ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ്; ഒന്നാം പ്രതി പിടിയിൽ
text_fieldsപത്തനംതിട്ട: ഓൺലൈൻ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപ കബളിപ്പിച്ച കേസിൽ ഒന്നാം പ്രതി കോയിപ്രം പൊലീസിന്റെ പിടിയിലായി. ഹരിയാനയിലെ ഗുരുഗ്രാം ജില്ല ജയിലിൽ ആറുമാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹരിയാന ഭിവനി ഹുഡാ സെക്ടർ 13, ഹൗസ് നമ്പർ 588ൽ താമസം കുൽദീപിന്റെ മകൻ അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. ഉത്തർ പ്രദേശിലും ഹരിയാനയിലും ഇയാൾക്ക് സമാന കേസുണ്ട്.
കോയിപ്രം കടപ്ര മലകുന്നത്ത് ചരിവുകാലായിൽ ജോമോൻ വർഗീസിന്റെ 5,14,533 രൂപയാണ് അഖിൽ ഉൾപ്പെടുന്ന തട്ടിപ്പുസംഘം കബളിപ്പിച്ചെടുത്തത്. ജോലി ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തില്ല. കഴിഞ്ഞവർഷം ഡിസംബർ 24നാണ് ഓൺലൈൻ ജോലി നൽകാമെന്ന് ഫോണിലൂടെ പറഞ്ഞ് വിശ്വസിപ്പിച്ച് ബന്ധപ്പെടുന്നത്. തുടർന്ന് ഈവർഷം ജനുവരി 10 മുതൽ പലതവണയായി വിവിധ അക്കൗണ്ടുകളിലേക്ക് ഇത്രയും പണം പ്രതികൾ തട്ടിയത്. രണ്ട് അക്കൗണ്ടുകളിലൂടെ അഖിൽ ഒരുലക്ഷം രൂപ കൈമാറിയെടുത്തതായി തെളിഞ്ഞു.
ഇയാളുടെ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ചീഫ് മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. പൊലീസ് കസ്റ്റഡിക്കായുള്ള കോയിപ്രം പൊലീസിന്റെ അപേക്ഷ ഗുരുഗ്രാം സി.ജെ.എം കോടതി അനുവദിച്ചതിനെ തുടർന്നാണ് നടപടി. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് മാർച്ച് 18നാണ് കോയിപ്രം പൊലീസിൽ ജോമോൻ പരാതി നൽകിയത്. തുടർന്ന് എസ്.ഐ സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്തു. കീഴ്വായ്പ്പൂർ എസ്.ഐ സതീഷ് ശേഖർ, തിരുവല്ല സ്റ്റേഷനിലെ എ.എസ്.ഐ ബിനു കുമാർ, കോയിപ്രം സി.പി.ഒ അരുൺകുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.