അപകടം പതിവ് എം.സി റോഡിൽ എം.വി.ഡി പരിശോധന ഇന്ന്
text_fieldsപന്തളം: അപകടം പതിവായ എം.സി റോഡിൽ മാന്തുക മുതൽ പറന്തൽ വരെ മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന നടത്തും. ബുധനാഴ്ച രാവിലെ 11നാണ് ഉദ്യോഗസ്ഥസംഘം പരിശോധനക്കെത്തുന്നത്. കഴിഞ്ഞ കുറെ ദിവസമായി ഇടവേളകളില്ലാതെ എം.സി റോഡിൽ അപകടം വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തത് കണക്കിലെടുത്താണ് പരിശോധന. എം.സി റോഡിലെ അപകടങ്ങൾ മുൻനിർത്തി കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കഴക്കൂട്ടം മുതൽ ചെങ്ങന്നൂർ വരെ നീളുന്ന എം.സി റോഡിലെ സുരക്ഷാ ഇടനാഴിയിൽ സുരക്ഷ പോരെന്ന് ദിവസവും നടക്കുന്ന അപകടങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ വ്യത്യസ്ത വാഹനാപകടത്തിൽ എട്ടോളം പേരാണ് എം.സി റോഡിൽ മരണപ്പെട്ടത്. ആഴ്ചയിൽ ചെറുതും വലുതുമായ അഞ്ചോളം അപകടങ്ങൾ ഇടനാഴിയിൽ സംഭവിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പറന്തൽ, കുരമ്പാല, മെഡിക്കൽ മിഷൻ, കുളനട, മാന്തുക എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത്.
ഇടനാഴിയുടെ ഭാഗമായി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളും ട്രാഫിക് പരിഷ്കാരങ്ങളും ഒരുക്കുമ്പോഴും അപകടങ്ങളുടെ എണ്ണം കുറയുന്നില്ലെന്നതാണ് അനുഭവം. സ്ഥിരം അപകടസ്ഥലമായ കുളനട മാന്തുകയിൽ വെളിച്ചക്കുറവും അപകടകാരണമാകുന്നെന്ന പരാതിയുണ്ട്. കുരമ്പാലയിലും മെഡിക്കൽ മിഷനിലും സിഗ്നൽ സംവിധാനം സ്ഥാപിക്കുകയും ബസ്സ്റ്റോപ് ക്രമീകരിക്കുകയും വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. സൂചന ബോർഡില്ലാത്തതിനാൽ മെഡിക്കൽ മിഷനിൽനിന്നും എം.സി റോഡിലേക്ക് പരിചയമില്ലാത്ത യാത്രക്കാർക്ക് വാഹനം തിരിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്.
അപകടങ്ങൾ ഒഴിവാക്കാൻ പൊലീസ്, മോട്ടോർ വാഹനവകുപ്പുകളുടെ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും റോഡിൽ സ്ഥാപിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.