു തുടങ്ങി. താലൂക്ക് കേന്ദ്രങ്ങളിൽ പ്രത്യേകം ഓണച്ചന്തകളും ഉടൻ തുടങ്ങും. കൺസ്യൂമർ ഫെഡിെൻറയും ഓണച്ചന്തകൾ ഉണ്ടാകും. ഇതിനുള്ള സാധനങ്ങൾ ഡിപ്പോകളിൽ സംഭരിച്ച് വരുന്നു. ബാങ്കുകളിലും തിരക്കാണ്. വസ്ത്രവ്യാപാരശാലകളിലും തിരക്കു തുടങ്ങി. ഖാദി, കൈത്തറി വസ്ത്രശാലകളിലും ഓണക്കോടികൾ എത്തിയിട്ടുണ്ട്. പ്രത്യേക ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഖാദി, കൈത്തറി ഷോറൂമുകളിൽ ഓണത്തിനാണ് കൂടുതൽ കച്ചവടം നടക്കുന്നത്. കോട്ടൺ മാസ്കും ഇത്തവണത്തെ പ്രത്യേകതയാണ്. പ്രധാന കേന്ദ്രങ്ങളിൽ കുടുംബശ്രീ വിപണികളും തുടങ്ങുന്നതിനുള്ള തയാറെടുപ്പിലാണ്.
വിൽപനക്കായി ചിപ്സ്, ശർക്കരവരട്ടി, വിവിധ പലഹാരങ്ങൾ, അച്ചാർ, ചമ്മന്തി ഇവയൊക്കെ കുടുംബശ്രീ തയാറാക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം. തിങ്കളാഴ്ച മുതൽ സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയിട്ടുണ്ട്. ജില്ലയിൽ പകുതിയോളം ബസുകൾ കഴിഞ്ഞ ദിവസങ്ങളിൽ സർവിസ് നടത്തി. എന്നാൽ, യാത്രക്കാർ കുറവാണ്. വരും ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് പ്രതീക്ഷിക്കുന്നതായി ബസ് ജീവനക്കാർ പറഞ്ഞു. അല്ലാത്തപക്ഷം ഓണം കഴിഞ്ഞ് വീണ്ടും സർവിസ് നിർേത്തണ്ടി വരും.
കെ.എസ്.ആർ.ടി.സിയിലും യാത്രക്കാർ തീരെ കുറവാണ്. സ്വന്തമായി വാഹനങ്ങൾ ഉള്ളവരാണ് നഗരങ്ങളിൽ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് എത്തുന്നത്. കൃഷി വകുപ്പ് നേതൃത്വത്തിൽ 77 ഓളം ഓണച്ചന്തകൾ 27 മുതൽ 30 വരെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. ഏത്തക്കുലകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. നാടൻ കുലകൾ കുറവാണ്. ഒരു കിലോ നാടൻ ഏത്തക്കായ്ക്ക് 65-70 രൂപ വരെയുണ്ട്. പൊതുവിപണിയിൽ സാധനങ്ങൾക്ക് വില വർധന തടയാൻ നടപടി ആയിട്ടില്ല. പല സാധനങ്ങൾക്കും അമിത വിലയാണ്.
അടുത്ത ദിവസങ്ങളിൽ സർക്കാർ ഏജൻസികളുടെ ഓണച്ചന്തകൾ തുടങ്ങുന്നതോടെ വില വർധന നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഓണച്ചന്തകളിലേക്ക് നാടൻ പച്ചക്കറികൾ കഴിയുന്നത്ര ശേഖരിക്കാൻ കൃഷി വകുപ്പ് ശ്രമിക്കുന്നു. ബാക്കി തമിഴ്നാട്ടിൽനിന്നും എത്തിക്കും. ഓണം പ്രമാണിച്ച് റേഷൻ കടകൾ വഴി സൗജന്യ കിറ്റുകളും വിതരണം തുടങ്ങിയിട്ടുണ്ട്. മഴ മാറിയത് വിപണികൾക്ക് ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്. തിരക്കിനിടയിൽ സാമൂഹിക അകലം പാലിക്കാൻ പലരും ശ്രമിക്കാത്തത് കോവിഡ് ഭീഷണി വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.