സുരക്ഷാ ക്രമീകരണം: പ്രതിഷേധവുമായി പന്തളം നഗരസഭ ശുചീകരണ തൊഴിലാളികൾ
text_fieldsപന്തളം: സുരക്ഷാ ക്രമീകരണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് മുന്നിൽ പ്രതിഷേധവുമായി നഗരസഭ ശുചീകരണ തൊഴിലാളികൾ. പന്തളത്ത് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിെൻറ ഉദ്ഘാടന ചടങ്ങിനിടെയാണ് പ്രതിഷേധം ഉയർന്നത്. ചിറ്റയം ഗോപകുമാർ എം.എൽ.എ ചികിത്സ കേന്ദ്രത്തിെൻറ ഉദ്ഘാടനം നടത്തിക്കഴിഞ്ഞയുടൻ ശുചീകരണ തൊഴിലാളികൾ പ്രതിഷേധവുമായി കലക്ടർ പി.വി. നൂഹിനെ സമീപിച്ചു.
തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം എന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിച്ചത്. നഗരസഭ അതികൃതരുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണം വരുത്താമെന്ന് കലക്ടർ തൊഴിലാളികൾക്ക് ഉറപ്പുനൽകി. നഗരസഭ നിയന്ത്രണത്തിനുള്ള സാനിറ്റേഷൻ സൊസൈറ്റിയിലെ 19 കരാർ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. നഗരസഭ മാലിന്യം നീക്കം ചെയ്യുന്ന കരാർ തൊഴിലാളികളെ തന്നെയാണ് ക്വാറൻറീൻ കേന്ദ്രങ്ങളിലെ ശുചീകരണത്തിനു നിയോഗിച്ചത്. പന്തളത്തെ രണ്ടു നിരീക്ഷണ കേന്ദ്രത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഈ കേന്ദ്രങ്ങളിൽ ശുചീകരണം നടത്തിയ തൊഴിലാളികൾക്ക് നഗരസഭയോ, ആരോഗ്യ വിഭാഗമോ സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നില്ല. പുലർച്ച അഞ്ചു മുതൽ ഉച്ചക്ക് ഒന്നുവരെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്തതോടെ ജോലി സമയം വർധിച്ചതായും പറയുന്നു. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ക്വാറൻറീൻ കേന്ദ്രങ്ങൾ അടക്കം തൊഴിൽ ചെയ്യുന്നതിൽ ആശങ്കയിലാണ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.