സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം
text_fieldsപത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യമെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ. ജില്ലയിൽ പ്രധാനമായും മൈലപ്ര, തിരുവല്ല എന്നിവിടങ്ങളിലുള്ള രണ്ട് സ്വകാര്യകമ്പനികളാണ് ഓക്സിജൻ സപ്ലൈ ചെയ്യുന്നത്.
സ്വകാര്യ ആശുപത്രികൾക്ക് ഓക്സിജൻ നൽകുന്നത് നിർത്തിവെക്കാൻ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും നിർദേശം നൽകുകയും സിലിണ്ടറുകൾ പിടിച്ചെടുത്ത് സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ചെയ്യുകയും ചെയ്തു.
പിടിച്ചെടുത്ത ഓക്സിജൻ സിലിണ്ടറുകൾ ജില്ലയിലെ വാർ റൂമുകളിലേക്ക് മാറ്റി. ഓക്സിജൻ ലഭ്യത കുറവുള്ള സർക്കാർ ആശുപത്രികൾക്ക് നൽകാൻ വേണ്ടിയാണ് ഇത്. ഇപ്പോൾ സ്വകാര്യ ആശുപത്രികിൽ ചികിത്സയിലുള്ള വർക്ക് ഓക്സിജൻ ലഭ്യമല്ലാത്ത സ്ഥിതിയാണ്.
കഴിഞ്ഞ രാത്രി ചില ആശുപത്രികൾ ഓക്സിജൻ സിലിണ്ടറിന് നെട്ടോട്ടമോടുകയുണ്ടായി. പത്തനംതിട്ട, തിരുവല്ല, പരുമല , കോഴഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ വലിയക്ഷാമമാണ് അനുഭവപ്പെടുന്നത്. ഈ ആശുപത്രികളിൽ എല്ലാം കോവിഡ് രോഗികൾക്കായുള്ള ചികിത്സയുമുണ്ട്. ഇവരിലും അടിയന്തരമായി ഓക്സിജൻ വേണ്ടവർ ഉണ്ട്. കൂടാതെ മറ്റ് രോഗികൾക്കും ഓക്സിജൻ വേണം.
ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടിക്കായി ആശുപത്രി അധികൃതർ കലക്ടറെ വിവരം അറിയിച്ചു. ബുധനാഴ്ച വൈകീട്ട് പ്രശ്നം പരിഹരിക്കാമെന്ന് കലക്ടർ ആശുപത്രി അധികൃതരെ അറിയിച്ചു. പത്തനംതിട്ടയിലെ ഒരുപ്രമുഖ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച 14 ഓക്സിജൻ സിലിണ്ടറുകളാണ് ലഭിച്ചത്. ഒരുദിവസം ഇവിടെ 60ഓളം സിലിണ്ടാറുകൾ വേണ്ടിടത്താണ് ഇത്രയും ലഭിച്ചത്. ഐ.പി യിൽ 85ഓളം രോഗികളുണ്ട്, ഇതിൽ കോവിഡ് രോഗികളായി 35 പേരുണ്ട്.
ഭൂരിഭാഗം രോഗികൾക്കും ഓക്സിജൻ വേണ്ടവരാണ്. ഒരുരോഗിക്ക് മിനിറ്റിൽ 30 ലിറ്റർ ഓക്സിജനാണ് വേണ്ടിവരുന്നത്. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഗുരുതരരോഗങ്ങളുമായി വരുന്ന രോഗികളെയും പ്രവേശിപ്പിക്കുവാൻ മടിക്കുകയാണ്.
സർക്കാർ ആശുപത്രികളിൽ മൊത്തം 58 വെൻറിലേറ്റർ സൗകര്യമുണ്ട്. 15 എണ്ണത്തിലും കോവിഡ് രോഗികളുണ്ട്. സ്വകാര്യ ആശുപത്രിക്കിൽ 60 വെൻറിലേറ്ററുകളാണുള്ളത്. ഇതിൽ 35 എണ്ണം കോവിഡ് രോഗികളാണ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ജില്ലയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.