പത്തനംതിട്ടയിൽ ലാഭത്തിലുള്ളത് 50 സഹകരണ ബാങ്കുകൾ; 15 എണ്ണം അടച്ചുപൂട്ടലിന്‍റെ വക്കിൽ
text_fieldsപത്തനംതിട്ട: ജില്ലയിലെ സഹകരണ ബാങ്കുകളിൽ ലാഭത്തിൽ പ്രവർത്തിക്കുന്നവ 50 എണ്ണത്തോളം മാത്രം. 15 എണ്ണം പൂർണമായും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ജില്ലയിൽ സഹകരണ മേഖലയിൽ 670 സ്ഥാപനങ്ങളാണുള്ളത്. അതിൽ 200ഓളം എണ്ണമാണ് ബാങ്ക് എന്ന നിലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 50 എണ്ണം മാത്രമാണ് പ്രവർത്തന ലാഭമുണ്ടാക്കുന്നതെന്നാണ് സഹകരണ ജോയന്‍റ് രജിസ്ട്രാർ നടത്തിയ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്.
ജില്ലയിൽ 15 ബാങ്കുകൾ പൂർണമായും നഷ്ടത്തിലാണെന്ന് കഴിഞ്ഞദിവസം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അവതരിപ്പിച്ച കണക്കിലുണ്ട്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം മടക്കിക്കൊടുക്കാൻ കഴിയാത്തവയാണ് മന്ത്രി പറഞ്ഞ 15 എണ്ണം. ഇതിൽ അഴിമതി കണ്ടെത്തിയ ഏഴ് ബാങ്കുകളും പെടും.
വരവും ചെലവും താരതമ്യം ചെയ്താൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ജില്ലയിൽ ഏറെയുണ്ട്. വായ്പ കുടിശ്ശികയുടെ കണക്കുകൂടി ചേർക്കുമ്പോഴാണ് ലാഭത്തിൽ പ്രവർത്തിക്കുന്നവയുടെ എണ്ണം 50 ആയി ചുരുങ്ങുന്നത്. മൂന്നു മുതൽ അഞ്ചുവർഷംവരെ കുടിശ്ശികയുള്ള വായ്പയുടെ 50 ശതമാനം തുക കുടിശ്ശികയായി ഓഡിറ്റിങ്ങിൽ കാട്ടും.
അഞ്ചുവർഷത്തിന് മുകളിൽ കുടിശ്ശികയുള്ള വായ്പകളുടെ തുക പൂർണമായും അതിന്‍റെ അത്രയും കാലത്തെ പലിശയും ചേർത്ത മൊത്തം തുക കിട്ടാക്കടത്തിന്‍റെ ഗണത്തിൽപെടുത്തി നഷ്ടമായി കണക്കാക്കുന്നതിനാലാണ് ബാങ്കുകൾ ഭൂരിഭാഗവും നഷ്ടക്കണക്കിൽപെടാൻ കാരണം. ഒരുമാസത്തെ വായ്പ കുടിശ്ശിക പോലും കുടിശ്ശികയുടെ ഗണത്തിൽപെടുത്തുന്ന ദേശസാത്കൃത ബാങ്കുകളുടേതിന് സമാന ഓഡിറ്റ് രീതിയാണ് ഇപ്പോൾ സഹകരണ ഓഡിറ്റ് വിഭാഗവും അവലംബിക്കുന്നത്.
മുൻ കാലങ്ങളിൽ അഞ്ചുവർഷത്തെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകിട്ടാത്ത വായ്പ തുകകൾ മാത്രമാണ് കുടിശ്ശികയിൽ പെടുത്തിയിരുന്നത്. 10 കോടിയുടെ മൊത്തം വായ്പ കുടിശ്ശികയുള്ള സഹകരണ ബാങ്കിന്‍റെ കണക്കിൽ അതിന്‍റെ പലിശയിനത്തിൽ 10 കോടികൂടി ചേർത്ത് 20 കോടി കുടിശ്ശികയായി കാണുന്നതാണ് ഇപ്പോഴത്തെ ഓഡിറ്റ് രീതിയെന്ന് സഹകരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
അങ്ങനെയുള്ള ബാങ്കുകൾ 21 കോടി നടപ്പ് സാമ്പത്തികവർഷം ലാഭമുണ്ടാക്കിയെങ്കിൽ മാത്രമേ ഒരുകോടി രൂപ ലാഭമുണ്ടാക്കിയെന്ന് കണക്കാക്കൂ എന്നും അവർ പറയുന്നു. അതുതന്നെയാണ് യഥാർഥ കണക്കെന്നും അവർ പറയുന്നു.
