പന്തളം നഗരസഭയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു
text_fieldsപന്തളം: നഗരസഭ കാര്യാലയത്തിന് സമീപത്തെ അനധികൃത കെട്ടിടങ്ങൾ പൊലീസ് സംരക്ഷണത്തിൽ പൊളിച്ചുനീക്കി. പന്തളം മാർക്കറ്റ് റോഡിൽ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പോകുന്ന വഴിയിൽ അനധികൃതമായി പണിത ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള നിർമാണമാണ് നഗരസഭ അധികൃതർ പൊളിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ന് മണ്ണുമാന്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പൊളിക്കൽ ആരംഭിച്ചു.
തോന്നല്ലൂർ പാട്ടുകാരൻ തുണ്ടിൽ സാബുവിന്റെ 1.433 സെന്റ്, ആക്കനാട്ടുതുണ്ടിൽ തോമസ് ജോ വർഗീസിന്റെ 1. 28 സെന്റ്, പുല്ലും വിളയിൽ സുരേഷ് കുമാറിന്റെ 2.02 സെന്റിലും നാറാണേത്ത്, സോമന്റെ .84, കൂടാതെ ലക്ഷമിവിലാസം സുരേന്ദ്രൻ പിള്ള, സതി, സോമൻ എന്നിവർ നിർമിച്ച അനധികൃത നിർമാണമാണ് നീക്കം ചെയ്തത്.
പൊളിക്കൽ നടപടികൾ വൈകീട്ടുവരെയും തുടർന്നു. താലൂക്ക് സർവേയർ കൈയേറ്റം അളന്ന് തിരിച്ചതിന്റെ അടിസ്ഥാനത്തിൽ 2022 ഒക്ടോബർ 14ന് നഗരസഭ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയെങ്കിലും ഉടമകൾ അവഗണിച്ചു. പിന്നീട് നാലുതവണ നഗരസഭ നോട്ടീസ് നൽകി ഹിയറിങ് നടത്തി. എന്നിട്ടും നീക്കാത്തതിനാലാണ് തിങ്കളാഴ്ച രാവിലെ പൊലീസ് സാന്നിധ്യത്തിൽ പൊളിക്കാൻ തുടങ്ങിയത്.
പന്തളം നഗരസഭ സെക്രട്ടറി ഇ.ബി. അനിത, നഗരസഭ അസി.എൻജിനീയർ എസ്. രാധിക, റവന്യൂ ഇൻസ്പെക്ടർ വിജയകുമാർ, പന്തളം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ ആശിഷ് തുടങ്ങിയവരും നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, വൈസ് ചെയർപേഴ്സൻ യു. രമ്യ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, രാധ വിജയകുമാർ, കൗൺസിലർമാരായ സൂര്യ എസ്. നായർ, മഞ്ജുഷ സുമേഷ്, ശ്രീലേഖ, പി.കെ. പുഷ്പലത, ശ്രീദേവിയമ്മ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.