വിപണിയിൽ ഓണമേളം; സജീവമായി പഴം-പച്ചക്കറി വിപണി
text_fieldsപത്തനംതിട്ട: ഓണക്കാലമായതോടെ പഴം-പച്ചക്കറി വിപണി ഉണർന്നു. ഏത്തക്ക, പച്ചക്കറി എന്നിവക്ക് വരും ദിവസങ്ങളിൽ ആവശ്യക്കാരേറും. വിപണിയിലെ വിലനിയന്ത്രിക്കാൻ സർക്കാറും ഇടപെടലുകൾ നടത്തുന്നുണ്ട്.
ഏത്തക്കുലക്കെപ്പം പടവലം, പാവക്ക, പയർ തുടങ്ങിയ മറ്റ് പച്ചക്കറികളും വിപണിയിൽ എത്തിക്കുന്ന തിരക്കിലാണ് കർഷകർ. തുടരെയുള്ള മഴയും കാറ്റും കാരണം പച്ചക്കറി കൃഷി കുറഞ്ഞു.
ഉപ്പേരി വിപണിയും സജീവമാകുകയാണ്. ഇപ്പോൾ കിലോ 320 രൂപയാണ് വില. ഓണം അടുക്കുമ്പോൾ വില ഉയരാൻ സാധ്യതയുണ്ട്. മിക്കവരും പാക്കറ്റ് ഉപ്പേരിയും പാക്കറ്റ് ശർക്കര പുരട്ടിയുമാണ് വാങ്ങുന്നത്. ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കിയതിനോടാണ് മലയാളിക്ക് താൽപര്യം. വെളിച്ചെണ്ണ വിലയും ഉയരുകയാണ്. വെളിച്ചെണ്ണക്ക് കിലോ 220 രൂപ വരെയായിട്ടുണ്ട്.
സജീവമായി ഏത്തക്കുല വിപണി
ഏത്തവാഴക്കുല വിപണി ഉണർന്നു. ഓണ വിപണി ലക്ഷ്യമിട്ട് കർഷകർ ഏത്തക്കുലയുടെ വിളവെടുപ്പ് തുടങ്ങി. കഴിഞ്ഞദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും ജില്ലയുടെ പല ഭാഗത്തെയും ഏത്തവാഴകൾ വ്യാപകമായി നശിച്ചിരുന്നു. ഇതോടെ ജില്ലയിൽ ഇത്തവണ നാടൻ ഏത്തക്കുലകൾ കുറവാണ്. പാളയൻ, ഞാലി, പൂവൻവാഴകളും വ്യാപകമായി നശിച്ചിരുന്നു. പഴങ്ങൾക്കും വിപണിയിൽ വില വർധനവുണ്ട്.
വരും ദിവസങ്ങളിൽ മറുനാടൻ ഇനങ്ങളും എത്തിത്തുടങ്ങും. ഇത്തവണ വയനാട് മേഖലയിൽനിന്ന് കുലകൾ കുറയുമെന്നാണ് സൂചന. ജില്ലയിൽ സ്വാശ്രയ കർഷക വിപണികളിൽ ഏത്തക്കുലക്ക് കഴിഞ്ഞ വിപണി ദിവസം 55 രൂപ വരെ വില കർഷകർക്ക് ലഭിച്ചിരുന്നു. ഒരു മാസം മുമ്പ് ഒരു കിലോ ഏത്തക്കയുടെ വില 80 രൂപയിൽ എത്തിയിരുന്നു. ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
കാർഷിക വിപണികളിൽ 1000 മുതൽ 2000 കിലോ വരെ വാഴക്കുലകൾ കർഷകർ എത്തിക്കുന്നുണ്ട്. നാടൻ കുലകൾക്ക് പ്രിയമേറെയാണ്. എന്നാൽ, ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ നാടന് ക്ഷാമം നേരിടുകയും വില ഉയരുകയും ചെയ്യും. ശക്തമായ മഴയിൽ വാഴക്കൃഷിക്ക് നാശം നേരിട്ടിരുന്നു. ഇടനിലക്കാരില്ലാതെ ഏത്തക്കുല വിളവെടുത്ത് കൃഷിയിടങ്ങളിൽ വിൽപനയുണ്ട്. വരും ദിവസങ്ങളിൽ പൊതുവിപണികളും സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പ്രധാന നഗരങ്ങളിലെ റോഡ് സൈഡുകളിലും ഏത്തക്കുല കച്ചവടം തുടങ്ങും.
ഹോർട്ടികോർപ്പിന്റെ 103 വിൽപനശാലകൾ
പത്തനംതിട്ട: ഓണത്തിന് കുറഞ്ഞ വിലക്ക് ഗുണമേന്മയേറിയ പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 103 വിൽപനശാലകൾ പ്രവർത്തനം തുടങ്ങും. വിപണിയിൽ 30 ശതമാനം കിഴിവോടെ ജനങ്ങൾക്ക് ലഭ്യമാക്കും. കൃഷിഭവൻ നേതൃത്വത്തിൽ 57ഉം ഹോർട്ടികോർപ്പിന്റെ നേരിട്ടുള്ള സ്റ്റാളുകൾ വഴിയും ഫ്രാഞ്ചൈസി മുഖേനയും വിപണന ശാലകൾ പ്രവർത്തിക്കും. സെപ്റ്റംബർ 11, 12, 13, 14 തീയതികളിൽ ജില്ലയിലുടനീളം ഇവയുടെ പ്രവർത്തനമുണ്ടാവും.
ജില്ലയിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്നതും തെങ്കാശിയിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുത്തുന്ന പച്ചക്കറിയും വിപണനശാലകളിലുടെ ലഭ്യമാക്കും.
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട മേഖലകളിൽനിന്ന് ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, കോളിഫ്ലവർ അടക്കമുള്ളവയും ലഭ്യമാക്കാൻ നടപടി പൂർത്തിയായതായി ഹോർട്ടികോർപ്പ് അധികൃതർ അറിയിച്ചു. കർഷകരിൽനിന്ന് സാധാരണ വാങ്ങുന്നതിൽനിന്നും 10 ശതമാനം കൂട്ടിയാണ് ഇത്തവണ പച്ചക്കറി ഉൽപന്നങ്ങൾ ശേഖരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.