അഴിമതി കണ്ടെത്തിയത് ഒമ്പതിടത്ത്
പത്തനംതിട്ട: ജില്ലയിൽ അഴിമതി കണ്ടെത്തിയ സഹകരണ ബാങ്കുകൾ ഒമ്പതെണ്ണമാണ്. പഴകുളം, സീതത്തോട്, മൈലപ്ര, കുമ്പളാംപൊയ്ക, വയലത്തല, ചേത്തക്കൽ, കോന്നി, ചന്ദനപ്പള്ളി, കൊറ്റനാട് എന്നിവയാണവ. ഇതിൽ കുമ്പളാംപൊയ്ക, ചന്ദനപ്പള്ളി, വയലത്തല, പഴകുളം, കൊറ്റനാട്, മൈലപ്ര, സീതത്തോട് എന്നിവ നിക്ഷേപകർക്ക് പണം മടക്കി നൽകാൻ കഴിയാത്തവിധം കടക്കെണിയിൽ കുടുങ്ങിയവയാണ്.
നിക്ഷേപം തിരിച്ചുനൽകാത്തവയുടെ പട്ടികയിൽ എലിമുള്ളുംപ്ലാക്കൽ സഹകരണ സംഘവും
കോന്നി: സഹകാരികളിൽനിന്നും നിക്ഷേപം സ്വീകരിച്ചശേഷം പണം തിരിച്ച് നൽകാത്ത ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് 3105 നമ്പർ എലിമുള്ളുംപ്ലാക്കൽ സർവിസ് സഹകരണ സംഘം.വരുമാനം ഇല്ലാതെ നഷ്ടത്തിലാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. 96 ലക്ഷം രൂപയോളം കടമുണ്ട്. ആറ് വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നതിനുശേഷം പിന്നീട് തെരഞ്ഞെടുപ്പുകൾ നടന്നിട്ടില്ല.
1951 കാലത്താണ് സംഘത്തിന് തുടക്കം കുറിക്കുന്നത്. 1971ൽ കെ. കേശവ പിള്ളയാണ് സംഘം കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. എലിമുള്ളുംപ്ലാക്കൽ, ഞള്ളൂർ, ആവോലിക്കുഴി പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പ്രവർത്തനപരിധി. നിർജീവവും അല്ലാത്തതും ആയി 2000ത്തോളം അക്കൗണ്ടുകളും ഉണ്ടായിരുന്നു. നിലവിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. സംഘത്തിന്റെ പ്രവർത്തനം ലാഭത്തിലാകാൻ അതുംബുംകുളം കേന്ദ്രീകരിച്ച് നീതി സൂപ്പർ മാർക്കറ്റ് ആരംഭിച്ചെങ്കിലും നടത്തിപ്പിൽ വന്ന പാകപ്പിഴയിൽ പൂട്ടി. വളം ഡിപ്പോയും നീതി സ്റ്റോറും നടത്താനുള്ള അനുമതി നിലവിലുണ്ട്.
ഇപ്പോൾ രണ്ട് വർഷമായി പെൻഷൻ തുക മാത്രമാണ് ബാങ്ക് വഴി വിതരണം ചെയ്യുന്നത്. സംഘത്തിന് ജില്ല സഹകരണ ബാങ്ക് 35 ലക്ഷം രൂപ ലോൺ നൽകിയതിൽ 20 ലക്ഷം തിരിച്ചടവുണ്ട്. 25 വർഷത്തോളം യു.ഡി.എഫ് ഭരണസമിതിയും പിന്നീട് ഇടത് പക്ഷവുമാണ് ബാങ്ക് ഭരണത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.