പപ്പടത്തിലെ വ്യാജന്മാരെ കണ്ടെത്താൻ ആപ്പ് വരുന്നു
text_fieldsപന്തളം: ഇനി പപ്പടം അകത്താക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കുക! പാത്രത്തിലുള്ളത് ഉഴുന്നും പപ്പടക്കാരവും ഉപ്പും വെള്ളവും മാത്രം ചേരുന്ന ‘പാവം പപ്പടം’ ആവണമെന്നില്ല. പപ്പടക്കൂട്ടത്തിൽ വ്യാജന്മാർ അത്ര വ്യാപകമായിക്കഴിഞ്ഞു. ഉഴുന്നിന്റെ വില കിലോക്ക് 140 ആയതോടെ പലരും പപ്പടമാവിൽ 40 രൂപ വിലയുള്ള മൈദ ചേർക്കുന്നു.
കാഴ്ചയിൽ വ്യത്യാസമില്ല, രുചിയിൽ ചെറുവ്യത്യാസം മാത്രം. മൈദ പപ്പടം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തീർച്ച. 100 ഗ്രാം ഉഴുന്നിൽ ഏകദേശം 18-25 ശതമാനം പ്രോട്ടീനുണ്ട്. ഇത് 100 ഗ്രാം മുട്ടയെക്കാളും പാലിനെക്കാളും ഇരട്ടിയാണ്. ഒരു കിലോ ഉഴുന്നുകൊണ്ട് ഏകദേശം 250, 300 പപ്പടമുണ്ടാക്കാം.
പപ്പടക്കാരത്തിനുമുണ്ട് വ്യാജൻ. പപ്പടക്കാരത്തിന്റെ പകരക്കാരൻ അലക്കുകാരമാണ്. ഇതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ ഈ ഓണത്തോടെ പപ്പടവിപണിയിൽ വ്യാജന്മാർക്കു പൂട്ടുവീഴും.
കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ (കെപ്മ) രണ്ടാഴ്ചക്കുള്ളിൽ പപ്പടത്തിലെ വ്യാജന്മാരെ കണ്ടെത്താൻ പ്ലേ സ്റ്റോറിൽ ‘മുദ്ര’ ആപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അസോസിയേഷന്റെ പരിശോധനയ്ക്കു ശേഷം കവറിൽ കെപ്മ ലോഗോയും അംഗത്വ നമ്പറും രേഖപ്പെടുത്തും.
ആപ്പ് തുറന്ന് നമ്പർ പരിശോധിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ്, മറ്റു വിവരങ്ങൾ, പ്രത്യേകതകൾ, ഉൽപന്ന വിവരം, ചേരുവകൾ എന്നിവ കൃത്യമായി അറിയാം. വ്യാജമെന്ന് തോന്നിയാൽ ഇതുവഴി പരാതി നൽകാനുമാകും. വ്യാജന്മാർക്കൊപ്പം മെഷീൻ പപ്പടങ്ങളും സജീവമായതോടെ പപ്പട നിർമാണം എന്ന കുലത്തൊഴിൽ തന്നെ അന്യമാകുന്ന സ്ഥിതിയിലാണ്. പന്തളത്ത് ‘ഗുരുവായൂർ പപ്പടം’ എന്ന പേരിൽ വ്യാപകമായി ചെറുകിട പപ്പടം യൂനിറ്റുകൾ സജീവമാണ്.
കഴിഞ്ഞ ഓണക്കാലത്ത് 100 പപ്പടം 120 രൂപയ്ക്കാണ് വിറ്റത്. അതേവിലയാണ് ഇപ്പോഴും. ഓണം അടുക്കുന്നതോടെ വില കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. പപ്പടം മാത്രം വിറ്റാൽ ഇന്ന് ജീവിക്കാനാകില്ലെന്നാണ് പപ്പട വ്യാപാരികൾ പറയുന്നത്.
മുളക് പപ്പടം ഉണ്ടാക്കാനും ചെലവേറെയാണ്. കാന്താരിക്കും കുരുമുളകിനുമെല്ലാം തീവിലയാണ്. അതുകൊണ്ട് പുളി, അച്ചാറുകൾ എന്നിവയും ഉണ്ടാക്കിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.