നാടും നഗരവും ഉത്രാടപ്പാച്ചിലിൽ വീർപ്പുമുട്ടി; മലയാളിക്ക് ഇന്ന് സമൃദ്ധിയുടെ പൊന്നോണം
text_fieldsപത്തനംതിട്ട: മലയാളികൾ കാത്ത് കാത്തിരുന്ന ആ ദിനം വന്നെത്തി. ഇന്നാണ് തിരുവോണം. ഉത്രാട നാളായ ശനിയാഴ്ച വഴിയോരങ്ങൾ ഉത്സവത്തിരക്കിലായിരുന്നു. നാടും നഗരവും ഉത്രാട പാച്ചിലിൽ വീർപ്പുമുട്ടി. അത്തം മുതലുള്ള ആദ്യദിനങ്ങൾ മൂടാപ്പിലായിരുന്നെങ്കിലും മഴ മാറിനിന്ന നാല് ദിവസങ്ങളായിരുന്നു കഴിഞ്ഞത്.
അതുകൊണ്ട് തന്നെ ഉത്രാട ചന്തയും ഉഷാറായി. നഗര-- ഗ്രാമ വ്യത്യാസമില്ലാതെ വിപണികളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്കായിരുന്നു. തിരുവോണ ദിവസത്തേക്കുള്ള പച്ചക്കറിയും മറ്റു വിഭവങ്ങളും വാങ്ങാനായിരുന്നു തിരക്ക്.
ഏത്തക്കുല ഉൾപ്പെടെ പച്ചക്കറിക്ക് സാധാരണ ഉണ്ടാകുന്ന വിലക്കുതിപ്പ് ഇക്കുറിയുണ്ടായില്ല. വയനാടൻ കുലകൾ ധാരാളമായി എത്തി. ഏത്തൻക്കുല വിലകൂടാതെ നിന്നതിനാൽ ഉപ്പേരിയും ശർക്കരപെരട്ടിയും മറ്റും കൂടുതൽ വീടുകളിലും സ്വന്തമായി തയാറാക്കി. നാട്ടിൻപുറങ്ങളിൽ ഇത്തവണ ഒട്ടേറെ പൂന്തോട്ടങ്ങൾ വിരിഞ്ഞതിനാൽ അധികം മറുനാടൻ ഇല്ലാതെ വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങൾ തീർത്തു. ജമന്തിയും വാടാമല്ലിയും അരളിയുമെല്ലാം പൂക്കളങ്ങളെ സുന്ദരമാക്കി.
ഓണക്കോടിയെ പോലെ, കമ്പനികളുടെ ആകർഷമായ ഓഫറുകളിൽ ഇലക്ട്രോണിക് സാധനങ്ങൾ സ്വന്തമാക്കുനുള്ള നെട്ടോട്ടവുമുണ്ടായി. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ, ബാങ്കുകൾ നൽകുന്ന തവണ വ്യവസ്ഥയും ജനത്തിന് കൂടുതൽ സാധനങ്ങൾ വാങ്ങികൂട്ടുന്നതിന് സഹായമായി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളെ പോലെ തന്നെ വഴിയോരത്തും മറുനാട്ടുകാരുടെ തുണിത്തരങ്ങളും നിരന്നു.
അതവർക്കും ഓണമായി. വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഓണ പരിപാടികളും സദ്യയുമുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഒരുക്കാനും പൊലീസിന്റെ പ്രത്യേക ജാഗ്രത എല്ലായിടത്തുമുണ്ടായിരുന്നു. ഓണ ദിവസങ്ങളിൽ മിക്ക സ്ഥലങ്ങളിലും ക്ലബുകളുടെ നേതൃത്വത്തിൽ ഓണ പരിപാടികൾ നടക്കുന്നുണ്ട്. നീരേറ്റുപുറം, അയിരൂർ, ആറൻമുള സ്ഥലങ്ങളിൽ പമ്പാനദിയിൽ ജലമേളകളും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.