45 വര്‍ഷത്തിന് ശേഷം കുഞ്ഞുപിള്ള ബന്ധുക്കൾക്കരികിൽ തിരിച്ചെത്തി
text_fieldsപന്തളം: 45വര്‍ഷത്തെ വേര്‍പാട്. ഒടുവിൽ 73ാം വയസ്സില്‍ കുഞ്ഞുപിള്ള സഹോദരങ്ങളുടെയും അവരുടെ മക്കളുടെയും സ്നേഹത്തണലിനു കീഴിലെത്തി. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണു കുഞ്ഞുപിള്ള ഇടവേളക്കുശേഷം ജനിച്ച മണ്ണിലേക്കു തിരിച്ചെത്തുന്നത്. കുഞ്ഞുപിള്ള 28ാം വയസ്സിലാണു ചിറ്റപ്പെൻറ മക്കള്‍ ജോലിചെയ്യുന്ന ചണ്ഡിഗഢില്‍ ജോലി തേടിയെത്തിയത്. രണ്ടു വര്‍ഷത്തോളം വീടുമായി കത്തിലൂടെ ബന്ധപ്പെട്ടിരുന്നു. പിന്നീടതു നിന്നെങ്കിലും അവിടെയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. 15 വര്‍ഷങ്ങള്‍ കഴിഞ്ഞു ബന്ധുക്കള്‍ നാട്ടില്‍ തിരിച്ചെത്തിയതിനുശേഷമാണ് ഒരു വിവരവുമില്ലാതായത്.
എ.കെ. പിള്ളയെന്ന പേരിൽ അവിടെ അറിയപ്പെട്ടിരുന്ന കുഞ്ഞുപിള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്തു. ഇൗ സ്ഥാപനങ്ങളില്ത്തന്നെയാണ് അന്തിയുറങ്ങിയത്. പുറത്തുനിന്ന് ഭക്ഷണം കഴിക്കും. അടുത്ത കാലത്ത് അവിടെയൊരു ഹോട്ടലിലാണു ജോലി ചെയ്തിരുന്നത്. ഇത്രയും കാലം ജോലി ചെയ്തെങ്കിലും സമ്പാദ്യമൊന്നുമില്ല. അതെല്ലാം പലരും കൊണ്ടുപോയി. ഇതിനിടെ കരൾ രോഗവും പ്രമേഹവുമെല്ലാം പിടികൂടി. 22 വർഷമായി കരൾ രോഗത്തിനുള്ള മരുന്നുകഴിക്കുന്നു.
രോഗബാധയും അനാഥത്വവും കുഞ്ഞുപിള്ളയെ മാനസികമായി അലട്ടിയതോടെ നാട്ടിലെത്തണമെന്ന ചിന്തയിലായി. എന്നാൽ, വർഷമേറെ കഴിഞ്ഞതിനാൽ വീടു പന്തളത്താണെന്നതല്ലാതെ എല്ലാം വിസ്മൃതിയിലായി. മൂന്നുമാസം മുമ്പ് അടുത്ത സുഹൃത്തുക്കളോട് തനിക്ക് നാട്ടിലെത്തണമെന്ന ആഗ്രഹം അറിയിച്ചു. ഇവര്‍ അവിടെ മലയാള സമാജം പ്രസിഡൻറ് കെ.ആര്. അരവിന്ദാക്ഷനുമായി ബന്ധപ്പെട്ടു. ഇദ്ദേഹം പന്തളം പൊലീസിെൻറ സഹായം തേടി. ഇളയ സഹോദരന് ശ്രീധരെന കണ്ടെത്തി കുഞ്ഞുപിള്ളയുമായി വിഡിയോ കോളിലൂടെ സംസാരിച്ചു.
തുടർന്ന് ശ്രീധരനും മൂത്ത സഹോദരി പരേതയായ ചെല്ലമ്മയുടെ മകന് സുനിലും ചണ്ഡിഗഢിലെത്തി. മൂന്നാം തീയതി അവിടെ നിന്നും െട്രയിനിൽ നാട്ടിലേക്കു യാത്രതിരിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ പന്തളം പൊലീസ് സ്റ്റേഷനിൽ എത്തി. ഉള്ളന്നൂരിൽ സുനിലിെൻറ വീട്ടിലേക്കുപോയി ക്വാറൻറീനിലാണ്. കോവിഡ് പരിശോധന ഫലം അറിഞ്ഞതിനുശേഷമേ കുടുംബവീട്ടിലെത്തുകയുള്ളൂ.
കുഞ്ഞുപിള്ളയുടെ പിതാവ് അയ്യൻ 2007ൽ മരിച്ചു. അമ്മ ചക്കി അഞ്ചുവർഷം മുമ്പും മരിച്ചു. ഇവരുടെ മക്കളിൽ മൂന്നാമനാണ് കുഞ്ഞുപിള്ള. മൂത്ത സഹോദരിയും ഒരു അനുജൻ രാജനും മരിച്ചു. ജീവിച്ചിരിക്കുന്ന സഹോദരങ്ങളായ രാജമ്മയും ജാനകിയും ശ്രീധരനും കുഞ്ഞുപിള്ളയുടെ മടങ്ങിവരവിൽ ഏറെ സന്തോഷത്തിലാണ്.
പന്തളം സ്റ്റേഷനിലെത്തിയ കുഞ്ഞുപിള്ളയെ ജനമൈത്രി പൊലീസും ജനമൈത്രി യൂത്ത് ക്ലബും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എസ്.ഐമാരായ വേണു, റെജി മാത്യു, സന്തോഷ് കുമാർ, എ.എസ്.ഐ പ്രകാശ്, അജിത്, ഉണ്ണികൃഷ്ണൻ, ജനമൈത്രി ബീറ്റ് ഓഫിസർ സുബിക് റഹീം, കെ. അമീഷ്, ജനമൈത്രി യൂത്ത് ക്ലബ് അംഗങ്ങൾ റെജി പത്തയിൽ, രഞ്ജിനി വർഗീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.