ഓപറേഷൻ ക്ലീൻ സ്ലേറ്റ്; തൊഴിലാളി ക്യാമ്പുകളിൽ പരിശോധന, 48 പേർ അറസ്റ്റിൽ
text_fieldsപത്തനംതിട്ടയിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ്-എക്സൈസ് വകുപ്പുകൾ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധന
പത്തനംതിട്ട: ലഹരി ഉൽപന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഒരു ദിനം നീണ്ട പ്രത്യേക പരിശോധന നടന്നു. പൊലീസ്-എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ 180ഓളം തൊഴിലാളി ക്യാമ്പുകൾ പരിശോധിച്ചു. 48 കേസിലായി 48 പേരെ പിടികൂടി. ഓപറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായാണ് തിരച്ചിൽ. ഡോഗ് സ്കാഡിന്റെ സേവനവും ലഭ്യമാക്കിയിരുന്നു.
ജില്ലയിലെ പ്രധാന അന്തർസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന പ്രദേശങ്ങളായ കണ്ണങ്കര, കുന്നന്താനം, പഴകുളം, തിരുവല്ല, വള്ളംകുളം, കുമ്പഴ, ഏനാത്ത്, കടമ്പനാട്, മണ്ണടിശാല, ഇടമൺ, കോട്ടങ്ങൾ എന്നീ സ്ഥലങ്ങളിൽ പരിശോധന നടന്നു. പത്തനംതിട്ട കണ്ണങ്കര അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പിൽനിന്ന് 12 ഗ്രാം കഞ്ചാവ് കണ്ടെടുത്ത് പശ്ചിമബംഗാള് സ്വദേശിയായ മുഖാരിം (29) അറസ്റ്റിലായി.
പരിശോധനക്കിടെ 1.100 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ആറന്മുളയിലെ ഇയാളുടെ താമസസ്ഥലത്തുനിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ആകെ 1085 പേരെ പരിശോധിച്ചു. നിരോധിത പുകയില ഉൽപന്നങ്ങളുമായും കഞ്ചാവ് ഉപയോഗത്തിനും വില്പനക്ക് കൈവശം വെച്ചതിനും ഉൾപ്പെടെ 48 കേസാണ് രജിസ്റ്റർ ചെയ്തത്.
48 പേർ പിടിയിലായി. കഞ്ചാവ് ബീഡി വലിച്ചതിന് 11 കേസും നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചതിന് 35 കേസും കഞ്ചാവ് വിൽപനക്ക് സൂക്ഷിച്ചതിന് രണ്ടുകേസുമാണ് രജിസ്റ്റർ ചെയ്തത്. 122 പാൻമസാല, 420 ഹാൻസ്, 29 കൂൾ ലിപ്സ് എന്നിങ്ങനെ നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ പിടിച്ചെടുത്തു.
കഞ്ചാവുമായി പിടിയിലായ ഷാരൂഖ് ഷജീബ്
ലഹരി വിപത്തിനെതിരെ ബഹുമുഖ നിയമനടപടി തുടരുന്നതായി ജില്ല പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു. പത്തനംതിട്ട തൈക്കാവ് സ്കൂളിനടുത്തുനിന്ന് യുവാവിനെ പത്തനംതിട്ട പൊലീസ് 10 ഗ്രാം കഞ്ചാവുമായി പിടികൂടി. പേട്ട കിഴക്കുവീട്ടിൽ ഷാരൂഖ് ഷജീബാണ് (21) പിടിയിലായത്.
പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. ലഹരി ഉപയോഗിച്ച നിലയിൽ കണ്ട ഇയാൾ, കഞ്ചാവ് വില്പനക്കായി സൂക്ഷിച്ചതാണെന്ന് പൊലീസിനോട് സമ്മതിച്ചു. പൊലീസ് സംഘത്തെ കണ്ട് ഓടാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുപിടികൂടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.