പന്തളം മാർക്കറ്റിലെ മാലിന്യത്തിന് തീപിടിച്ചു
text_fieldsപന്തളം: പന്തളം പബ്ലിക് മാർക്കറ്റിലെ മാലിന്യ സംസ്കരണ പ്ലാന്റിന് പടിഞ്ഞാറുവശം മാലിന്യത്തിന് തീപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ മാർക്കറ്റിനോട് ചേർന്ന് സ്ഥലത്തെ കുന്നുകൂടിക്കിടന്ന മാലിന്യത്തിനാണ് തീപിടിച്ചത്. തീയും പുകയും അന്തരീക്ഷത്തിൽ പടർന്നതോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ യാത്രക്കാരും സമീപപ്രദേശത്തുകാരും സ്ഥലത്തുന്ന് മാറി.
ഉടൻതന്നെ നാട്ടുകാരും അടൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നിയന്ത്രണ വിധേയമാക്കി. മാലിന്യത്തിൽനിന്ന് പുക ഇപ്പോഴും ഉയരുന്നുണ്ട്.
പന്തളം പബ്ലിക് മാർക്കറ്റിലെ പഴയ മത്സ്യമാർക്കറ്റിന് പിറകെ വശത്തായിരുന്നു തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അടക്കം നഗരസഭ കൗൺസിലർമാരും സംഭവസ്ഥലത്ത് എത്തിയിരുന്നു. തിങ്കളാഴ്ച പന്തളത്തെ മാലിന്യ കൂമ്പാരത്തെക്കുറിച്ച് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
സമഗ്ര അന്വേഷണം വേണം -യു.ഡി.എഫ്, എൽ.ഡി.എഫ്
പന്തളം: പന്തളം മാർക്കറ്റ് തീപിടിത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫ്. ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം രണ്ടാം തവണയാണ് മാർക്കറ്റിൽ തീപിടിത്തമുണ്ടാകുന്നത്.
ശ്രദ്ധക്കുറവും അനാസ്ഥയുമാണ് രണ്ടാം തവണയും തീപിടിത്തമുണ്ടാകാൻ കാരണം. മറ്റൊരു ബ്രഹ്മപുരമായി മാറുമായിരുന്ന പന്തളം മാർക്കറ്റിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യു.ഡി എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ ,കെ.ആർ. രവി,പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
പന്തളം മാർക്കറ്റിലെ തീപിടിത്തത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ലസിത നായർ ആവശ്യപ്പെട്ടു. മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കുമായിരുന്ന സാഹചര്യമാണ് ഒഴിവായതെന്നും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം മലപോലെ കൂടിക്കിടക്കുന്നത് ഭരണസമിതിയുടെ അലംഭാവമാണെന്നും പന്തളത്തെ ജനങ്ങളുടെ ജീവനും ആരോഗ്യവും സമ്പത്തും ബി.ജെ.പി. ഭരണസമിതി പന്താടുകയാണെന്നും സമഗ്രാന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.