വിലക്കുറവുമായി ഓണം മേള തുടങ്ങി
text_fieldsപത്തനംതിട്ട: സർക്കാറിന്റെ വിപണി ഇടപെടലിന്റെ ഭാഗമാണ് ഓണം ഫെയറുകളെന്ന് മന്ത്രി വീണ ജോര്‍ജ്. ജില്ല ഓണം ഫെയര്‍ 2023 പത്തനംതിട്ട മണിയാറ്റ് പ്ലാസ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഫെയറുകള്‍ സംഘടിപ്പിക്കുകയാണ്. എഴുപതോളം ഇനങ്ങള്‍ പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ ഫെയറുകളില്‍ ലഭ്യമാകും. ബ്രാന്‍ഡ് ഉൽപന്നങ്ങളും പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ ലഭിക്കും. ഏഴുവര്‍ഷമായി 13 അവശ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ വില കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസിയായ കെ.രാജന് സാധനങ്ങള്‍ നല്കി മന്ത്രി ആദ്യവില്പന നടത്തി.
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പറേഷൻ ശനിയാഴ്ച തുടങ്ങിയ മേള 28 വരെ നടക്കും. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്ക, മില്‍മ ഉൽപന്നങ്ങള് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉൽപന്നങ്ങള്ക്ക് അഞ്ചുശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും.
2500 സ്ക്വയര്‍ ഫീറ്റില്‍ ശീതീകരിച്ച സ്റ്റാളിലാണ് ഫെയര്‍ നടക്കുന്നത്. യോഗത്തിൽ നഗരസഭാ കൗണ്‍സിലര്‍ മേഴ്സി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്, ജില്ല സപ്ലൈ ഓഫിസര്‍ എം.അനില്‍, സപ്ലൈകോ ജില്ല ഡിപ്പോ മാനേജര്‍ എ.ദിലീപ് കുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ എ.ഷാജു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്, എന്‍.സി.പി പ്രതിനിധി എം.മുഹമ്മദ് സാലി, കോണ്‍ഗ്രസ്-എസ് ജില്ല ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് രാജു നെടുവംപുറം, ആര്.എസ്.പി ജില്ല സെക്രട്ടറി അഡ്വ.കെ.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.